രചന : ഷാജു കെ കടമേരി✍️
അശാന്തിയുടെ
ഭ്രമണപഥങ്ങളിൽ നിന്നും
മഞ്ഞ് പെയ്യുന്ന
ഡിസംബറിനോട്
വിട പറഞ്ഞ്.
കൊടുംവെയിൽ പൂക്കൾ
പൊതിഞ്ഞ
ചോരയടർന്ന ദൃശ്യങ്ങളിൽ
മുഖം പൊത്തി കുതറി
വേതാള ജന്മങ്ങളിൽ നിന്നും
ഓടിയകന്ന്,
ചെവിപൊട്ടിയെത്തുന്ന
ഉന്മാദ ജല്പനങ്ങളിൽ
അഗ്നി വർഷിച്ച്
കരിഞ്ചിറകടിച്ച കിനാക്കളിൽ
മുത്തുമണികൾ കോർക്കാൻ
വിലാപങ്ങളിൽ
തല ചായ്ച്ചുറങ്ങുന്ന
ഭൂമിയുടെ നെഞ്ചിൽ
പുതുവസന്തത്തിന്റെ
ചിറകടിയൊച്ചകൾ
കൊത്തിവയ്ക്കാൻ
തലച്ചോറ് കൊത്തിപ്പിളർന്ന
വാക്കുകൾ ഏറ്റുമുട്ടി
പതറി നിന്ന തെരുവുകളിൽ
സമത്വത്തിന്റെ വരികൾ
പടർത്താൻ
മുറിവുകൾ തിന്ന് കൊഴുത്ത
കാലത്തിന്റെ ഇതളുകൾ
അറുത്തെടുത്ത്
ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ്
കൂരിരുൾ നക്കിതുടച്ച്
കനല് കോരിയൊഴിച്ചിട്ട
വഴികളിൽ നന്മയുടെ
കൈപിടിച്ചുയർത്തുന്ന
സത്യസാക്ഷ്യങ്ങൾക്ക്
തുടുപ്പേകാൻ
നിലവിളിക്കുന്ന
ചങ്കിടിപ്പുകളിൽ
പുതുമഴക്കാറ്റുകൾ
കെട്ടിപ്പിടിച്ച്
ചുംബിച്ചുണർത്താൻ
അന്ധകാരത്തിന്റെ
കാരാഗൃഹകവാടം
ചവിട്ടിപ്പൊളിച്ച്
അനീതിയുടെ ചില്ലുകൊട്ടാരം
എറിഞ്ഞുടച്ച് പ്രമദത്തിൻ
കൈത്തിരി വെട്ടവുമായ്
നീ വീണ്ടും…….