ഹാരിസ് ഖാൻ*
മിന്നൽ മുരളിക്ക് റിവ്യൂ ഇടാൻ ഇനി ഞാനേ ബാക്കിയുള്ളെന്ന് തേന്നുന്നു.
പലതരം പോസ്റ്റുകൾ കണ്ടു ഇതേ കുറിച്ച്..
രക്ഷകൻ എന്നത് ഒരു ഫ്യൂഡൽ മനോഭാവമാണെന്നുള്ളത് തൊട്ട് കുറേയെണ്ണം..
ഞങ്ങളെ രക്ഷിക്കാൻ വന്ന ആറാമ്പ്രാനാണ് കണിമംഗലം കോലോത്തെ ജഗന്നാഥൻ തമ്പ്രാൻ (പച്ചരിയല്ല ഉത്സവത്തിൻെറ കൊടിയേറ്റമാണിവിടെ ജനത്തിൻെറ നീറുന്ന പ്രശ്നം എന്നോർക്കുക) എന്ന പോലുള്ള സീരിയസ്നെസ് ഒന്നും മിന്നൽ മുരളി എന്ന കോമിക് കഥാപാത്രത്തിൻെറ രക്ഷകൻ സൃഷ്ടിക്ക് മേലെ ആരോപിക്കേണ്ടതായി ട്ടുണ്ടെന്ന് തോന്നുന്നില്ല..
നല്ലൊരു കൺസെപ്ടാണ് ബേസിൽ ജോസഫ് അവതരിപ്പിച്ചത് എന്ന് പറയാതെ വയ്യ. ഒരു ഇൻറർനാഷണൽ രക്ഷകൻെറ നാടൻ വേർഷൻ.
ഇത്തരം സിനിമകൾ എടുക്കുമ്പോൾ ഒരു പാട് പ്രശ്നങ്ങളുണ്ട് രജനികാന്ത് നൂറ് പേരെ ഇടിച്ചാലോ ബാഹുബലി പനവളച്ചാലോ മലയാളിക്കൊരു അസ്വഭാവികതയും തോന്നില്ല. എന്നാൽ മമ്മൂട്ടിയോ മോഹൻലാലോ ചെയ്താൽ മലയാളിക്ക് അത് കൺവിൻസിംഗാവില്ല.
അതിനാൽ തന്നെ കഥ പറയാനുള്ള സൗകര്യത്തിനായി ഡയറക്ടർ കുറുക്കൻ മൂല എന്നൊരു സാങ്കൽപിക രാജ്യം സൃഷ്ടിച്ചിരിക്കുന്നു. അവിടത്തെ വാഹനത്തിന് KL അല്ല KM ആണ് രെജിസ്ട്രേഷൻ പോലും…
പ്രിയദർശൻ പണ്ട് തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ ഈ സാങ്കൽപിക രാജ്യം പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.
ദിലീപിൻെറയും ഷാഫിയുടെയും ഇത് പോലുള്ള കുറേ സിനിമകൾ ഉണ്ട് കേരള പശ്ചാത്തലത്തിൽ പറഞ്ഞാൽ ജനം പരിഹസിക്കുന്നത്. അപ്പോൾ അവർ കഥ നടക്കുന്നത് തെങ്കാശിയിലൊ പൊള്ളാച്ചിയിലേക്കൊ പറിച്ച്നടും പിന്നെ എന്തുമാവാലോ…
മക്കൾക്ക് കാണാനെന്ന വ്യാജ്യേനെ ലോകത്തെ മുഴുവൻ മാർവെൽ കോമിക് സിനിമകളും ഡിസ്നി കാർട്ടൂണുകളും കണ്ടവനെന്ന നിലയിൽ പറയുകയാണ്. മിന്നൽ മുരളിയുടെ കഥയുടെ ഇൻസ്പിരേഷൻ സ്പൈഡർമാൻ വൺ ആണ് (ആരോടും പറയരുത് ,എൻെറ രഹസ്യാനേഷണത്തിൽ ഞാൻ കണ്ടെത്തിയ ചില ഞെട്ടിക്കുന്ന കാര്യങ്ങളാണ് താഴെ പറയുന്നത്…)
സ്പൈഡർമാൻ ഫസ്റ്റിൽ പീറ്റർ പാർക്കർ ഒരു എക്സിബിഷന് പോവുന്നു ചിലന്തിയുടെ കടിയേൽക്കുന്നു. പനിച്ച് കിടക്കുന്നു പതിയെ ശക്തികൾ പരീക്ഷിക്കുന്നു ചെറിയ ശബ്ദങ്ങൾ പിടിച്ചടുക്കാനാവുന്നു ബിൽഡിങ്ങിൽ കയറി പറക്കാൻ ശ്രമിക്കുന്നു നെഞ്ചടിച്ച് വീഴുന്നു…
മിന്നൽ മുരളിക്ക് കൃസ്തുമസ് രാത്രിയിൽ മിന്നലേൽക്കുന്നു പനിച്ച് കിടക്കുന്നു ശക്തികൾ പരീക്ഷിക്കുന്നു ചെറിയ ശബ്ദങ്ങൾ പിടിച്ചെടുക്കാനാവുന്നു മരത്തിൽ കയറി പറക്കാൻ നോക്കുന്നു നെഞ്ചത്തടിച്ച് വീഴുന്നു….
പീറ്റർ പാർക്കറിൻെറ സ്വാർത്ഥത മൂലം തൻെറ പണം മാത്രമെടുത്തു കള്ളനെ തടയാതെ വിടുന്നു അത് കാരണം അവൻെറ മുത്തഛൻ മരണപ്പെടുന്നു.അയാൾ മാനസാന്തരപ്പെടുന്നു..
മിന്നൽ മുരളിയുടെ സ്വാർത്ഥതയും സമാനമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
ദാസനോടുള്ള പെരുമാറ്റത്തിൽ അത് കാണാം.ദാസൻെറ മരണശേഷം മുരളി മാനസാന്തരപ്പെടുന്നു…
പാർക്കറുടെ സുഹൃത്തിൻെറ പാവമായൊരു അഛനാണ് പിന്നീട് വില്ലനായി വരുന്നത്. ക്ലൈമാക്സിൽ അയാളുടെ മരണം സ്പൈഡർ മാനും പ്രേക്ഷകനും വേദനയുണ്ടാക്കുന്നു.
മിന്നൽ മുരളിയിൽ ആ ജോലി ഷിബു എന്നൊരു “പാവം” മനുഷ്യനേയാണ് ഏൽപിച്ചത്. മലയാളിയുടെ വീക്നസായ വർഷങ്ങൾ കാത്തിരിക്കുന്ന വിഷാദ കാമുകനായി അയാൾ അരങ്ങ് തകർക്കുന്നു.അഭിനയ മികവ് കൊണ്ട് അയാൾ സിനിമയെ ഹൈജാക് ചെയ്യുന്നു…ക്ലൈമാക്സിൽ അയാളുടെ മരണവും, പ്രണയനഷ്ടവും നമ്മുടെയും നൊമ്പരമാവുന്നു…
എഡിറ്റിംഗ് മേഘലയിൽ ആണ് സിനിമയുടെ പ്രധാന പ്രശ്നങ്ങൾ. അതു കൊണ്ട് തന്നെ പലയിടത്തും ലാഗ് അനുഭവപ്പെടുന്നു. ഇത്തരം സിനിമകൾക്ക് വേണ്ട ചടുലതയും സിനിമക്കില്ല. അത് മുഖ്യമായും ടൊവിനോയുടെ “ഒറിജിനൽ മിന്നൽ മുരളിയുടെ ” ക്യാരക്ടറിൻെറ ഹീറോയിസത്തെയാണ് ബാധിച്ചത്…
വസ്ത്രാലങ്കാരവും മേക്കപ്പും മികച്ച് നിന്നു
ചാക്കിൻെറ മുഖംമൂടിയണിഞ്ഞ ഷിബുവിൻെറ വില്ലനും, തുവാലയും തോർത്തുമുണ്ടുമണിഞ്ഞ മുരളിയും കാണാൻ ശേലുണ്ട്…
ഹെലനിലെ മികച്ച പോലീസ് വേഷത്തിന് ശേഷം കിട്ടിയ പോലീസ് വേഷത്തിൽ അടപടലം ജഗതിയെ അനുകരിച്ച് അജു വർഗ്ഗീസും. ഗൺ പൗഡർ നക്കി തീവ്രവാദി ബന്ധം മനസ്സിലാക്കുന്ന ഇറാഖിലെ “മാറാലഹ” ഗ്രാമം കീറിയ മാപ്പിൽ കണ്ടെത്തുന്ന രാജേഷ് മാധവനും, ദാസനായി അശേകനും തങ്ങളുടെ റോളുകൾ നന്നായി ചെയ്തു…
ആകെ മൊത്തം പറഞ്ഞാൽ മിന്നൽ മുരളി ഷിബു കൊണ്ട് പോയി, ഒരു രണ്ടാം പാർട്ടുണ്ടായാൽ ടൊവിനോക്ക് കൊള്ളാം..
ഇതൊക്കെ വായിച്ച് നിങ്ങളുടെ മനസ്സിൽ ” എത്ര ഇടിമിന്നലുകൾ പാഴായി പോവുന്നു ഒന്നിവൻെറ തലക്ക്…”
വേണ്ടാ, എനിക്ക് സൂപ്പർ ഹീറോയാവേണ്ട ..