രാജു വാകയാട്*
പണ്ട് പണ്ട് ഉച്ചക്ക് ചോറും കറിയും ആവാൻ വൈകുമ്പോ അമ്മ കുറച്ച് കഞ്ഞിവെള്ളത്തിൽ വറ്റ് ഊറ്റിയിട്ട് തേങ്ങാപ്പാൽ പിഴിഞ്ഞ് ഒരു കഞ്ഞി ഉണ്ടാക്കിത്തരും അമ്മയുടെ സ്നേഹം അലിഞ്ഞു ചേർന്ന ആ ഒരു രുചി’ ഇന്നും ഓർക്കാൻ വയ്യ —
കഞ്ഞി കുടിക്കുമ്പം നല്ല സ്വാദ് ചിലർക്കൊന്നും തോന്നാറില്ല – ന്നാൽ അത് ഉള്ളിൽ ചെന്നാ ഒരു ഉഷാറ് തരും ശരീരം വിയർക്കും –സാദുള്ളതെല്ലാം ആദ്യം രുചി തരും പിന്നെ അസ്വസ്ഥത ഉണ്ടാക്കും ചിലരുടെയൊക്കെ സ്നേഹം പോലെ —
കഞ്ഞി കഴിഞ്ഞാൽ പിന്നെ ഏറ്റവും ഇഷ്ടം അവിയലാണ് – ചില കല്യാണത്തിനൊക്കെ പോയാ കൂട്ടുകറി വേണ്ട അതിനും കൂടി അവിയൽ തരുമോ എന്ന് ഉളുപ്പില്ലാതെ ചോദിക്കാറുമുണ്ട് —
ചേന പച്ചകായ വെള്ളരി പടവലം കേരറ്റ് മുരിങ്ങാക്കായ പയർ കയപ്പ പച്ചമുളക് അങ്ങനെ എന്തു കഷ്ണങ്ങൾ ഇട്ടാലും രുചി കൂടുന്ന ഒരു വിഭവമാണ് അവിയൽ —
ഭീമസേനനാണ് ആദ്യമായി അവിയൽ ഉണ്ടാക്കിയത്,,
അജ്ഞാതവാസ കാലത്ത് വേഷം മാറി താമസിക്കാൻ വിരാട രാജാവിൻ്റെ കൊട്ടാരമാണ് പാണ്ഡവർ തിരഞ്ഞെടുത്തത് എന്തെങ്കിലും ജോലി തരണം എന്നപേക്ഷിച്ചപ്പോൾ അലിവ് തോന്നിയ രാജാവ് അഞ്ചു പേർക്കും ജോലി കൊടുത്തു
- ഭീമന് പാചകശാലയിലാണ് ജോലി ലഭിച്ചത് – അദ്ദേഹത്തിൻ്റെ തേജസ് കണ്ട് പിന്നിട് തനിക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ രാജാവ് ഭീമനെ ചുമതലപ്പെടുത്തി –
ഊട്ടു പുരക്കാരെ സോപ്പിട്ട് കഷണങ്ങൾ വെട്ടിക്കൊടുത്തും പാത്രങ്ങൾ കഴുകിയും മാത്രം ശീലമുള്ള ഭീമൻ ഏട്ടനായ ഹനുമാനെ മനസിൽ ധ്യാനിച്ച് ബാക്കി വന്ന എല്ലാ കഷ്ണങ്ങളും ഇട്ട് രാജാവിന് ഒരു കറിയുണ്ടാക്കി അത് കഴിച്ച രാജാവ് ഭീമനെ കെട്ടിപിടിച്ച് അഭിനന്ദനങ്ങൾ കൊണ്ട് മൂടി – അതാണത്രെ ഇന്നത്തെ അവിയൽ —
ഇനി ഭീമൻ ഉണ്ടാക്കിയ അവിയൽ രസിപ്പി പറഞ്ഞു തരാം —
മുകളിൽ പറഞ്ഞ കഷണങ്ങളെല്ലാം വേവാനാവശ്യമായ വെള്ളത്തിൽ വേവിക്കുക ചേന ഒറ്റക്ക് ഒന്ന് ആദ്യം വേവിച്ചാലും ഒന്നും സംഭവിക്കില്ല —
തേങ്ങയും ജിരകവും മഞ്ഞൾപ്പൊടിയും പച്ചമുളകും അൽപ് വെള്ളം ചേർത്ത് ചതച്ചപോലെ അരക്കുക – - ചെറിയ ഉള്ളി ചതച്ച് വെളിച്ചണ്ണ ചേർത്ത് ഇളക്കി മാറ്റി വെക്കുക –
അരച്ച കൂട്ടും കറിവേപ്പിലയും വേവിച്ച പച്ചക്കറിയിലിട്ട് കുറച്ച് മിനിട്ട് വേവിച്ച് തൈരും ആവശ്യത്തിന് ചേർത്ത് ഇറക്കി വെക്കുക – അതിലേക്ക് ചെറിയ ഉള്ളി ചതച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ഉപയോഗിക്കാം —
ഒഴിവാക്കാനായി ഈ ലോകത്ത് ഒന്നും തന്നെയില്ല എന്ന തത്വം അവിയൽ നമ്മെ പഠിപ്പിക്കുന്നുണ്ട്-
ഉപ്പ് ഇടാനും അടുപ്പ് കത്തിക്കാനും മറക്കല്ലേ –
NB –രസിപ്പി ചോദിച്ച് ആരും പ്രത്യേകിച്ച് സ്ത്രീകൾ ഇൻബോക്സിൽ വരണ്ട