രചന : സുദർശൻ കാർത്തികപ്പറമ്പിൽ*
വർഷാന്ത്യമേഘങ്ങൾ മങ്ങി മറയവേ;
ഹർഷാരവങ്ങൾ മുഴക്കി മർത്യർ,
ഹാ പുതുവർഷത്തെ മാടിവിളിച്ചുകൊ-
ണ്ടാടിത്തിമിർക്കുകയല്ലി നീളെ!
രണ്ടായിരത്തിയിരുപത്തിയൊന്നിന്റെ ,
ദണ്ഡനമെത്ര ബീഭൽസമോർത്താൽ!
രണ്ടായിരത്തിയിരുപത്തിരണ്ടൊരു
തണ്ടാർദലംപോൽ വിടർന്നിടട്ടെ
സർവസൗഭാഗ്യങ്ങളും നൽകി,സർവർക്കു –
മുർവിയിൽ സൗഖ്യം പകർന്നിടട്ടെ
ജാതി,മതങ്ങൾക്കതീതമായ് ജീവിത –
ഗാഥകളെങ്ങുമുയർത്തിടട്ടെ
ഏതു മഹാമാരി വന്നാലുമീനമു-
ക്കൂതിക്കെടുത്തുവാനുള്ളൊരൂർജം
നിത്യവുമേകി സദ്രസമുള്ളിന്നുള്ളിൽ
സത്യധർമ്മങ്ങൾ പുലർത്തിടട്ടെ
രണ്ടെന്ന ഭാവമകന്നു നാമൊന്നെന്ന,
ചിന്തകളെന്നും തഴച്ചു പൊന്താൻ,
വഞ്ചനയില്ലാത്ത വാതുവയ്പ്പില്ലാത്ത
സഞ്ചാരവീഥികൾ തീർത്തുകൊണ്ടേ;
സഞ്ചിതസംസ്കാര സമ്പന്നരായേവ-
മഞ്ചിതാമോദമുണർന്നെണീക്കാൻ,
കൊന്നും കൊലവിളിച്ചും സ്വൈരജീവിതം
മന്നിലായ് തെല്ലും കെടുത്തിടാതെ;
ഇപ്രപഞ്ചത്തിന്നമൂർത്ത ഭാവങ്ങളെ-
സ്വപ്രയത്നം കൊണ്ടപഗ്രഥിക്കാൻ,
വെന്നുവെന്നായാസമേന്യേയുയർന്നാർദ്ര-
മെന്നുമാ,വെണ്ണിലാവായുദിക്കാൻ,
വിജ്ഞാനദീപംതെളിച്ചു മനസ്സിന്റെ –
യജ്ഞാനമൊന്നായ് തുടച്ചുനീക്കാൻ,
ശാന്തിമന്ത്രങ്ങളാൽ,മണ്ണിൻ മഹിമകൾ,
ക്രാന്തദർശിത്വമാർന്നുജ്വലിക്കാൻ,
തങ്ങളിൽ തങ്ങളിൽ കൈകൾ കോർത്തങ്ങനെ;
നൻമതൻ സന്ദേശമാർന്നുയിർക്കാൻ,
ഈ,നമുക്കാകേണമെങ്കിലേ ജീവിത –
മാനന്ദപൂർണമായ് മാറിടുള്ളു
കാലം നമുക്കായിക്കാത്തു നിൽക്കില്ലൊട്ടു –
മാലോലമായതറിഞ്ഞഹോ നാം,
വാഴ് വിൻ മഹാകാശ ഗോപുരശൃംഗത്തെ;
താഴ്മയോടൊട്ടൊന്നു നോക്കിനിൽപ്പൂ.