സോമരാജൻ പണിക്കർ*
ഞാൻ സാധാരണ മിക്ക നികുതികളും ബില്ലുകളും ഓൺ ലൈനിൽ തന്നെയാണ് അടക്കുന്നതു …മിക്കതും മൊബൈൽ ബാങ്കിംഗ് ഉം യൂ പീ ഐ യും ഗൂഗിൾ പേയ്മെന്റ് വഴിയും…
എന്നാൽ ഒരു സർവ്വേ നമ്പറിലെ ഭൂ നികുതി ഓൺ ലൈനിൽ അടക്കാൻ സാങ്കേതിക തകരാരുകൾ കാരണം വില്ലേജ് ഓഫീസുമായി ബന്ധപ്പെടാൻ സന്ദേശം കിട്ടിയതിനാൽ നേരിട്ടു പോയി അടക്കാൻ തീരുമാനിച്ചു .
അങ്ങിനെ മുളക്കുഴ വില്ലേജ് ഓഫീസിൽ ഞങ്ങളുടെ ഭൂനികുതി അടക്കാൻ ചെന്നപ്പോൾ ഇനി ഭാവിയിൽ കരം അടക്കാൻ ബാങ്ക് എ .ടീ .എം കാർഡ് കൊണ്ടുവരണമെന്നു ക്യാഷ് കൗണ്ടറിൽ ഇരുന്ന ഉദ്യോഗസ്ഥ പറഞ്ഞപ്പോൾ ന്യായമായ ഒരു സംശയം ഞാൻ ചോദിച്ചു ..
” 95 വയസ്സുള്ള അച്ഛനു വേണ്ടിയാണ് കരം അടക്കുന്നതു…അതിനാൽ മൊബൈൽ ബാങ്കിംഗ് പോരേ ? ഇപ്പോൾ എത്രയോ തരം ക്യാഷ് ലെസ് , കാർഡ് ലെസ് സംവിധാനങ്ങൾ ആണ് സർക്കാർ പ്രോൽസാഹിപ്പിക്കുന്നതു ? “
എന്നാൽ അവർ നൽകിയ മറുപടി ഞങ്ങൾക്കു യൂ പീ ഐ പേയ്മെന്റോ മൊബൈൽ ബാങ്കിംഗ് വഴിയോ കരം എടുക്കാൻ ഉത്തരവില്ല …ഉള്ളതു പീ .ഓ .എസ് മെഷീൻ ആണ് ..അതിൽ ബാങ്ക് എ .ടീ .എം കാർഡ് അല്ലാതെ മറ്റു സംവിധാനം ഒന്നും ഇല്ല …
ഈ കോവിഡ് , ഓമിക്രോൺ ഭീതിയുള്ള കാലത്തു സർക്കാർ ശരിക്കും മൊബൈൽ ബാങ്കിംഗ് ഉം കാഷ്ലെസ് , കാർഡ് ലെസ് ഇടപാടുകളും ആണ് പ്രോൽസാഹിപ്പിക്കേണ്ടതു …
എന്നാൽ ഈ വിഷയം ബഹു : റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ഒരു പരാതി ആയി മൊബൈലിൽ നിന്നു അയക്കാൻ നോക്കുമ്പോൾ പരാതി രജിസ്റ്റർ ചെയ്യാനുള്ള പ്ലാറ്റ്ഫോമിൽ ചില ഓപ്ഷൻ സെലെക്റ്റ് ചെയ്യാൻ പറ്റുന്നില്ല …പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആ സൈറ്റിൽ യൂസർ ഋജിസ്റ്റർ ചെയ്ത ഒരാൾക്കു ഒരു പരാതി അയക്കാൻ സാധിക്കുന്നുമില്ല …സീ- ഡിറ്റ് ആണ് ഈ സോഫ്റ്റ്വെയർ തയ്യാറാക്കിയതു ..അവരുടെ ശ്രദ്ധയിൽ ഇനി ഈ പ്രശ്നം കൊണ്ടു വന്നു അതു പരിഹരിച്ചിട്ടു വേണം എല്ലാ വില്ലേജ് ഓഫീസുകളും സർക്കാർ ഓഫീസുകളും ജനങ്ങളിൽ നിന്നു നികുതി സ്വീകരിക്കാൻ യൂ പീ ഐ പേയ്മെന്റും മൊബൈൽ പേയ്മെന്റ് ഉം സ്വീകരിക്കണം എന്നു സർക്കാർ ഉത്തരവുണ്ടാകണം എന്നു അപേക്ഷിക്കാൻ…
ഞാൻ സ്ഥിരതാമസം ആക്കിയ , സ്മാർട്ട് സിറ്റി കൂടിയായ കൊച്ചിയിലെ വീട്ടു കരം ഇതു വരെയും വീട്ടുടമകൾക്ക് ഓൺ ലൈൻ ആയോ മൊബൈൽ പേയ്മെന്റ് വഴിയോ യൂ പീ ഐ വഴിയോ അടക്കാൻ പറ്റില്ല എന്നു പറഞ്ഞാൽ എളുപ്പം വിശ്വസിക്കാൻ പ്രയാസമാണ്…
രണ്ടു ആഴ്ചകൾക്കു മുൻപു പാലാരിവട്ടത്തെ വീട്ടിൽ , വീട്ടു കരം നേരിൽ പിരിക്കാൻ ഒരു സ്ത്രീ വന്നു …അവർ യൂ പീ ഐ , ഗൂഗിൾ പേയ്മെന്റ് , ക്യൂ . ആർ കോഡ് എന്നൊക്കെ ഞാൻ പറഞ്ഞപ്പോൾ
” അതൊന്നും ആയിട്ടില്ല സർ , ഇപ്പോൾ ക്യാഷ് മാത്രമെ എടുക്കൂ “
എന്നു പറഞ്ഞപ്പോൾ വിശ്വസിക്കേണ്ടി വന്നു .
എന്നാൽ കുറെ നാൾ മുൻപു ചെങ്ങന്നൂരിൽ നഗരത്തിൽ വെച്ചു പച്ചക്കറി വിത്തുകൾ കൊണ്ടു നടക്കുന്ന ഒരു മനുഷ്യനോട്
” ഒന്നു രണ്ടു പാക്കറ്റ് വാങ്ങാം…പക്ഷേ 500 രൂപ തന്നാൽ ബാക്കി ചില്ലറ തരണം”
എന്നു പറഞ്ഞപ്പോൾ ആ സാധാരണക്കാരൻ എന്നോടു പറഞ്ഞ മറുപടി കേട്ട് ശരിക്കും ഞാൻ അമ്പരന്നു …
” എന്തിനാ സാർ ചില്ലറ ….അതിനല്ലെ ഗൂഗിൾ പേ….”
എന്നു പറയുക മാത്രമല്ല , ഒരു ക്യൂ .ആർ .കോഡ് പ്രിന്റ് ചെയ്ത പേപ്പർ എന്റെ നേരേ നീട്ടുകയും ചെയ്തു ..
ഞാൻ നാലോ അഞ്ചോ പാക്കറ്റുകൾ വാങ്ങി , പണം ജീ പെ ആയി നൽകുകയും അദ്ദേഹം വളരെ സന്തോഷത്തോടെ ആ പാക്കുകൾ പേപ്പറിൽ പൊതിഞ്ഞു എന്നെ ഏൽപ്പിക്കുകയും ചെയ്തു…
ഡിജിറ്റൽ ഇന്ത്യ , മൊബൈൽ ബാങ്കിംഗ് എന്നൊക്കെയുള്ള ആശയങ്ങൾ ഒരു സാധാരണ മനുഷ്യനെ എത്ര സ്വാധീനിച്ചു എന്നും സഹായിക്കുന്നു എന്നും പറയാൻ ഇതിലും മികച്ച ഒരു ഉദാഹരണം ഞാൻ നേരിൽ അനുഭവിച്ചിട്ടില്ല …
അതിനാൽ ബഹുമാനപ്പെട്ട മന്ത്രിമാരും സർക്കാറും എല്ലാ തരം ക്യാഷ് കൗണ്ടറിലും ഒരു പേയ്മെന്റ് ക്യൂ .ആർ പ്രിന്റ് ചെയ്തു പ്രദർശിപ്പിക്കണം എന്ന വ്യവസ്ഥ നിർബന്ധമായും നടപ്പാക്കണം…
ഡിജിറ്റൽ ഇന്ത്യ വളരാൻ മൊബൈൽ ബാങ്കിംഗ് പ്രോൽസാഹിപ്പിക്കുക തന്നെ വേണം..