രചന : പണിക്കർ രാജേഷ്*

ജന്മപാപങ്ങളൊക്കെ കഴുകിക്കളഞ്ഞു പുനർജനി തേടാൻ നടന്നവരൊക്കെയും മണ്ണിലൂടെ ആയിരുന്നു. പുനർജ്ജന്മ ചിന്തകൾ ഭാരതത്തിന്റെ സ്വന്തം ആയതുകൊണ്ടാവാം എല്ലാവരും പുനർജ്ജനി തേടി ഇവിടെത്തിയത്. അതിലൊരാളായി അവനും.

യൂറോപ്പിൽ ജനിച്ചു വളർന്ന സത്നാം ദില്ലിയിലെത്തിയത് അമ്മ പറഞ്ഞറിഞ്ഞ അമ്മയുടെ നാടും സംസ്ക്കാരവും അറിയാനായിരുന്നു, ദില്ലിയിൽ എത്തിയത് ഏതായാലും നല്ല സമയത്ത്. പ്രയാഗിൽ കുംഭമേള നടക്കുന്നു. യൂറോപ്പിന്റെ വർണഭംഗിയോ പകിട്ടോ പോലും ഇഷ്ടപ്പെടാത്ത അവന് ദില്ലിയുടെ നരച്ച മുഖവും മടുപ്പുളവാക്കി.

മേളക്ക് രണ്ടുദിവസം മുന്നേ പ്രയാഗിലെത്തിയ സത്നാം ആ സ്ഥലത്തിന്റെ മുക്കും മൂലയും നടന്ന് കണ്ടു. അവിടെ വെച്ച് കണ്ട ഒരു സന്യാസിയിൽ നിന്നും അത്ഭുത വിദ്യകൾ അറിയാവുന്ന ഒരു മഹായോഗിയെക്കുറിച്ചറിഞ്ഞു..മേള കഴിഞ്ഞു പോകുമ്പോൾ ആ മുനിവര്യനുമായി കൂടിക്കാഴ്ച്ചയും ഉറപ്പാക്കി.

മേളയിൽ പങ്കെടുത്തു പ്രയാഗിലെ മുങ്ങിക്കുളിയും കഴിഞ്ഞു ആളുകളൊഴിഞ്ഞപ്പോൾ അവൻ സന്യാസിയെയും കൂട്ടി ഗുരുവിനടുത്തെത്തി. അധികമൊന്നും സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ആ ഗുരുവിനോട് അവൻ ഒന്നുമാത്രം ചോദിച്ചു.
“പുനർജ്ജന്മം എന്നൊന്നുണ്ടോ? “

വളരെ ശാന്തനായി,എന്നാൽ ജ്വലിക്കുന്ന മിഴികളോടെ ആ അഘോരി സന്യാസിവര്യൻ അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു
“തീർച്ചയായും ഉണ്ട്.”
” അതുപക്ഷേ ദേഹവിയോഗത്തിന് ശേഷം നേടിയെടുക്കുന്ന മറ്റൊരു ദേഹമല്ല. “
“മരിച്ചു കഴിഞ്ഞ മനസ്സിനെ സദ്ചിന്തകളിലൂടെ പുനരുജ്ജീവിപ്പിക്കുന്ന ഒന്നാണ്.”
“ഇത് എന്റെ വിശ്വാസമാണ്. എന്റെ മാത്രം”

ആ മുനിവര്യന്റെ വാക്കുകളുടെ അർത്ഥം തേടിയായിരുന്നു പിന്നീടുള്ള അവന്റെ യാത്ര .ഭാരതത്തിലെ പുണ്യപുരാതന സംസ്കൃതിയിലൂടെ ഉള്ള ആ യാത്രയിൽ അവൻ തിരുവില്വമലയിൽ എത്തിച്ചേർന്നു. നാട്ടുകാരിൽ നിന്ന് ‘പുനർജനി’ ഗുഹയെക്കുറിച്ചറിഞ്ഞ സത്നാം അങ്ങോട്ട് നടന്നു. ഇരുണ്ട ഗുഹയുടെ ഉള്ളിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം ലക്ഷ്യമാക്കി അവൻ ഇടുങ്ങിയ പാറക്കിടയിലൂടെ നൂണ്ട് മുകളിലെത്തി. അപ്പോഴേക്കും മറ്റൊരു വിശദീകരണം ആവശ്യമില്ലാതെ തന്നെ അവന് പ്രയാഗിൽ കണ്ട ആ അഘോരി സന്യാസിയുടെ വാക്കുകളുടെ അർത്ഥം മനസ്സിലായി.

സ്വാർത്ഥ ചിന്തകളുടെ അന്ധകാരത്തിൽ നിന്നും മനസ്സിനെ അറിവിന്റെ വെള്ളി വെളിച്ചത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതാണ് യഥാർത്ഥത്തിൽ പുനർജ്ജന്മം എന്നായിരുന്നു ആ തിരിച്ചറിവ്.

By ivayana