കഥ : സുനു വിജയൻ*.

പെരുമ്പാവൂരിലെ ആ പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജീർണ്ണിച്ച തടി ജനാലയിലൂടെ റജീന പുറത്തേക്കു നോക്കി. അൽപ്പം അകലെ വൃത്തികെട്ട അഴുക്കുചാലുകൾക്കും, മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന വെളിമ്പറമ്പിനും അപ്പുറത്ത് ആരൊക്കയോ ക്രിസ്തുമസ്സിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് ഉറക്കെ കരോൾ ഗാനം പാടുന്നു..

ചുവന്ന കൂർത്ത തൊപ്പികൾക്ക് മുകളിലുള്ള വെളുത്ത പഞ്ഞി ബോളുകൾ റജീന അവ്യക്തമായി കണ്ടു. നടന്നു നീങ്ങുന്ന കരോൾ സംഘത്തിന്റെ പാട്ടുകൾ നേർത്തു നേർത്തു വന്നു. കാലടിപ്പുഴയിൽ നിന്നും ഒഴുകുയെത്തുന്ന കുളിരുള്ള കാറ്റിന് ഗലിയിലെ വൃത്തികെട്ട ഗന്ധം . അകലെക്കാണുന്ന വെളിമ്പറമ്പിൽ പന്നികൾ ചെളിക്കൂമ്പാരം കുത്തിമലർത്തുന്നുണ്ടാകാം. കറുത്ത പന്നികൾ ചെറിയ വാല് ചുരുട്ടിവച്ചുകൊണ്ട് ഊക്കിൽ മാലിന്യക്കൂമ്പരത്തിലേക്ക് ഊളിയിടുന്നത് പലപ്പോഴും കണ്ടിരിക്കുന്നു. ഒരിക്കൽ അതുവഴി കടന്നുപോകുമ്പോൾ അബ്ദുളാണ് പറഞ്ഞത്. ഇവയൊക്കെ നാടൻ പന്നികളാണെന്നും ഇവക്കൊക്കെ ഉടമസ്ഥൻമാർ ഉണ്ടന്നും. ഇന്നവയിൽ പലതും അങ്കമാലിയിലെ പണിയിറച്ചി വിൽക്കുന്ന കടകളിൽ നാളത്തെ രുചിയേറിയ ക്രിസ്തുമസ് വിഭവങ്ങളാകാൻ, നാടൻ പന്നിയിറച്ചിയായി വിറ്റു പോയിട്ടുണ്ടാകാം. എത്ര ചെളിയിൽ നീന്തി തുടിച്ചു മദിച്ചാലെന്താ അവരെയൊക്കെ രുചികരമായ ഭക്ഷണമായി പലരും നാളെ ആസ്വദിച്ചു കഴിക്കും. ഒരു നെടുവീർപ്പോടെ റജീന ജനൽകാഴ്ചകളിൽ നിന്നും മടങ്ങി കട്ടിലിൽ വന്നിരുന്നു.

അബ്ദുൾ പറഞ്ഞത് ഇന്ന് മൂന്നു പേര് വരും എന്നാണ്. കടുകെണ്ണ മണക്കുന്ന, വരണ്ട വൃത്തിയില്ലാത്ത ചർമ്മം ഉള്ള, തമ്പാക്ക് വായിൽ തിരുകി മനം മടുപ്പിക്കുന്ന മണമുള്ള , തെറുപ്പൂബീഡിയുടെ കറപിടിച്ച കറുത്ത പല്ലുകളുള്ള, ബംഗാളികളല്ല, മറിച്ച് വൃത്തിയും വെടിപ്പും ഉള്ള, ബ്രൂട്ടിന്റെ സുഗന്ധം പൂശിയ, കക്ഷത്തിൽ കുട്ടികൂറ പൌഡർ മണക്കുന്ന മൂന്നു മലയാളികൾ.
അല്ലങ്കിലും ആർത്തിയോടെ തരുന്ന പൈസ മാക്സിമം മുതലാക്കാൻ വരുന്ന വൃത്തി തീരെയില്ലാത്ത ബംഗാളികളെപ്പോലെയല്ല മലയാളികൾ. വിരലിൽ എണ്ണാവുന്ന തവണകളെ ഇവിടേക്ക് മലയാളികൾ വന്നിട്ടുളൂ. ഇത് ബംഗാളികളുടെ സാമ്പ്രാജ്യമാണ്. ഇടുങ്ങിയ വൃത്തികെട്ട ഗലികൾക്കിപ്പുറം കള്ളും, പെണ്ണും, കഞ്ചാവും ലഭിക്കുന്ന പെരുമ്പാവൂരിന്റെ ഈ മുഖം പലർക്കും അറിയില്ല.

കൽക്കട്ടയിലെ മാംസക്കച്ചവട കേന്ദ്രത്തിന്റെ ഈ ശാഖയുടെ കരുത്തും കുതിപ്പും അറിയാവുന്നവർ അതിന്റെ പങ്കുപറ്റി സുഖം നൊട്ടി കണ്ണടക്കുന്നു. അത് രാഷ്ട്രീയക്കാരായാലും, സാംസ്കാരിക നായകന്മാരായാലും, മത നേതാക്കളായാലും.
വീട്ടുകാരറിയാതെ പത്തുമാസം വയറ്റിൽ ഒളിപ്പിച്ച കുഞ്ഞിനെ പ്രസവിച്ചു ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു കാമുകന്റെ ഒത്താശയോടെ പുഴയിൽ എറിഞ്ഞു കളഞ്ഞ പെണ്ണിന്റെ ക്രൈയിം സ്റ്റോറി ടി വി യിൽ വാർത്താ ചാനലിൽ കണ്ടപ്പോൾ റജീന നിറകണ്ണുകളോടെ അടിവയറ്റിൽ അറിയാതെ തലോടി .

മൂന്നു മാസം കഴിഞ്ഞു. ഇതുവരെ കുഴപ്പമൊന്നും ഇല്ല. പറയാൻ ആരും ഇല്ലാത്തതിനാൽ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ ആരുടെ ബീജമാണ് ഉള്ളിൽ വളരുന്നതെന്നറിയില്ല. പക്ഷേ എങ്ങനെയോ അതു സംഭവിച്ചു. കാമുകനാൽ ചതിക്കപ്പെട്ട, കാമുകനുവേണ്ടി വീട്ടുകാരെ തള്ളിപ്പറഞ്ഞു ഒക്കെ ഉപേക്ഷിച്ചു നാടുവിട്ട തനിക്ക് ഈ ഗതി വന്നതിന് ഉത്തരവാദിത്തം തന്റേത് മാത്രമാണെന്നറിയാം. ആന്ധ്രായിൽ നഴ്സിംഗ് പഠനത്തിനു പോയ താൻ സെക്സ് റാക്കറ്റിൽ പെട്ട് ഒരിക്കലും രക്ഷപെടാനാവാത്ത വിധം കുരുങ്ങിപ്പോയതിനു ഉത്തരവാദി താൻ വിശ്വസിച്ച തൻറെ കാമുകനാണെങ്കിലും അതിനുള്ള വഴിയിലേക്ക് നടന്നടുത്തത് താൻ തനിച്ചാണ്.

പഠിക്കാൻ അന്യനാട്ടിൽ പോയ ഒരു നാട്ടിൻപുറത്തെ പെണ്ണ് പ്രാരാബ്‍ദക്കാരായ പാവപ്പെട്ട മാതാപിതാക്കളുടെ സ്വപ്നങ്ങളും, വിശ്വാസവും തല്ലിക്കെടുത്തി കാമുകനൊപ്പം നാടുവിട്ടപ്പോൾ ഇങ്ങനെയുള്ള നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകും എന്നൊരിക്കലും കരുതിയിരുന്നില്ല.
ഈ പഴയ കെട്ടിടത്തിന്റെ പല മുറികളിലായി പല പെൺകുട്ടികൾ, അതിൽ ബംഗാളിയും, ആസാമിയും തമിഴത്തിയും മലയാളിയും, മാറാത്തിയും കണ്ടേക്കാം. ചതിക്കുഴികളിൽ വീണവരെ വിലക്കുവാങ്ങി മറിച്ചു വിൽക്കുന്ന മാഫിയ സംഘങ്ങളിൽ പെട്ടുപോയവർ. ദല്ലാൾ മാരുടെ, ഗുണ്ടകളുടെ കൺകോണുകളിൽ നിന്നും ഒരിക്കലും രക്ഷ നേടാനാകാതെ,അവർ ദിവസവും വിലപറഞ്ഞു പലർക്കായി തങ്ങളെ വിൽക്കുമ്പോൾ അതിൽ ചെറിയ ഒരു വിഹിതം കൂലിയായി മാത്രം ലഭിച്ചു കഴിഞ്ഞു കൂടാൻ വിധിക്കപ്പെട്ട അല്ല ആ വിധി സ്വയം തിരഞ്ഞെടുത്ത കുറെ ഹത ഭാഗ്യരായ പെൺകുട്ടികൾ.

രേതസ്സിന്റെ കറ പുരണ്ട നിറം മങ്ങിയ ബെഡ്ഷീറ്റ് റജീന തിരിച്ചു വിരിച്ചു. മറുവശത്തും കറയുടെ പാടുകൾ. അതൊക്ക ആരു നോക്കാൻ. വിളമ്പിവച്ച പാത്രത്തിലെ ആഹാരം കഴിച്ചു പോകുമ്പോലെ വന്നുപോകുന്ന ബംഗാളികളെപോലെയല്ല മലയാളികൾ. അത്‌ റജീന അറിഞ്ഞിട്ടുള്ളതാണ്.

കുറച്ചകലെ പെരുമ്പാവൂർ പട്ടണത്തിൽ പടക്കം പൊട്ടുന്ന ഒച്ചകേൾക്കാം. എല്ലാ ക്രിസ്തുമസ്സിനും റജീന നിവാസ് എന്ന തൻറെ വീട്ടിൽ പൊട്ടിക്കാൻ അപ്പച്ചൻ പടക്കം വാങ്ങും. രാത്രി പള്ളിയിൽ നിന്നും മടങ്ങി വന്നു അനുജൻ സാമൂവലിന്റെ കയ്യിൽ അപ്പച്ചൻ ആ പടക്കപൊതി നൽകും . ഇടുക്കിയിലെ ഇരട്ടയാറിൽ ഉള്ള ആ കൊച്ചു വീടിന്റെ തിണ്ണയിൽ മത്താപ്പൂ കത്തുമ്പോൾ ഡിസംബറിലെ കുളിരിൽ ആ വീട്ടിലെ മനസുകളിലും സന്തോഷത്തിന്റെ മത്താപ്പൂ കത്തും. ക്രിസ്സ്മസ് കേക്ക് മുറിക്കുമ്പോൾ അപ്പച്ചൻ ആദ്യം അതു വായിൽ വച്ചു തരുന്നത് തനിക്കാണ്. അപ്പച്ചന്റെ റജീനമോൾക്ക്.അതുകഴിഞ്ഞേ അനിയൻ സാമൂവലിനു അപ്പച്ചൻ കേക്ക് നൽകൂ. നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് റജീന നെടുവീർപ്പിട്ടു.
ക്രിസ്തുമസ് രാത്രി ആഘോഷിക്കാനായി ഏതോ കോളജിൽ പഠിക്കുന്ന മൂന്നു ചെറുപ്പക്കാർ ഇന്നത്തെ രാത്രി കൂടുതൽ പൈസ നൽകി തന്നെ ബുക്ക്‌ ചെയ്തതാണ് എന്ന് അബ്ദുൾ പറഞ്ഞിരുന്നു. അവർക്ക് ഇരുപത്തി ഒന്നു തികയാത്ത മലയാളി പെൺകുട്ടിയെ വേണം എന്ന ഡിമാൻഡ് പറഞ്ഞപ്പോൾ അബ്ദുൾ തന്നെ തിരഞ്ഞെടുത്തു.എതിർക്കാനോ മറുത്തു പറയാനോ തനിക്ക് കഴിയില്ല. സമ്മതിക്കാതെ നിവൃത്തിയില്ല. അൽപ്പം ഭീതിയോതെ റജീന അടിവയറ്റിൽ തലോടി. ഉള്ളിൽ ശക്തി സംഭരിച്ചു.

കവിളുകളിലെ നേരിയ തുടിപ്പും, മാറിടത്തിലെ ചെറിയ കുതിപ്പും, കണ്ണുകളിലെ തിളക്കവും റജീന തിരിച്ചറിഞ്ഞിരുന്നു. ജീവിതത്തിൽ ഒരുപെണ്ണ് ഏറ്റവും സുന്ദരിയാകുന്ന സമയം, ഏറ്റവും അധികം ശ്രദ്ധിക്കപ്പെടേണ്ട സമയം. അകലെ എവിടെയൊക്കയോ പടക്കം പൊട്ടുന്ന ശബ്ദം.റജീന മനസ്സിലെ പെരുമ്പറകൊട്ടൽ അടക്കാൻ ശ്രമിച്ചു.
മണി പത്തു കഴിഞ്ഞു. പുറത്ത് കതകിൽ താളാത്മകമായി മുട്ടുന്നു. അബ്ദുൾ എത്തി. കൂടെ തൻറെ ഈ രാത്രിയിലെ യജമാനന്മാരും.

വാതിൽ തുറന്നതേ മൂന്നു ചെറുപ്പക്കാരും അകത്തു കടന്നു. മൂവരും ഇരുപതിൽ താഴെ പ്രായമുള്ളവർ. മാസ്ക് ധരിച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമല്ല. മദ്യത്തിന്റെ ഗന്ധം മുറിയിൽ പടർന്നു . കൂട്ടത്തിൽ അൽപ്പം മുതിർന്നവൻ വന്നപാടെ മുറിയിലെ ലൈറ്റ് ഓഫ്‌ ചെയ്തു. മുറിയിൽ നിഴലുകൾ തിരിച്ചറിയുന്ന പാകത്തിന് ഇരുട്ട്.
ഒരുവൻ റജീനയുടെ മുഖത്തെ മാസ്ക്ക് പതിയെ ഊരി മാറ്റി. മൂവർ സംഘം കയ്യിൽ കൊണ്ടുവന്ന ബാഗിൽ നിന്നും ഒരു ചെറിയ കേക്ക് പുറത്തെടുത്തു. ഒപ്പം ഒരു കുപ്പിയിലെ മദ്യവും ഡിസ്പോസിബിൽ കപ്പും. മദ്യം നിറച്ച ഗ്ലാസ്‌ റജീനക്കു നേരെ നീട്ടിയത് അവൾ നിരസിച്ചു. പക്ഷേ അതിൽ ഒരു നിഴൽ കേക്ക് മുറിച്ചു റജീനയുടെ വായിൽ വച്ചുകൊടുത്തിട്ട് സ്നേഹത്തോടെ പറഞ്ഞു.

“ഈ ക്രിസ്തുമസ് രാത്രി ഒരിക്കലും മറക്കാതിരിക്കാൻ ഈ കേക്കിലൂടെ നമുക്ക് ആഘോഷങ്ങൾ തുടങ്ങാം.
സീൽക്കാരങ്ങൾ ആന്തോളനങ്ങൾ, വിയർപ്പ്, കിതപ്പ്.
മുഖത്തെ ആസകലം മറച്ചിരുന്ന മാസ്ക് അവർ മൂവരും അഴിച്ചു മാറ്റിയിരുന്നില്ല. രാവിന്റെ ഏതോ യാമത്തിൽ ആ മൂവർ സംഘം മദ്യത്തിന്റെ കെട്ട് പൂർണ്ണമായും വിട്ടുമാറാതെ പാതി ബോധത്തോടെ റജീനയുടെ മുറിവിട്ടിറങ്ങുമ്പോൾ ആരോ അവരിൽ ഒരാൾക്ക് സമ്മാനിച്ച ആ കേക്ക്, അവർ റജീനക്ക് മുറിച്ചു കൊടുത്ത ആ കേക്കിന്റെ ബാക്കി ആ മുറിയിൽ ഉപേക്ഷിച്ചാണ് അവർ പോയത്.

മേലാസകാലം നുറുങ്ങിയൊടിഞ്ഞ വേദനയോടെ റജീന മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. വർണ്ണ കടലാസ്സിൽ പൊതിഞ്ഞു അവർ കൊണ്ടുവന്ന, അവരിൽ ഒരാൾക്ക് ആരോ സമ്മാനിച്ച ആ കേക്ക് പൊതിഞ്ഞിരുന്ന വർണ്ണക്കടലാസ്സിനു പുറത്തു പതിപ്പിച്ചിരുന്ന അഡ്രസ്സിലേക്ക് നോക്കിയ റജീന തരിച്ചിരുന്നു. അവളുടെ ബോധ മണ്ഡലത്തിൽ ഒരായിരം പടക്കങ്ങൾ ഒന്നിച്ചു പൊട്ടിത്തെറിച്ചു. ആ കേക്കു പൊതിയിൽ കണ്ട വിലാസം,
അത് ഇങ്ങനെയായിരുന്നു
സാമൂവൽ മാത്യു
റജീന നിവാസ്
ഇരട്ടയാർ
കട്ടപ്പന, ഇടുക്കി.

അപ്പോൾ പെരുമ്പാവൂർ പട്ടണത്തിൽ ക്രിസ്തുമസ് കരോൾഗാനം ഉറക്കെ മുഴങ്ങുന്നുണ്ടായിരുന്നു.ആ മൂന്നു ചെറുപ്പക്കാർ ആഹ്ലാദ നൃത്തം ചവിട്ടുന്നുണ്ടായിരുന്നു.

By ivayana