എന്താ പറയ്യ്യ അല്ലേ.യുവാക്കളിൽ ലൈംഗിക ദാരിദ്ര്യം ഇത്രമേൽ പൂത്തുലയുന്നത് കണ്ടപ്പോൾ നമ്മുടെ വിദ്യാർത്ഥികളെയാണ് ഓർമ്മവന്നത്.കുരുന്നുകൾ മുതൽ കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾക്ക് വരെ ലോകമെമ്പാടും കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്ന ഈ കാലത്ത് ഒരുപക്ഷെ കേരളത്തിൽ മാത്രമേ ഈ സാധ്യത പരിഹസിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും എന്ന് തോന്നിപ്പോവുകയാണ്.
പഠിക്കുന്ന വിദ്യാർത്ഥികളേക്കാൾ താല്പര്യം ഉളുപ്പില്ലാത്ത ഞരമ്പ് രോഗികൾക്കാണ്.അവരുടെ താല്പര്യമോ ഉള്ളിൽ ഒളിപ്പിച്ചുവച്ച ലൈംഗിക ചിന്തകളുടെ ആവിഷ്കാരങ്ങളും.മലയാളിയുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന sexual താല്പര്യങ്ങൾ തികട്ടിവന്നപ്പോൾ നമ്മുടെ തനതായ ഗുരുശിഷ്യ ബന്ധങ്ങളുടെ മേലുള്ള ചെകിട്ടത്തടിയായെ വീക്ഷിക്കാൻ സാധിക്കുന്നുള്ളൂ.അല്പം സൗന്ദര്യവും വസ്ത്രധാരണത്തിൽ മികവും ശാരീരികമായുള്ള ഷേപ്പും കാണുമ്പോൾ മലയാളിയുടെ ലൈംഗിക താല്പര്യങ്ങൾ ഉണരുകയായ്,അതേസമയം അല്പം സൗന്ദര്യക്കുറവും പ്രായക്കൂടുതലും ഉള്ളവർ രക്ഷപ്പെടുന്നുമുണ്ടെന്നത്
ആദ്യം പറഞ്ഞതിന്റെ സാധൂകരിക്കലായേ മനസ്സിലാക്കാൻ സാധിക്കുന്നുള്ളൂ.
എടോ ഞരമ്പുരോഗീ,ഭരണകൂടങ്ങൾ ഇവിടെ നിറവേറ്റാൻ ശ്രമിക്കുന്നത് ഓരോ കുട്ടിയ്ക്കും വിദ്യാഭ്യാസം കൊടുക്കുക എന്നുള്ളതാണ്.ഈ കോവിഡ് കാലത്ത് നിന്റെയൊക്കെ കുട്ടികളുടെ ഭാവിയ്ക്കുവേണ്ടിയാണ്
ഇത്തരത്തിലുള്ള നൂതനമാർഗ്ഗങ്ങളുമായ് അദ്ധ്യാപക സമൂഹവും മുന്നോട്ട് പോവുന്നത്.നിഷ്കളങ്കരായ കുരുന്നുകളെ പഠിപ്പിക്കുന്ന ആ അദ്ധ്യാപകരുടെ ശൈലി കണ്ടപ്പൊഴേ പറയാൻ തോന്നിയതാണ്,എത്ര സുന്ദരമായാണ് അവർ പഠിപ്പിക്കുന്നതെന്ന്.മുതിർന്ന കുട്ടികൾക്ക് ക്ലാസ്സ് കൊടുക്കുന്നവരും എത്ര പക്വതയോടെയാണ് അത് നിറവേറ്റുന്നത്.പഠിക്കുന്ന കുട്ടികളെക്കുറിച്ചോർത്ത് ഞാനും അതിൽ ചിലത് കാണുകയുണ്ടായി.എന്ത് തെറ്റാണ് അവരുടെ ക്ലാസുകളിൽ ഉണ്ടായിരുന്നത്.ഒന്നുമില്ല,വെറും കാമക്കണ്ണുകൾ കൊണ്ട് നോക്കുന്നവർ അവരുടെ ലൈംഗിക താല്പര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പടച്ചുവിടുന്നു,അത്രമാത്രം.ഒന്ന് ചോദിക്കട്ടെ,അങ്ങനെയുള്ള ഈ ടീച്ചർമാരെക്കുറിച്ച് ഈ രീതിയിൽ അഭിപ്രായം പറയാൻ നിങ്ങളൊക്കെ ആരാണ്.പഠിക്കുന്ന കുട്ടികൾക്ക് വേണ്ടത് മികച്ച വിദ്യാഭ്യാസമാണ് അത് അവർ ഭംഗിയായി കൊടുക്കുന്നുണ്ട്.അതിലുപരി ഞരമ്പൻമാരെ നിങ്ങളെ അവർക്ക് തൃപ്തിപ്പെടുത്താനാവില്ല.നിങ്ങളെ തൃപ്തിപ്പെടുത്താനാണോ അവരീ തത്രപ്പാടുകൾ ചെയ്യുന്നത്.
ഒന്ന് നിങ്ങൾ മനസ്സിലാക്കുക,നിങ്ങളുടെ ഭവനങ്ങളിലും പഠിക്കുന്ന കുട്ടികളുണ്ടാവാം.ഒരു പക്ഷെ നിങ്ങളുടെ കൂടെപ്പിറപ്പുകളാവാം,ഒരു പക്ഷെ നിങ്ങളുടെ കുഞ്ഞുങ്ങളാവാം,അവരുടെയൊക്കെ മുൻപിൽ നിങ്ങളീ ചെയ്യുന്ന ചേഷ്ടകൾ അത്യന്തം ലജ്ജാകരമാണ്.നാളെ നിന്റെയൊക്കെ മകനാണ്,മകളാണ് എന്ന് പറയുന്നതിൽ ആ കുരുന്നുകളും ലജ്ജിക്കും.
നിർത്തുക ഈ പോക്ക്.വരാൻ പോകുന്ന സമൂഹത്തെ വീണ്ടും ഈ കെട്ടകാലത്തിന്റെ ദൂഷ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോവാതിരിക്കുക.ഞാനും നീയും വളർന്നുവന്ന ചുറ്റുപാടുകൾ പരസ്‌പര സ്നേഹത്തിന്റെയും അദ്ധ്യാപക വിദ്യാർത്ഥി ബഹുമാനത്തിന്റെ മൂല്യാവബോധങ്ങളുടെയും ആയിരുന്നു.ആ നല്ല സംസ്കാരത്തെ തല്ലിക്കെടുത്താതിരിക്കുക.നാളെയുടെ കുരുന്നുകൾക്ക് മേൽ നിനക്ക് സാധ്യമെങ്കിൽ നന്മകളുടെ വെളിച്ചം വീശുക.സ്വയം നന്നാവുക….
പ്രിയപ്പെട്ട അദ്ധ്യാപക സമൂഹമേ,നിങ്ങളീ പേക്കൂത്തുകളിൽ തളരാതിരിക്കുക.ഈ നെറികെട്ട മ്ലേച്ഛതയെ സാംസ്കാരിക കേരളത്തിന് നാവുള്ളിടത്തോളം കാലം വളരാൻ അനുവദിക്കില്ല.
നിങ്ങൾ നാളെയുടെ മിന്നും താരങ്ങളെ വിദ്യാലയങ്ങളിൽ വാർത്തെടുക്കുന്നതിൽ വ്യാപൃതരാവുക.ആ പരിശ്രമങ്ങൾ സോഷ്യൽ മീഡിയയുടെ ആക്രമണങ്ങളിൽ ഒരിക്കലും ഇല്ലാതാവില്ല.ആയിരം മൂഢർക്ക് തെറ്റുപറ്റിയാലും നിങ്ങൾ വിതറുന്ന അറിവിന്റെ പ്രകാശത്തെ സർവ്വാത്മനാ സ്വീകരിക്കുന്നവർക്ക് കാലമിനിയും വസന്തങ്ങൾ സമ്മാനിച്ചുകൊണ്ടേയിരിക്കും.ഇന്ന് പരിഹസിക്കുന്നവൻ മാനസാന്തരത്തിന്റെ പൂച്ചെണ്ടുകളുമായ് നാളെ നിങ്ങൾക്ക് മുന്നിലേക്ക് വരും.അന്നും നിങ്ങളീ വസന്തത്തിന്റെ വാഹകരാവുക…
നിങ്ങൾക്കെന്റെ സർവ്വാദരങ്ങൾ….
അനൂപ് പെരുവണ്ണാമൂഴി