രചന: ശ്രീലത രാധാകൃഷ്ണൻ✍️
“കോമളേ ഇയ്യ് ന്നോട് തർക്കുത്തരം പറയാൻ വരണ്ട ട്ടോ … എനക്ക് അത് നല്ലേ നല്ല…” അമ്മ കലിയിളകി ഇരിക്കയാണ്.
” ഇങ്ങളൊരു തീണ്ടാരീം തൊട്ടൂടായ്മ്മീം…” ചേച്ചി വിട്ടുകൊടുക്കുന്നില്ല.
ഞാനും ചേച്ചിയും അടുപ്പിന്നടുത്താണ്. അടുപ്പിലെ നനഞ്ഞ പച്ചമട്ടലും കരിയിലകളും പുകഞ്ഞ് കത്തി ഞങ്ങളെ കളിയാക്കിച്ചിരിക്കുന്ന പോലെയുണ്ട്.. അടുപ്പിൽ ഊതി നോക്കുന്നുണ്ട് ചേച്ചി. ചേച്ചിയുടെ ഉച്ചിക്കുന്തി കെട്ടിയ മുടിയും പുകയും ഒരു പോലെ മലഞ്ഞ് അടുപ്പിന് ചുറ്റും ആടിക്കളിക്കുന്നുണ്ട്.
അമ്മ അടുക്കള വാതിൽക്കൽ നിന്ന് ഞങ്ങൾക്ക് ഓരോ നിർദേശം നൽകുകയായിരുന്നു. അടുപ്പത്ത് മുളങ്കുറ്റിയിൽ പുട്ട് നവവധുവിനെപ്പോലെ നാണിച്ചു നിൽക്കുന്നു.
മുളങ്കുറ്റിയുടെ ശരീരം മുഴുവൻ ചൂടി കൊണ്ട് കെട്ടിയിട്ടുണ്ട്. കാൽവെച്ചു കുത്തിയാൽ, അച്ഛനെനിക്ക് പഴയ മുണ്ട് കൊണ്ട് ഒരു കെട്ട് കെട്ടിത്തരുന്ന പോലെ പുട്ടുകുറ്റിയുടെ അടിയിൽ ഒരു തുണിച്ചുറ്റുണ്ട്. അതിന്റെ വാൽ തൂങ്ങി എത്തി നോക്കുന്നുമുണ്ട്. ചേച്ചി ഏറെ പ്രയത്നിച്ചിട്ടും പുട്ടിന് ആവി വരുന്നില്ല. അതാണ് അടുക്കളയിലെ മഹായുദ്ധത്തിന് കാരണം.
ഞാൻ രണ്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. ചേച്ചി നാലിലും. സാധാരണ അമ്മയാണ് ഭക്ഷണമുണ്ടാക്കാറ്. ഇന്ന് അമ്മയ്ക്ക് തീണ്ടാരിയാണ്!!!
തീണ്ടാരിയായാൽ അമ്മ അടുപ്പ് തൊടില്ല. കിണറിൽ നിന്ന് വെള്ളവും കോരില്ല. എല്ലാ മാസത്തിലും അമ്മയ്ക്ക് തീണ്ടാരി എന്ന അസുഖം വരും. അപ്പോൾ അമ്മയ്ക്ക് വയറുവേദനയുണ്ടാവും.
ഞങ്ങളെ തൊട്ടാൽ ഞങ്ങൾക്കും വയറുവേദന വരുന്നതിനാൽ, അമ്മ ഞങ്ങളെയും അച്ഛനേയും തൊടില്ല. കിണറ്റിൽ നിന്ന് നീട്ടി വലിച്ച് വെള്ളം കോരേണ്ടതിനാൽ വയറുവേദന കൂടുമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.
തീണ്ടാരി വന്നാൽ അമ്മ അയ്യപ്പൻ കുളത്തിൽ പോയി കുളിക്കില്ല. ശ്യാമളേച്ചി (രാഘവല്യച്ഛന്റെ മകൾ ) വന്ന് ബക്കറ്റിലും ചെമ്പിലും പിന്നെ പാന എന്ന സിമൻറ് ചട്ടിയിലും വെള്ളം നിറച്ചുവയ്ക്കും. അമ്മയ്ക്കുള്ള വെള്ളം മാറ്റി വയ്ക്കും.(അമ്മ തൊട്ടതൊക്കെ ഞങ്ങൾ തൊട്ടാൽ ഞങ്ങൾക്കും തീണ്ടാരി വരും!! )
ഓലകൊണ്ട് ചുറ്റും മറച്ചിട്ടുള്ള ‘മറ’ എന്ന കുളിമുറിയിലാണ് അമ്മ കുളിക്കുക. അമ്മയ്ക്ക് മാത്രമായി കെട്ടിയ അയലിൽ അമ്മയുടെ തുണികൾ ഉണക്കാനിടും. കൂടെ അമ്മയുടെ കോട്ടൺ സാരി കീറിയ തുണികളും ഉണക്കാനിടും .നല്ല നേർമയായ ഈ തുണി എടുത്ത് ഒരു ദിവസം ഞാനെന്റെ സ്കൂൾബാഗ് തുടച്ചതിന് അമ്മയോടെനിക്ക് ചീത്ത കേട്ടു .
” ഇപ്പെണ്ണിനെക്കൊണ്ട് തോറ്റു. നെറ്വന്ത ലേല് വെച്ചാപ്പോലും ഒക്കെ കണ്ടുപിടിക്കും”
അമ്മ വഴക്ക് പറഞ്ഞപ്പോൾ ഞാൻ മുഖം കൂർപ്പിച്ചു നിന്നു.
” അതൊക്കെ ഇച്ചിത്തുണിയാണ്. മോളതൊന്നും എടുക്കര്ത്ട്ടോ ” അച്ഛനെന്നെ സമാധാനിപ്പിച്ചു.
” അത് നല്ല വിറ്ത്തിള്ളതാന്നല്ലോ ” ഞാൻ അച്ഛനോട് പറഞ്ഞു.
” അത് പിന്നെ… അമ്മ വയറ്റില് വേദന മാറാൻ കെട്ട്ന്നതല്ലേ…. അത് തൊട്ടാൽ നമ്മക്കും വേദന വരും…. അതല്ലേ അച്ഛനെടുക്കാത്തത്…” അമ്മ പറഞ്ഞ ചീത്ത അച്ഛന്റെ സമാധാനിപ്പിക്കലിൽ അലിഞ്ഞു പോയി.
” അച്ഛന് തീണ്ടാരിയാവാത്തതെന്താ..?”
എന്റെ പെട്ടെന്നുള്ള ചോദ്യം അച്ഛനെ ഞെട്ടിച്ചു കളഞ്ഞു .
” അദ്… പിന്നെ – അത്.. മോളേ… പെണ്ണുങ്ങൾക്കേ തീണ്ടാരിണ്ടാവൂ… ഓരല്ലേ പ്രസവിക്കുന്നത് – ” അച്ഛൻ ഓരോ വാക്കും ശ്രദ്ധയോടെ പറഞ്ഞു വച്ചു.
“ഇനിയ്ക്ക് തീണ്ടാരി വേണ്ടച്ഛാ …. വയറ് വേദനീം ആവും… അച്ഛനെത്തൊടാനും പറ്റൂല്ലാലോ” ഞാൻ സങ്കടത്തോടെ പറഞ്ഞു.
“അതൊന്നും ആലോചിച്ച് മോളിപ്പോ സങ്കടപ്പെടണ്ടാട്ടോ: ” അച്ഛൻ ചിരിച്ചുകൊണ്ടാണത് പറഞ്ഞത്.
എങ്കിലും മാസത്തിൽ അമ്മയ്ക്ക് വരുന്ന തീണ്ടാരി എന്ന വല്ലായ്മയെ ഞാൻ പേടിച്ചു.
ഈ അസുഖമാണ് ഇന്നിപ്പോൾ അമ്മയ്ക്ക് വന്നത് !! ഇനി മൂന്ന് ദിവസം അമ്മയുടെ അടുത്ത് കിടക്കാൻ പറ്റില്ല. സാധനങ്ങളെല്ലാം കൂട്ടിയിട്ട മുറിയിൽ നിലത്ത് ഒരു പായ വിരിച്ചാണ് അമ്മ കിടക്കുക. അത് കാണുമ്പോൾ സങ്കടം വരും.
അമ്മയ്ക്ക് തീണ്ടാരി വരുമ്പോൾ ശ്യാമളേച്ചിയാണ് സാധാരണയായി വിട്ട് ജോലികൾ ചെയ്ത് തരാറുള്ളത്. അമ്മയ്ക്ക് വയ്യാന്നും പറഞ്ഞ് ശ്യാമളേച്ചിയെ വിളിക്കാൻ ചേച്ചി പോയതുമാണ്.
” മോളേ.. ശ്യാമളീം ഇവടെ തൊട്ടൂടാണ്ടിരിക്യാ ” എന്ന് വല്യമ്മ പറഞ്ഞൂന്ന്
” എന്നാപ്പിന്നെ മക്കളേ, ഇങ്ങള്വന്നെ എന്തേലും ണ്ടാക്കിക്കോളി ” അച്ഛൻ പറഞ്ഞു.
ചേച്ചിയും ഞാനും പല്ലുതേച്ച് മുഖം കഴുകി അടുക്കളയിലേയ്ക്ക് പോയി. അച്ഛൻ കുളിക്കാനായി കിണറ്റിൻ കരയിലേക്കും.
“രണ്ട് ഗ്ലാസ് പൊടി എട്ക്ക്… ഒരു നുള്ള് ഉപ്പിട്”
പുട്ടുണ്ടാക്കാൻ, അമ്മ, ചേച്ചിയ്ക്ക് ഓരോരോ നിർദേശങ്ങൾ കൊടുക്കുന്നുണ്ട്.
ചേച്ചി അത് അക്ഷരംപ്രതി നടപ്പാക്കിക്കൊണ്ടിരിക്കുകയുമായിരുന്നു.
“വെള്ളം കുടഞ്ഞ്… കുടഞ്ഞ് ഒഴിയ്ക്” അമ്മ പറഞ്ഞു.
പെട്ടെന്നാണ് അത് സംഭവിച്ചത്. വെള്ളമെടുത്ത ഗ്ലാസ് ചേച്ചിയുടെ കൈയിൽ നിന്ന് പുട്ടുപൊടിയിൽ വീണു.
” ഒക്കെക്കൂടി പായസം പോല്യാക്യല്ലോ ന്റീശ്വരാ ….” നെഞ്ചത്ത് കൈവച്ചു കൊണ്ട് അമ്മ പറഞ്ഞു.
ടിന്നിൽ സൂക്ഷിച്ച പുട്ടുപൊടി മുഴുവൻ. ഇട്ടിട്ടും പൊടിയെല്ലാം വെള്ളത്തിലേയ്ക്ക് ഊളിയിട്ടു കളഞ്ഞു. ഒടുവിൽ കുറച്ച് പത്തിരിപ്പൊടി കൂടി, സ്വന്തമായി ചേച്ചി ചേർത്തു. കടലമണി പോലെ ഉരുണ്ടു കിടന്ന പൊടി ചേച്ചി മുളങ്കുറ്റിയിൽ കുത്തി നിറച്ചു. അത് അടുപ്പത്ത് ഉണ്ടായിരുന്ന മുഖം കറുത്ത അലൂമിനിയത്തൂക്കിൽ അമർത്തിവെച്ചു. പിന്നീട് കമഴ്ന്ന് കിടന്ന് അടുപ്പിലേയ്ക്ക് തുപ്പൽ തെറിപ്പിച്ചു കൊണ്ട് ഈതി. പുകഞ്ഞ് കത്തിയ അടുപ്പ് അതോടെ ഹർത്താലാചരിക്കാൻ തുടങ്ങി.
ഞങ്ങൾക്ക് ആകെ മൂന്ന് തൈത്തെങ്ങുകളേ ഉള്ളൂ. പിന്നെ മട്ടി എന്ന ചില്ലയില്ലാത്ത , നീളത്തിൽ ഉയർന്ന് പൊങ്ങിയ ഒരു മരവും. ഇടവഴിയിൽ നിന്ന് കിട്ടുന്ന, തേക്കിന്റെ ഉണങ്ങിയ ഇലകളാണ് ഞങ്ങളുടെ പ്രധാന വിറക് – പിന്നെ താഴത്തെ വീട്ടിലെ ശാന്തേട്ത്തി തന്ന ചിപ്പിലിപ്പൊടിയും (മരത്തിന്റെ പൊടി). എല്ലാം കൂടി ഇട്ടുകത്തിച്ചു ചേച്ചി. ഗിരിജട്ടീച്ചർ പഠിപ്പിച്ച അഗ്നി പർവ്വതം പൊട്ടി ലാവ പുറത്ത് വരുന്നു’ എന്നാണ് എനിയ്ക്ക് ഓർമ്മ വന്നത്. (ഞാനിത് പറഞ്ഞില്ല. പറഞ്ഞാൽ കവിളത്ത് പിച്ചുകിട്ടുമെന്ന് എനിക്കുറപ്പായിരുന്നു)
എന്തായാലും അടുപ്പ് കത്താത്തതിനാലാണോ പുട്ടുപൊടിയുടെ പ്രശ്നമാണോ എന്നറിയില്ല മുകളിലൂടെ പോകേണ്ട പുകയെല്ലാം തന്നെ ” പ്ശൂ… പ്ശൂ… പ്ശൂ” എന്ന് കുറ്റിയുടെ അടിയിലൂടെ ചൂളം വിളിച്ച് പാഞ്ഞുപൊയ്ക്കോണ്ടിരുന്നു.
” ഇങ്ങക്ക് വേണേല് ണ്ടാക്കിക്കോളി പുട്ടും കുന്തും… ഇനിയ്ക്കാവൂല്ല” പൊതുവെ കരിയും പുകയും ഇഷ്ടയില്ലാതിരുന്ന നാലാം ക്ലാസ്സുകാരി ചേച്ചി അടുപ്പിന്റടുത്ത് നിന്ന് ചവിട്ടി കുലുക്കി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
” ഇയ്യ്ന്നോട് തലീം വെറുപ്പിച്ചും കൊണ്ട് വരണ്ട ട്ടോ…. ഞാന്തന്യല്ലേ എല്ലാ ദെവസൂം അടുക്കളേല് കേറല് ” ദ്വേഷ്യവും സങ്കടവും കലർന്ന എന്തോ ഒരു ശബ്ദത്തിൽ അമ്മയും പറഞ്ഞു.
“ന്റെ തല ഇങ്ങനെത്തന്യാ ” ചേച്ചി വീണ്ടും തർക്കുത്തരം പറഞ്ഞു.
ദ്വേഷ്യം വരുമ്പോൾ ചേച്ചി തല വിറപ്പിച്ചാണ് സംസാരിക്കുക എന്നാണ് അമ്മ പറയാറ്. അത് അമ്മയ്ക്ക് തീരെ പിടിക്കാറില്ല.
ഇത് കേട്ടാണ് തലതുവർത്തിക്കൊണ്ട് അച്ഛൻ അടുക്കളയിലേക്ക് വന്നത്.
“എന്താ പ്പം പ്രശ്നം.. ?” അച്ഛൻ ചോദിച്ചു.
” ന്റീശ്വരാ… ഈറ്റ്യളെ എടേന്ന് ഒന്ന തെക്കോട്ടെത്താ മത്യായിര്ന്ന്…. ” അമ്മ ആരോടെന്നില്ലാതെ പാഞ്ഞു.
“ഇനിയ്ക്ക് മലയാളം കോപ്പി എഴ്താന്ണ്ട്… കണക്ക് ഹോം വർക്ക്ണ്ട്… കുളിച്ചിട്ട് ഇ സ്കൂളള് പോവാന്ണ്ട്… ഈ പൂട്ടുംകുറ്റീന്ന് പുട്ട്ണ്ടാവ്ന്നില്യ…” ചേച്ചി സങ്കടത്തോടെ പറഞ്ഞു.
” ഇന്ന് ചായവേണ്ടനിയ്ക്ക്…. ഞാൻ പീടീ യേന്ന് കുടിച്ചോൾന്ന് ണ്ട്…. ഇനി മുതല് ഇയ്യ് കുളിച്ചിട്ട് അട്ക്കളേല് കേറിക്കോൾണ്ട്… കുട്ട്യളെ കഷ്ടപ്പെട്ത്തണ്ട ” അച്ഛൻ ശാന്തനായി അമ്മയോട് പറഞ്ഞു.
അന്നു മുതൽ അമ്മയ്ക്ക് തീണ്ടാരി ഉണ്ടായിട്ടേയില്ല. മാസത്തിൽ അമ്മ ഉണക്കാനിടുന്ന നേർമ്മയായ കോട്ടൺ സാരിത്തുണി എടുത്ത് ബാഗ് തുടക്കാൻ മാത്രം അമ്മ എന്നെ സമ്മതിച്ചില്ല. എനിയ്‌ക്കെത്താത്ത ഉയരത്തിൽ അമ്മ അയൽ കെട്ടിക്കളഞ്ഞു.