രചന : അശോകൻ പുത്തൂർ*

പൊന്നാര്യൻ പാടത്ത് പണ്ട്
കൊയ്ത്തിനു പോയകാലം
മൂവാണ്ടൻമാങ്ങ പകുത്തുതന്നവനെ
കുന്നിമണികൊണ്ട് മാലകൊരുത്തിട്ട്
മാരനായ് വന്നെന്റെ കൈക്കുപിടിച്ചവനെ
നേരംപൊലർച്ചക്ക് തെക്കൊട്ട തേവുമ്പം
ഈണത്തിൽ പാടീട്ടെൻ കരള് കവർന്നവനെ
കറ്റമെതിക്കുമ്പം കറ്റമറവിൽ വെച്ചെൻ
ചെമ്പഴുക്കാചുണ്ട് കട്ടുകുടിച്ചവനെ
പൂക്കൈതമറപറ്റി പൂമണമേറ്റിട്ട്
പുന്നാരം ചൊല്ലാനായ് ചുണ്ടുതരിക്കുന്നു
മോഹങ്ങളെത്രകാലം
എന്നും മോഹമായ് നിന്നിടേണം
ഊണുംഉറക്കമില്ലാപൊന്നേ
നീമാത്രം നെഞ്ചകത്ത്.
ആശകളങ്ങനെ നിത്യം
കുന്നാരം കൂടുമ്പോൾ
ഓർമ്മകളായിരം തുമ്പികളെപ്പോൽ
പാറിപറന്നീടുന്നു
പുല്ലാഞ്ഞിപ്പാതയോരം പണ്ട്
പൂക്കൈതപൂക്കുംകാലം
കുഞ്ഞിപ്പുരകെട്ടി നമ്മൾ കളിച്ചത്
നീയിന്നും ഓർക്കാറുണ്ടോ.
കാറ്റുംമഴയുംവന്ന് മാനം
മിന്നിപ്പിളർക്കുമ്പം
പേടിച്ചരണ്ടുഞാൻ മാറിലൊളിച്ചതും
ഓർത്തു ചിരിക്കാറുണ്ടോ
.
പാടങ്ങൾ പൂക്കുംകാലം പൊന്നേ
കാവുകൾ പാടുംകാലം
ഓരില ഈരില സ്വപ്‌നങ്ങൾകൊണ്ടൊരു
കൂടുപണിഞൊരുക്കാം.
കൂരയിൽ കൂട്ടിനായി എന്നും
താലോലിച്ചോമനിക്കാൻ
പുന്നാരപ്പൂങ്കുടം പോലൊരു പൈതൽ
കൂടെപിറന്നീടണം
ഇന്നുവരുമെന്നും നാളെവരുമെന്നും
നാളെണ്ണിക്കനവെണ്ണി പ്രാണൻപിടഞ്ഞുഞാൻ
ഉള്ളംപൊരിഞ്ഞിരിപ്പൂ.
പൊന്നുകൊണ്ടാണേലും താലി
നൂലുകൊണ്ടാണേലും
കൂടെപ്പൊറുത്തീടാൻ ഏന്
നൂറു മനസാണ്.

വര : ഷീജ അരീക്കൽ.

By ivayana