കഥ : മോഹൻദാസ് എവർഷൈൻ*
അവൾ രാവിലെ ഒത്തിരി പ്രാവശ്യം വിളിച്ചിരുന്നു. അപ്പോഴെല്ലാം ബാങ്കിലെ തിരക്ക് പിടിച്ച ജോലിക്കിടയിൽ ഫോൺ എടുത്ത് നോക്കുവാൻ കൂടി കഴിഞ്ഞില്ല.
കൗണ്ടറിന് പുറത്ത് അക്ഷമയോടെ കാത്ത് നില്കുന്ന കസ്റ്റമേഴ്‌സ് സകല നിയന്ത്രണങ്ങളും വിട്ട് പൊട്ടിത്തെറിക്കുവാൻ ചിലപ്പോൾ അതുമതി.
പിന്നെ മാനേജരുടെ വക ശകാരം, അതെല്ലാം ഓർക്കുമ്പോൾ വരുന്ന കാളുകൾ കണ്ടില്ലെന്ന് വെയ്ക്കുകയെ നിവൃത്തിയുള്ളു.
ലഞ്ച് ബ്രേക്ക് സമയത്ത് ഫോണെടുത്ത് തിരികെ വിളിക്കുവാൻ തുടങ്ങുമ്പോൾ അവളുടെ വിളി വീണ്ടും വന്നു.
“സജു ഫ്രീയാണോയിപ്പോൾ” ആമുഖമെന്നോണം അവൾ ചോദിച്ചു.
“അതെ… എന്താ പ്രശ്നം വല്ലതും ഉണ്ടായോ?.നിന്റെ മൂന്നാല് മിസ്സ്ഡ് കാൾ കണ്ട് തിരിച്ചു വിളിക്കുവാൻ ഞാൻ ഫോൺ എടുത്തപ്പോഴാണ് നിന്റെ കാൾ വന്നത് “.
“ഏയ് പ്രശ്നമൊന്നുമില്ല, എന്നാലും പ്രശ്നമാണ്, അതാ നിന്നെ വിളിച്ചത്.
പണ്ടും നീയാണല്ലോ സങ്കീർണ്ണമായ വിഷയങ്ങൾ വരുമ്പോൾ ഒരു സൊല്യൂഷൻ കണ്ടെത്തുന്നത് “.
ഡയിനിങ് ടേബിളിൽ ടിഫിൻ ബോക്സ് തുറന്ന് വെച്ചിട്ട് മാത്യു സാർ എന്റെ മുഖത്ത് ആകാംഷയോടെ നോക്കിയിരിക്കുകയാണ്.
ഇപ്പോൾ വരാമെന്ന് ഞാൻ കൈമുദ്ര കാണിക്കുമ്പോൾ സാർ ചിരിച്ചു.
“എന്താ വേണി കാര്യം?, ഇന്ന് തിങ്കളാഴ്ചയായതിനാൽ നല്ല തിരക്കുണ്ടായിരുന്നു. അതാ നീ വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നത്”.
“അതെങ്ങനെ പറയുമെന്ന് എനിക്കറിയില്ല സജു,കേൾക്കുമ്പോൾ നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം “.
“എന്തായാലും നീ പറയ്, ചിരിക്കണോ വേണ്ടയോ എന്നറിയാല്ലോ “.
അവൾ ഇങ്ങനെയാണ്, അവളുടെ ഓരോ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കും ഉത്തരം തിരയുന്നത് എന്നോടാണ്.
കോളേജിൽ ഒപ്പം പഠിച്ചിരുന്ന വെറുമൊരു സഹപാഠിയായ് അവളെ മാറ്റിനിർത്തുവാൻ എനിക്ക് കഴിയുമായിരുന്നില്ല.സൗഹൃദത്തിന്റെ നൂലുകൊണ്ട് ഇഴചേർത്ത കൂടെപ്പിറപ്പ് എന്ന് പറയുന്നതാവും ശരി.
ആർട്സിലും, സ്പോർട്സിലും അവളൊട്ടും പിന്നിലായിരുന്നില്ല. ഏത് വലിയ സദസ്സിനെയും ഒരു സഭാകമ്പവുമില്ലാതെ കൈയിലെടുക്കുന്ന അവളുടെ വാക്ക്ചാതുരിയിൽ പലപ്പോഴും അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. അവൾക്ക് രാഷ്ട്രീയത്തിൽ തിളങ്ങാൻ കഴിയുമെന്നും, ഭാവിയിൽ ഒരു എം എൽ എ യോ മന്ത്രിയോ ഒക്കെ ആയേക്കുമെന്ന് അന്ന് തമാശയായും അല്പം കാര്യമായും പറയുമ്പോൾ, അത് കേട്ട് അവൾ പൊട്ടിച്ചിരിക്കും.
“എന്നെപ്പറ്റി എന്തറിഞ്ഞിട്ടാ ഇങ്ങെനെ ഒരു നിഗമനം നടത്തിയത്?,
പെൺകുട്ടികളുടെ ശബ്ദം പുരയ്ക്ക് പുറത്ത് കേൾക്കാൻ പാടില്ലെന്ന് ഇപ്പോഴും കരുതുന്ന, ഇരുൾ മാറാത്തൊരു ചുറ്റുപാടിൽ നിന്നാ ഞാൻ വരുന്നത്. പിന്നെ ഇവിടെ കാണുന്ന ഞാൻ, ഈ ക്യാമ്പസ് വിട്ട് പുറത്തിറങ്ങുമ്പോൾ,അമ്മാവന്മാരുടെ സംരക്ഷണയിൽ വളരുന്ന അച്ഛനും, അമ്മയുമില്ലാത്ത പാവം ഒരു പെൺക്കുട്ടി, ചുട്ടുപൊള്ളുന്ന ആ യഥാർഥ്യത്തിനുള്ളിൽ ഒതുങ്ങുന്നവൾ “.
അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തുമ്പോൾ, എന്തെങ്കിലും മറുപടി പറയുവാൻ കഴിയാതെ അന്ന് ഞാൻ കുഴങ്ങിപ്പോയി.
എങ്കിലും അവളോട് നല്ലൊരു സൗഹൃദം തോന്നി. കോളേജിൽ നിന്ന് പിരിഞ്ഞിട്ടും, അവൾ ഇടയ്ക്കിടെ വിളിക്കുമായിരുന്നു.
അപ്രതീക്ഷിതമായി ഒരു ദിവസം അവൾ നേരിൽ കാണണമെന്ന് പറയുമ്പോൾ സത്യത്തിൽ എന്താണ് കാര്യമെന്നറിയാതെ ഞാൻ അമ്പരന്നു.
ഞാൻ എത്തുമ്പോൾ അവൾ കോഫി ഹൗസിന് മുന്നിൽ കാത്ത് നില്ക്കുന്നുണ്ടായിരുന്നു.
അതിന് മുന്നിലെ വിശാലമായ ബീച്ചിലേക്കും,ആർത്തിരമ്പുന്ന അലകടലിലേക്കും കണ്ണുംനട്ടാണ് അവൾ നിന്നിരുന്നത്.
എന്നെ കണ്ടപ്പോൾ അവൾ ചിരിക്കുവാൻ ശ്രമിച്ചു. അവളുടെ മുഖത്ത്
അകാല വാർദ്ധക്യം ചിത്രപ്പണി തുടങ്ങിയത് പോലെ, നേരിയ രേഖാചിത്രങ്ങൾ കോറിയിട്ടിരിക്കുന്നതായ് എനിക്ക് തോന്നി, എണ്ണമയം തീരെയില്ലാത്ത മുടിയിൽ ഒളിച്ചിരിക്കുന്ന വെളുത്തമുടികൾ കാറ്റിൽ പുറത്തേക്ക് എത്തിനോക്കുന്നുണ്ട്.
“ഞാൻ ലേറ്റായോ?,വാ നമുക്ക് അകത്തിരുന്നു ഒരു കോഫിയും കുടിച്ച് സംസാരിക്കാം “.
ഞാൻ ക്ഷണിച്ചപ്പോൾ അവൾ പറഞ്ഞു.
“വേണ്ട നമുക്ക് ബീച്ചിൽ അല്പം നടന്ന് സംസാരിക്കാം,ഇതിനുള്ളിൽ അത്ര പ്രൈവസി കിട്ടില്ല,ചുറ്റിനും കൊത്തിവലിക്കുന്ന കണ്ണുകളുണ്ടാകും, സഹിക്കാൻ കഴിയില്ല “.
ഒന്നും മനസ്സിലാകാതെ ഞാൻ അവളെ നോക്കി.
“നീ ഒറ്റയ്ക്കാണോ വന്നത്?. അവനെന്താ വരാതിരുന്നത്?. നീ അവനോട് പറഞ്ഞില്ലേ എന്നെ കാണാൻ വരികയാണെന്ന്?”.
കടലിരമ്പങ്ങളിൽ അവൾ എന്റെ ചോദ്യങ്ങൾ കേട്ടതായി ഭാവിച്ചില്ല.
കാല് പുതയുന്ന തീരത്ത് കൂടെ , തിരകൾ തൊടാതെ പ്രത്യേകം ശ്രദ്ധിച്ചു നടക്കുമ്പോൾ അവൾ പറഞ്ഞു.
“എനിക്ക് മടുത്തു സജു, അവനോടൊപ്പം ഇനി ഒട്ടും മുന്നോട്ട് പോകുവാൻ എന്നെ കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല “.
“അതെന്താ പൊടുന്നനെ ഇങ്ങനെയൊരു തീരുമാനം? അവൻ വീണ്ടും പ്രശ്നം ഉണ്ടാക്കിയോ?”.
“നിനക്കറിയാല്ലോ കഴിഞ്ഞയാഴ്ചയാണ് ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് തിരിച്ചു വീട്ടിൽ കൊണ്ട് വന്നത്, ഇതിപ്പോൾ എത്രാമത്തെ പ്രാവശ്യമാ,ഇത്തവണ എന്റെ തലയിൽ തൊട്ട് സത്യം ചെയ്തതാ ഇനി ഒരു തുള്ളി മദ്യം കഴിക്കില്ലെന്ന്, എന്നിട്ട് ഇന്നലെ വീണ്ടും തുടങ്ങി “.
നടത്തതിന് പെട്ടെന്ന് വേഗതകുറച്ച് ഞാൻ ചോദിച്ചു.
“ദേഹോപദ്രവം ഉണ്ടോ ഇപ്പോഴും?”.
എന്റെ ചോദ്യം കേട്ട് യാതൊരു ഭാവഭേദവും കൂടാതെ ഉടനെ തന്നെ അവളുടെ മറുപടി ഉണ്ടായി.
“അതിൽ വലിയ പുതുമയില്ലല്ലോ, അതൊക്കെ പതിവ് കലാപരിപാടിയല്ലേ, സഹിക്കാം, ഇപ്പോൾ വേറൊരു അസുഖം കൂടി തുടങ്ങിയിട്ടുണ്ട്, അപവാദം പറച്ചിൽ, അതിന് ഇന്ന ആളെന്നൊന്നുമില്ല, ആണുങ്ങളോട് മിണ്ടിയാൽ അപ്പോൾ തുടങ്ങും പൂരപ്പാട്ട്, മോളും മോനും കേൾക്കുന്നുണ്ടെന്ന വിചാരം പോലുമില്ലാതെയാ “.
അവനെക്കുറിച്ച് അതൊരു പുതിയ അറിവായിരുന്നു മദ്യപിക്കുമെങ്കിലും ഇങ്ങനെയൊരു നിലവാരത്തകർച്ച ഇതുവരെയും ഇല്ലായിരുന്നു.
“സജുവിനറിയാല്ലോ അന്ന് അവന്റെ വാക്ക് കേട്ട് ജോലി രാജിവെച്ചിരുന്നെങ്കിൽ ഇന്ന് ഞാനും മക്കളും പട്ടിണിയായനെ, അന്ന് നീ ഒരാളാണ് എന്ത് വന്നാലും ജോലി രാജിവെയ്ക്കരുതെന്ന് പറഞ്ഞത് “.
കരയെ ചുംബിച്ചു മടങ്ങുന്ന തിരകളിലേക്ക് നോക്കി നടന്ന് കൊണ്ട് ഞാൻ ചോദിച്ചു.
“ഇപ്പോൾ വേണിയെന്താ ഉദ്ദേശിക്കുന്നത്?, ഇന്നത്തെ അവസ്ഥയിൽ അവനെ ഉപേക്ഷിച്ചു പോകാൻ നിനക്ക് കഴിയുമോ?
വീട്ടുകാരെയും, നാട്ടുകാരെയും ശത്രുക്കളാക്കി നീ തന്നെ കണ്ടെത്തിയ ആളല്ലേ?, മാറ്റാരുടെയും ചുമലിൽ കുറ്റംചാർത്തി രക്ഷപ്പെടാൻ കഴിയില്ലല്ലോ?”.
തീരം ഇപ്പോൾ കൂടുതൽ തിരക്കിലേക്ക് ഊളിയിടുകയാണ്, പുതിയ കൂട് പണിയുവാൻ വെമ്പുന്ന ഇണക്കിളികൾ അങ്ങിങ്ങ് കൊക്കുരുമ്മിയിരിക്കുന്നു. അസ്തമയത്തിന്റെ ചാരുത നുകരുവാൻ കുടുംബമായി സന്തോഷത്തോടെ വന്നിരിക്കുന്നവരെ കണ്ടപ്പോൾ അവളുടെമുഖത്തു നിരാശയുടെ കരിനിഴൽ പടർന്നു കയറുന്നത് ഞാൻ കണ്ടു.
“വേണി ഇപ്പോൾ എന്താ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞില്ല”. ഞാൻ അങ്ങനെ ചോദിച്ചെങ്കിലും അവൾ മൗനം കൊണ്ട് അതിനെ പ്രതിരോധിച്ചു.
“ഇവിടെ ഞാൻ നിന്നോട് എന്താ പറയുക വേണി?.ഇത്തവണ നിനക്ക് രക്ഷപ്പെടുവാൻ ഒരു പഴുതും പറഞ്ഞു തരാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല”. ഞാൻ എന്റെ നിസ്സഹായത വ്യക്തമാക്കി.
അലയാഴികളെ തഴുകിവന്ന കാറ്റിൽ അവളുടെ കണ്ണീരിന്റെ ഉപ്പ് കലർന്നിരുന്നു വെന്ന് എനിക്ക് തോന്നി. അവളുടെ ജീവിതം കരകാണാതെ നടുക്കടലിൽ നങ്കൂരമിട്ട് കിടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു അവന്റെ കൂടെ ഇറങ്ങിതിരിക്കുമ്പോൾ പ്രണയത്തിന്റെ വീരോതിഹാസങ്ങളായിരുന്നു അവർ.
“സജു എന്താ വിചാരിച്ചത്, അവനെ ഞാൻ വഴിയിൽ ഉപേക്ഷിച്ചു പോകുമെന്നോ?. അവന്റെ ഇന്നത്തെ രീതികളോട് എങ്ങനെ പൊരുത്തപ്പെട്ടു പോകുവാൻ, അതാ എന്റെ പ്രശ്നം,അല്ലാതെ “. അവൾ ആ വാക്കുകൾ മുഴുമിച്ചില്ല.
“നീ വിഷമിക്കണ്ട ഞാൻ അവനെ വന്നൊന്ന് കാണട്ടെ. എന്നിട്ട് എന്തെങ്കിലും തീരുമാനിക്കാം, തല്ക്കാലം അവൻ പറയുന്നതിനൊന്നും നീ മറുപടി പറയാൻ നില്ക്കണ്ടാ “.
“ഞാനെന്ത് പറയാൻ സജു? എന്റെ ശബ്ദം അർത്ഥമില്ലാതെയായിട്ട് നാളെത്രയായി?”.
അവളുടെ വാക്കുകളിൽ നിറഞ്ഞ നിരാശ ഞാൻ അറിഞ്ഞിരുന്നു.
“നീ മറ്റൊന്നും ആലോചിച്ചു വിഷമിക്കണ്ട,, ഞാൻ വരാം, അവന്റെ ഭാഗം കൂടി കേൾക്കട്ടെ!”.
അങ്ങനെ പറഞ്ഞ് അന്ന് അവളെ യാത്രയാക്കിയെങ്കിലും അവനെ കാണുവാൻ പോകുവാൻ കഴിഞ്ഞില്ല.
അതിന് ശേഷം ഏതാണ്ട് ആറുമാസം കഴിഞ്ഞ്, ഒരു ദിവസം രാവിലെ ആരോ വിളിച്ചു പറഞ്ഞാണ് അവന്റെ മരണവാർത്ത അറിയുന്നത്.
വെള്ളപുതപ്പിച്ചു കിടത്തിയിരിക്കുന്ന അവന്റെ ചേതനയറ്റ ശരീരത്തിനടുത്ത്
അവൾ അലമുറയിടുകയോ, തേങ്ങികരയുകയോ ചെയ്തിരുന്നില്ല. ഒരുതരം മരവിപ്പ് ബാധിച്ചപോലെയിരിക്കുന്ന അവളെകണ്ടപ്പോൾ, എന്തോ,
ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചാണ് അന്നേരം ഞാനോർത്തുപോയത്. സ്നേഹത്തിൽ നിന്ന് വെറുപ്പിലേക്ക്, അതിവേഗം എങ്ങനെ നടന്ന് കയറാമെന്ന് ജീവിതം കൊണ്ട് തെളിയിച്ച്,അവൻ കടന്ന് പോയിട്ട് ഇന്നിപ്പോൾ ഏഴ് വർഷം പിന്നിട്ടിരിക്കുന്നു.
അതിനിടയിൽ പലപ്പോഴും, അവളെയും മക്കളെയും കാണാൻ ഞാനും,ഭാര്യ സുമയും കൂടെ പലതവണ അവിടെ പോയിരിക്കുന്നു.
“ഇന്നിപ്പോൾ അവൾ എന്തിനാവോ വിളിക്കുന്നത്?. കാര്യം അറിഞ്ഞ് കളിയാക്കി ചിരിക്കരുതെന്ന് മുൻക്കൂറായി പറഞ്ഞസ്ഥിതിക്ക് അറിയാൻ ഒരു കൗതുകം കൂടി
“നീ കാര്യം പറയ്, സമയത്ത് തിരികെ സീറ്റിൽ എത്തിയില്ലെങ്കിൽ മാനേജരുടെ തുള്ളൽ എനിക്ക് കാണേണ്ടി വരും”. ഞാൻ തിടുക്കം കൂട്ടി”.
“എനിക്കൊരു വിവാഹലോചന എന്റെ മോൻ കൊണ്ട് വന്നിരിക്കുന്നു, കാലം മാറിയത് നോക്കണേ, മക്കളിൽ വന്ന മാറ്റങ്ങളെ,നീ എന്നെ കളിയാക്കല്ലേ “.
“അതെയോ നല്ല കാര്യമാണല്ലോ, ആരാ കക്ഷി? കൊള്ളാമെങ്കിൽ നമുക്കിത് ഫോർവേഡ് ചെയ്യാം വേണി, ഞാൻ കളിയായിട്ടല്ല, ശരിക്കും സീരിയസ് “.
“ഒന്ന് ചുമ്മാതിരി സജു,,പിള്ളാർക്ക് ഞാനൊരു അധികപ്പറ്റായോ എന്നൊരു സന്ദേഹം.അവരുടെ ജീവിതത്തിൽ പിന്നീട് ഞാനൊരു ബാധ്യതയാവുമെന്ന് കരുതു ന്നുണ്ടാവും,അതാവും ഈ ആലോചനയ്ക്ക് അവരെ പ്രേരിപ്പിക്കുന്നത്!”.
“വേണി നീ ഇത്രയും ബാലിശമായ് ചിന്തിക്കരുത്, മോൻ ശരിക്കും പ്രാക്ടിക്കലാണ്, ശരിക്കും നല്ലൊരു തീരുമാനമെന്നേ ഞാൻ പറയൂ “
ശിശിരത്തിൽ ഇലകൊഴിഞ്ഞ ശിഖരങ്ങളിൽ വീണ്ടും തളിരിടുന്നത് കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ്. അങ്ങനെയാണ് എനിക്ക് തോന്നിയത്.
“വളരെ നല്ലൊരു കാര്യമാണ്, ആൾക്കൂട്ടത്തിൽ തനിയെ എത്രനാൾ നിനക്ക് നില്കാൻകഴിയും,ഒരു കൂട്ട് അത്യാവശ്യവും ആശ്വാസവുമാണ് . നീ ഇക്കാര്യം സുമയോട് പറഞ്ഞോ?”.
“ഞാൻ സുമയെ വിളിച്ചിരുന്നു, അവളും നിർബന്ധിക്കുന്നു . എനിക്ക് അങ്ങനെ മറ്റൊരാളെ ഉൾകൊള്ളാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഇതിപ്പോൾ മക്കൾ എന്നെ ഒഴിവാക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത് “.
“നീ അങ്ങനെ കാണുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല കേട്ടോ,
അവൻ വളരെ ശരിയായി തന്നെയാ ഈ നീക്കം നടത്തിയത്, അതിനെ മറ്റൊരു രീതിയിൽ നീ വ്യാഖ്യാനിക്കരുത് “.
“സുമയും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാ പറഞ്ഞത്, പക്ഷെ സജു നിനക്കെങ്കിലും എന്നെ മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ കരുതി “.
“അതൊക്കെ എനിക്കറിയാം,പക്ഷെ നിനക്കിപ്പോൾ ഒരു തണൽ അനിവാര്യമാണ്!.ഒരുമിച്ച് നടക്കുമ്പോൾ പെട്ടെന്ന് നമ്മൾ ഒറ്റപ്പെട്ടു പോകുന്ന സമയത്ത് ,ആ വിജനതയിൽ പകച്ചു നില്കുന്ന പഴയകാലത്തല്ല നമ്മൾ ജീവിക്കുന്നത്,ഒറ്റയ്ക്ക് എത്ര നാളിങ്ങനെ? അത് കൊണ്ടാവും മോൻ ഈ ഒരു തീരുമാനം എടുത്തിട്ടുള്ളത്, അതിൽ തെറ്റായൊന്നും ഞാൻ കാണുന്നില്ല.നീ ശരിക്കും ആലോചിക്ക്. അപ്പോൾ നിനക്ക് മനസ്സിലാകും”.
“സജു എനിക്ക് അങ്ങനെയൊരു ചിന്തപോലും അസഹനീയമായാണ് അനുഭവപ്പെടുന്നത്.മറ്റൊരു ചൂടിൽ അലിഞ്ഞു ചേരുവാൻ എനിക്ക് കഴിയില്ല. മോനോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് എനിക്കറിയില്ല. അതിന് നീയും, സുമയും എന്നെ സഹായിച്ചേ പറ്റൂ!”.
“വേണി ഇതല്ലെങ്കിൽ മറ്റൊന്ന് ആലോചിക്കാം. എന്നാലും നീ മുഖം തിരിച്ചു നില്കുന്ന നിലപാടിനോട് എനിക്ക് പൊരുത്തപ്പെടുവാൻ കഴിയില്ല”.
എന്നെ കാത്തിരുന്നു മുഷിഞ്ഞ മാത്യു സാർ ഊണ് കഴിച്ചെഴുന്നേറ്റ് വാഷ് ബേസിനടുത്തേക്ക് നടക്കുന്നത് കണ്ടപ്പോൾ ഞാൻ അവളോട് പറഞ്ഞു.
“വേണി ഞാൻ വൈകുന്നേരം വീട്ടിൽ ചെന്നിട്ടു സുമയുമായി സംസാരിച്ചിട്ട് നിന്നെ വിളിക്കാം. എന്നാലും നീ കാര്യങ്ങൾ പോസിറ്റീവ് ആംഗിളിൽ കൂടി കാണാൻ ശ്രമിക്ക് “.
പെട്ടെന്ന് ആഹാരം കഴിച്ച് കൗണ്ടറിൽ എത്തുമ്പോൾ നീണ്ട ക്യു രൂപം കൊണ്ടിരുന്നു. ക്യാബിനിൽ ഇരുന്ന് മാനേജർ ഒട്ടും തൃപ്തിയില്ലാത്ത ഒരു നോട്ടമെറിയുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു.
വൈകുന്നേരം ജോലികഴിഞ്ഞിറങ്ങുമ്പോൾ മാത്യു സാർ പറഞ്ഞു.
“സജു സാർ ആ കുട്ടിയെ കൂടുതൽ നിർബന്ധിക്കണ്ടാ, അവർക്ക് താല്പര്യം ഇല്ലെങ്കിൽ പൊരുത്തപ്പെട്ടു പോകാനും ബുദ്ധിമുട്ടാകും, അതിപ്പോൾ ഒറ്റയ്ക്ക് കഴിയുന്നതിനേക്കാൾ പ്രയാസമുള്ള കാര്യമാകും “.
“ഇല്ല സർ, അങ്ങനെ നിർബന്ധിക്കുവാൻ നമുക്ക് കഴിയില്ലല്ലോ, എല്ലാത്തിനും പരിമിതികൾ ഉണ്ടല്ലോ”.
മാത്യു സർ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അതെ, അതെ, ഇത്തരം വിഷയത്തിൽകൂടുതൽ റിസ്ക്കെടുത്ത് ഒന്നും പറയാതിരിക്കുന്നതാ ബുദ്ധി, നാളെ ഇത് പരാജയപ്പെട്ടാൽ അതിന്റെ പഴിയും നമ്മൾ കേൾക്കേണ്ടി വരും!”.
എനിക്ക് പോകുവാനുള്ള ബസ് വന്നപ്പോൾ വാക്കുകൾ പാതിയിൽ മുറിഞ്ഞു.
ഞാൻ ബസ്സിൽ കയറിപ്പറ്റി, തിരക്കിനിടയിൽ,ഇരിക്കുവാനൊരിടം ഇല്ലെന്ന് ഉറപ്പായിരുന്നു.
വീടിനടുത്തുള്ള ബസ്സ്റ്റോപ്പിൽ ഇറങ്ങുമ്പോൾസമയം സന്ധ്യയോടടുത്തു
കാളിങ് ബെല്ലിന്റ ബട്ടൺ അമർത്തി.
സുമയാണ് വാതിൽ തുറന്നത്, മക്കൾ രണ്ട് പേരും സോഷ്യൽ മീഡിയയിൽ റിസർച്ച് നടത്തുന്നതിനാൽ വീടിന്റെ ഭ്രമണപഥത്തിൽ അവരെ കണ്ടെത്തുക അപൂർവമാണ്.
“ഇന്ന് വൈകിയോ?. പുതിയ മാനേജർ വല്ല പണിയും തന്നിട്ടാണോ?”.
“ഏയ് അവർ ഒന്നും പറഞ്ഞില്ല, ഇന്ന് പൊതുവിൽ തിരക്കുണ്ടായിരുന്നു. പിന്നെ പണി തീർക്കാതെ മാറ്റിവെയ്ക്കാൻ കഴിയില്ലല്ലോ, മാത്യൂസ് കൂടെ കൂട്ടിരുന്നു.”.
“നമ്മുടെ വേണി അല്പം മുൻപ് വിളിച്ചു തിരക്കി ചേട്ടൻ എത്തിയോ എന്ന്?”.
“അവൾ ഉച്ചക്ക് എന്നെ വിളിച്ചിരുന്നു. ഞാനാവും വിധമൊക്കെ പറഞ്ഞു. അവൾക്ക് താല്പര്യം ഇല്ലെന്ന സ്റ്റാൻഡിൽ ഉറച്ചു നില്കുമ്പോൾ എന്താ ഇനി പറയുക?”
“ഞാനും പറഞ്ഞു. മറ്റൊന്നും ആലോചിക്കണ്ടാ,കൊള്ളാവുന്ന ബന്ധമാണെങ്കിൽ സമ്മതിക്കാൻ. പക്ഷെ അവൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല “.
“പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ ഒന്നോ രണ്ടോ മക്കൾ, അവർ പറക്കമുറ്റുമ്പോൾ
ഇരതേടി പറന്ന് പോകും. അന്നേരം അച്ഛനും അമ്മയ്ക്കും കാവലിരിക്കുവാൻ പറയാൻ പറ്റില്ലല്ലോ,അവരെ കുറ്റംപറയാനും പറ്റില്ല,
അവിടെ സെന്റിമെന്റ്സ് പറഞ്ഞിരുന്നാൽ ഒറ്റപ്പെട്ടു പോകും, അത്ര തന്നെ “.
ഏതായാലും ഞാനൊന്ന് കുളിച്ചു ഫ്രഷ് ആയി വരാം. വേണി വിളിച്ചാൽ ഞാൻ ഇറങ്ങിയിട്ട് അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞേക്ക് “.
കുളികഴിഞ്ഞു വന്ന് ആഹാരം കഴിച്ചിരിക്കുമ്പോൾ വേണിയുടെ ഫോൺ വന്നു.
“പറയ് വേണി… ഞാൻ ആഹാരം കഴിച്ചിട്ട് അങ്ങോട്ട് വിളിക്കാനിരിക്കയായിരുന്നു”.
“സജു ഞാൻ മോനോട് എന്ത് പറയണം എന്നറിയാതെ ധർമ്മസങ്കടത്തിലാണ്, അതാ നിന്നെ ശല്യം ചെയ്യുന്നത് “.
ശല്യമോ, താൻ നമുക്ക് അങ്ങനെയാണോ?. ഇതിപ്പോൾ എനിക്കോ,സുമക്കൊ നിർബന്ധിക്കുവാൻ പറ്റുന്ന വിഷയം അല്ലല്ലോ, വേണിക്ക് താല്പര്യമൊട്ടുമില്ലെങ്കിൽ തീർത്തും വേണ്ടായെന്ന് തന്നെ മോനോട് പറയാം. കഴിയുന്നതും ഒരു ചുവട് മുന്നോട്ട് വെച്ച് അയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചു നോക്കിയിട്ട്, ഒട്ടും പറ്റില്ലെങ്കിൽ ഒഴിവാക്കാം,അതല്ലേ നല്ലത്?”.
അല്പനേരത്തെ മൗനം കണ്ടപ്പോൾ സുമ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഏതാണ്ട് കരയ്ക്കടുക്കുന്ന ലക്ഷണം കാണുന്നുണ്ട് “.
“ഹലോ… സജു, അങ്ങനെയാണ് നീ പറയുന്നെങ്കിൽ ഞാൻ മറുത്തൊന്നും പറയുന്നില്ല. പക്ഷെ മോന്റെ കൂടെ നീയും കൂടെ പോകണം കാര്യങ്ങൾ തിരക്കുവാൻ, കക്ഷിയുടെ ഭാര്യ മരണപ്പെട്ടതാണ്, ഒരു മോളുള്ളത് വിദേശത്ത് കുടുംബമായി കഴിയുന്നുവെന്നാണ് മോൻ പറഞ്ഞത്, എന്തായാലും നീ കൂടെ പോയി കാര്യങ്ങൾ അറിഞ്ഞതിന് ശേഷം തീരുമാനിക്കാം “.
“അതു പറയണോ, ഞാൻ പോയി തിരക്കാതെ ഓക്കേ പറയുമോ?.വേണി സമാധാനമായിരിക്ക്, മോനോട് എന്നെ വിളിക്കാൻ പറയ് “.
“ഞാൻ പറയാതെ തന്നെ അവൻ സജുവിന്റെ സഹായത്തിനായി വിളിക്കുമെന്നുറപ്പാണ്.എന്നെ ഇതിന് സമ്മതിപ്പിക്കണമല്ലോ, സ്നേഹമാണോ, ഒഴിവാക്കലാണോ എന്നൊന്നും ഞാനിനി
നോക്കുന്നില്ല”.
“ഞായറാഴ്ച ഞാനും, സുമയും വരും, ഉച്ചയ്ക്ക് അവിടെ ഊണിന് ഒപ്പം ഞങ്ങളും ഉണ്ടാകും “.
വേണി പറഞ്ഞത് വളരെ ശരിയായിരുന്നു.
രാത്രിയിൽ ശരത് വിളിച്ചു.
“അങ്കിൾ അമ്മ വിളിച്ചിരുന്നോ?”.
വിളിച്ചു. ഒരുപാട് സംസാരിക്കുകയും ചെയ്തു.ഒരു പരുവത്തിൽ ട്രാക്കിൽ കൊണ്ട് വന്നിട്ടുണ്ട്”.
“താങ്ക്യൂ അങ്കിൾ, ഞാൻ പറയാൻ തുടങ്ങുമ്പോഴെ എന്തെങ്കിലും പറഞ്ഞു എന്നെ ഒഴിവാക്കും”.
“ഈ പറഞ്ഞ കക്ഷി എങ്ങനെ? തലവേദന ആവില്ലെന്ന് നിനക്ക് ഉറപ്പാണോ?, എന്തായാലും നമുക്ക് ഒന്നുകൂടി അന്വേഷിച്ചു വേണം മുന്നോട്ട് പോകാൻ “.
“ഒരു കുഴപ്പവുമില്ല, നല്ല ആള് തന്നെ, കക്ഷിയുടെ മകൾ എന്റെ കോളേജ് മാറ്റ് ആയിരുന്നു, അവളാ ഈ പ്രൊപോസൽ മുന്നോട്ട് വെച്ചത്, ധൈര്യമായ് ഓക്കെ പറയാം അങ്കിൾ “.
അടുത്ത ഒരാഴ്ച ആകെ തിരക്ക് പിടിച്ച ദിവസങ്ങളായിരുന്നുവെങ്കിലും ശരത്തിനൊപ്പം അവിടെ ചെല്ലുമ്പോൾ, അദ്ദേഹം ഉമ്മറത്ത് പുസ്തകം വായിച്ചിരിക്കുകയായിരുന്നു, ഞങ്ങളെ കണ്ടതും വന്ന് ഗേറ്റ് തുറന്ന് അകത്തേക്ക് ക്ഷണിച്ചു.
“നിങ്ങൾ വരുമെന്ന് മോള് വിളിച്ചു പറഞ്ഞു നിങ്ങളെ കണ്ടിട്ടേ പുറത്ത് പോകുന്നെങ്കിൽ പോകാവൂന്ന് പ്രത്യേകം ചട്ടം കെട്ടിയിരുന്നു. ഇവിടെ ഒറ്റയ്ക്കിരുന്ന് ബോറടിക്കുമ്പോൾ അടുത്തൊരു വായനശാലയുണ്ട് അവിടെ പോയിരിക്കുന്ന ഒരു ശീലമുണ്ടെനിക്ക് “.
അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ അമ്മയ്ക്ക് വേണ്ടി മക്കൾ കണ്ടെത്തിയ തണൽ ഒട്ടും മോശമല്ലെന്ന് എനിക്കുറപ്പായി.
“എനിക്ക് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല, ഞാനിവിടെ ഒറ്റയ്ക്ക് കഴിയുമ്പോൾ അതിന്റെ ടെൻഷൻ മുഴുവൻ അനുഭവിക്കുന്നത് മോളാണ്, അവളുടെ സ്വൈര്യം തരാതെയുള്ള ഒരേ നിർബന്ധം, അങ്ങനെയാ ഞാൻ സമ്മതിച്ചത് “.
വരവും, പോക്കുമെല്ലാം കഴിഞ്ഞ് അധികം ആരെയും കൂട്ടാതെ ഒരു ചെറിയ ചടങ്ങ് അത്രേ ഉണ്ടായുള്ളൂ.വിവാഹം കഴിഞ്ഞ് അദ്ദേഹത്തിനൊപ്പം അവൾ കാറിൽ കയറുമ്പോൾ ഞാൻ പറഞ്ഞു.
“വിരുന്നുണ്ണാൻ ആരും വിളിച്ചില്ലെന്ന് പറയരുത്, അടുത്ത ഞായറാഴ്ച എന്റെ വീട്ടിൽ വരണം, വരുമ്പോൾ മക്കളെയും മരുമക്കളെയും, ചെറുമക്കളെയും കൂടെ കൂട്ടിക്കൊള്ളൂ, മറക്കണ്ടാ “.
അത് കേട്ട്
ഒരു നവവധുവിന്റെ നാണം കലർന്ന ചിരി അവളുടെ മുഖത്ത് വിടരുന്നത് നോക്കി നില്കുമ്പോൾ കാർ മെല്ലെ അകന്ന് പൊയ്ക്കൊണ്ടിരുന്നു.