കവിത : ടി.എം. നവാസ് വളാഞ്ചേരി*

പുതുവൽസരത്തെ പുതു പ്രതീക്ഷകളുമായി വരവേൽക്കുകയാണ് ലോകം. ഒട്ടേറെ പാഠങ്ങൾ ചൊല്ലി പഠിപ്പിച്ച പോയ വർഷത്തെ പോയോർമകളെല്ലാം ജലരേഖ മാത്രമായിരുന്നോ? ഇനിയും പഠിക്കാത്ത ഇന്നിന്റെ തലമുറക്ക് പുതു ചരിതം രചിക്കാനാകുമോ ???

ശരവേഗ
മകലുന്ന കാലം മൊഴിഞ്ഞുള്ള പൊളളുന്ന സത്യങ്ങൾ മാഞ്ഞു പോയോ ?
പതറിയ നാളുകൾ ചിതറിയ സ്വപ്നങ്ങൾ എല്ലാം ചിതയിലെരിഞ്ഞമർന്നോ?
അടിയേറെ കൊണ്ടിട്ടും അടി തെറ്റി വീണിട്ടും അടവ് പയറ്റാൻ പഠിച്ചതില്ലേ ?
ഓട്ടണയുള്ളപ്പോൾ ഒട്ടി നിന്നോരൊക്കെ ഞെട്ടറ്റു വീണപ്പോൾ അകലെയല്ലേ
ഒരു മാളമിൽ നിന്ന് തന്നെ പലവട്ടം സർപ്പത്തിൻ ദംശനം ഏറ്റതല്ലേ ?
നായടെ വാലു പോൽ നീരാതെ നിവരാതെ ഇനിയും നീ കാലം കഴിച്ചിടുന്നോ?
കുഞ്ഞുഞ്ഞു വൈറസ് പഠിപ്പിച്ച പാഠങ്ങളിത്ര മേൽ വേഗം മറന്നുവോ നീ
ഇറുകെ പുണരേണ്ട കൈകളാൽ കുരുതിക്കൊരുങ്ങുന്ന കോലങ്ങൾ വീണ്ടുമെത്തി
കലി വന്ന കാലത്തിൻ കലിയടങ്ങും മുമ്പെ കൊലവിളിയുമായി തെരുവിലെത്തി
സ്വന്തം ഉടപ്പിറപ്പാകു മനുജന്റെ ഉടലത് വെട്ടി മുറിച്ചു വീഴ്ത്തി
സോദരിയവളുടെ പ്രാണനെടു ത്തവൻ പ്രണയം പകയായി മാറിയപ്പോൾ
മുഖപുസ്തകത്തിലെ മുഖമില്ലാ പ്രണയത്തിൽ പ്രാണനെ വിട്ടവർ യാത്രയായി
പേറു കീറായപ്പോൾ പേറ്റുനോവറിയാത്ത പെറ്റമ്മ കുഞ്ഞിനെ ഇട്ടു പോയി
നാരിയെ അറിയാത്ത നാറികൾ പൊന്നുമായ്നാരിതൻ മേൻമ ഉരച്ചു നോക്കി
സ്വാർത്ഥത മുറ്റിയ കൺകളാൽ പീഡകർ നാരിതൻ ജീവനെടുത്തു വീണ്ടും.
പ്രാണനെടുത്തിടുംലഹരിതൻ കേന്ദ്രങ്ങൾഗ്രാമങ്ങളെപോലുംകീഴടക്കി.
നാടിൻ പ്രതീക്ഷയാംയുവശക്തി തൻ രക്തം ഊറ്റി കുടിച്ച് ഉറഞ്ഞു തുള്ളി
വഞ്ചന മുറ്റിയ മൊഞ്ചേറും ലോകത്തെ കാണാ കുരുക്കതിൽ വീണു പോയോർ
പലിശയാം വൻ കെണി ജീവൻ തകർത്തപ്പോൾ പാതിയെയും കൂട്ടി യാത്രയായി
മാളത്തിൽ മുങ്ങിയ രാക്ഷസർ മൊത്തവും കളമതിൽ വീണ്ടുമിറങ്ങിടുന്നു
നാടിതിൽ ഭ്രാന്താലയങ്ങൾ പണിതിടാൻ ഇരവും പകലും ശ്രമിച്ചിടുന്നു.
ആശങ്ക മാറ്റിടാൻ കീശകൾ ചോർത്തിടാൻ കുറുവഴിയുമായി സിദ്ധരെത്തി
ചേർത്ത് പിടിക്കേണ്ട നേരത്ത് ചേർത്ത് പിടിക്കാത്ത ദൈവങ്ങൾ വീണ്ടുമെത്തി
കണ്ടിട്ടും കൊണ്ടിട്ടും ഇനിയും പഠിക്കാത്ത ഇരുകാലി കൂട്ടത്തോടെന്ത് ചൊല്ലും
കണ്ണ് തുറക്കുക ഉൾക്കണ്ണാൽ കാണുക നേരറിവിൻ തേൻ നിലാവ് പൊഴിക്കുക!

By ivayana