രചന : ഗീത.എം.എസ്…✍️

ഒരുവർഷമിന്നങ്ങു വിടപറയുമീ നേരം
ഒരു വർഷമെന്നിലും പെയ്തിടുന്നു
ഓർമ്മകളാകുന്ന ചാറ്റൽ മഴകളും
ഓർക്കാതെ പെയ്യുന്ന പേമാരിയും
ഓർക്കുവാനേറെ പ്രിയമുള്ളൊരോർമ്മകൾ
കോർത്തെടുക്കുന്നിതെൻ മനവുമിപ്പോൾ
ഓർക്കാപ്പുറത്തായുരുണ്ടങ്ങുകൂടുന്നു
ഓക്കാനമേകുന്ന ചിലയോർമ്മകൾ
രണ്ടായിരത്തിരുപത്തൊന്നു പോകുമ്പോൾ
കണ്ടു രണ്ടായിരം പൊയ്മുഖങ്ങൾ
രണ്ടായിരാമാണ്ടിൽ കണ്ടമുഖങ്ങളോ
കണ്ടില്ലയീയിരുപത്തിയൊന്നിൽ
മൂടിവെച്ചകലത്തിരിക്കും മുഖങ്ങളുടെ
മൂടികൾ പലതുമഴിഞ്ഞു വീണു
കണ്ടതും കേട്ടതും മിണ്ടാതെ ചൊന്നതും
കണ്ടുകണ്ടങ്ങിനെ നാൾകൊഴിഞ്ഞു
തണ്ടുംതടിയുമായ് തണ്ടിൽക്കരേറിയോർ
കണ്ടില്ല കേട്ടില്ല യാതൊന്നുമേ
നാട്യങ്ങൾ കാണുവാൻ നേരമതില്ലാതെ
നാട്ടുകാരൊന്നൊന്നായ് പോയ്മറഞ്ഞു
നാട്യങ്ങളില്ലാത്ത ചമയങ്ങളില്ലാത്ത
നല്ലൊരു നാളിനായ് കാത്തിരിക്കാം
പൊയ്മുഖമേതുമേയില്ലാത്ത ഹൃദയങ്ങൾ
സൗഹൃദം പങ്കിടും നാൾ വരട്ടെ

By ivayana