രചന : ദീപക് രാമൻ.
അമ്മേ നീ അറിയുവാൻ,
നിന്നുദരത്തിലുയിർകൊണ്ട
നിൻ പ്രാണൻ്റെ പാതി ഞാൻ.
പേറ്റുനോവാറിടുംമുൻപുനീ
പൊക്കിൾ മുറിച്ച് ,തെരുവിൽ
ഉപേക്ഷിച്ച ചോരക്കിടാവുഞാൻ…
കൂട്ടിലടച്ചൊരു തത്തയല്ലെന്നു നീ
നിൻമനസാക്ഷിയെ ചൊല്ലിപഠിപ്പിച്ചു.
വെട്ടിമുറിച്ചു നിൻ രക്തബന്ധങ്ങളെ,
തട്ടിത്തെറിപ്പിച്ചു തത്വശാസ്ത്രങ്ങളെ,
പാറിപറക്കുന്ന ചെങ്കൊടി പോലെ
പാരിൽ ഉയർന്ന് പറന്നീടുവാൻ.
ചക്രവാളത്തിനും കുങ്കുമം പൂശുവാൻ
പുത്തൻ മതിലുകളുയർത്തിടുമ്പോൾ!
അമ്മേ അറിയുക ,
നിന്നോമൽകിടാവിനെഒരുനോക്കു-
കാണാതെ,മാറോടുചേർക്കാതെ,
എങ്ങനീരക്തപതാക നീ
ഹൃദയത്തിൽ ചേർത്തുമയങ്ങുമെന്ന്.
അമ്മേ നീ അറിയുക,
വിപ്ലവം കേവലചിന്തയല്ല,
പ്രതീക്ഷകൾ വറ്റിയ മർത്ത്യൻ്റെ
അവസാന ആശ്രയമാണെന്ന നഗ്നസത്യം..
അമ്മേ നീ ഓർക്കുക ഈങ്ക്വിലാബെന്നു-
നീ ആർത്തുവിളിക്കുമ്പോൾ,
അമ്മയെകാണാതെ കരയുന്ന കുഞ്ഞിനെ..
ശിശുദിനമാഘോഷമാക്കുന്ന നാട്ടിൽ
ഈ അമ്മത്തൊട്ടിലിൽ കിടന്നുഞാൻ
അമ്മയെന്നൊന്നുവിളിച്ചിടും മുന്നേ,
ചൊല്ലുക എന്തിന് എന്നെ അനാഥനാക്കി.
അമ്മേ …പറയുക ,നിൻ്റെ ജീവൻ്റെ പാതി-
യാമെന്നെയെന്തിനുനിങ്ങൾ അനാഥനാക്കി.