രചന : സാബു കൃഷ്ണൻ*
വർഷ കാല മേഘമേ
ഒഴിഞ്ഞു പോയ കാലമേ
വൃശ്ചികം വരേയ്ക്കു നീ
തൂകിത്തൂറ്റി നിന്നുവൊ.
ശിശിരകാലമേഘമേ
കോടമഞ്ഞു തൂകിയോ
നിശാഗന്ധിപ്പൂക്കളിൽ
മഞ്ഞു മാല ചാർത്തിയോ.
മകരമെത്ര സുന്ദരം
മനോജഞമാം മനോഹരം
നീല വാനിൻ നെറുകയിൽ
പാൽക്കുടം ചരിച്ചുവോ.
മഞ്ഞണിഞ്ഞ കുന്നുകൾ
സാലമരക്കൊമ്പുകൾ
ദേവദാരുച്ചില്ലയിൽ
പാട്ടുപാടും കുരുവികൾ.
കോടമഞ്ഞിൽ മുങ്ങി നിന്ന
പശ്ചിമാംബരങ്ങളിൽ
മണിക്യ ചേല ചുറ്റി
നീല രജനി വന്നുവോ.
തൊടിയിലുള്ള തേൻ മാവിൽ
പൂത്തുലഞ്ഞു മുകുളങ്ങൾ
ഹിമ വന്ന രാവുകൾ
പൂമണത്തിൽ മുങ്ങിയോ.
മകരമേ നീയിന്നു
വന്നതെന്റെ തൊടിയിലോ
തളിരണിഞ്ഞ മാവിലൊ-
രു,പൂങ്കുലയും തന്നുവോ.
മാവു പൂക്കും നാളുകൾ
മഞ്ഞണിഞ്ഞ രാത്രികൾ
ജാലകത്തിനുള്ളിലായ്
വന്നു കേറി തെന്നലും
ഹൃദ്യമായ പൂമണം
പ്രണയ മോഹം നൽകിയോ
സ്‌മൃതിയിലൂടെ കണ്ടു ഞാൻ
മാഞ്ചുവട്ടിലൊരു മുഖം.
വൃക്ഷച്ചോട്ടിലാദ്യമായ്
കരം ഗ്രഹിച്ചു നിന്നു ഞാൻ
ആരും കാണാതാദ്യമായി
. ചുംബനവും നൽകി ഞാൻ
പൂവു തന്ന സുഗന്ധവും
ചുംബനത്തിൻ ലഹരിയും
ഇന്നുമെന്റെയോർമ്മയിൽ
താലമേന്തി നിന്നുവോ.