രചന : മംഗളാനന്ദൻ✍️
ഇരുപത്തൊന്നാം നൂറ്റാ-
ണ്ടിന്റെ യായുസ്സിൽനിന്നും
ഒരു കൊല്ലവും കുടെ-
യിന്നിതാ കൊഴിയുന്നു.
അറിയാം പ്രപഞ്ചത്തിൻ
ശ്വാസധാരയിലെന്നും
വെറുതെയൊരു മാത്ര
മാത്രമീസംവത്സരം.
എങ്കിലുമല്പായുസ്സാം
മാനവകുലത്തിനു
സങ്കടക്കടലിലെ
യുഗമായതു മാറി.
നിയതിതൊടുത്തൊരു
ജൈവബാണത്തിൽനിന്നു
ഭയപ്പാടോടെ യോടി-
യൊളിച്ചു, നരകുലം.
കോടി ജന്മങ്ങൾ ബലി
കൊടുത്തെങ്കിലുമിന്നും
തേടുന്നു മരണത്തിൻ
കരങ്ങൾ മനുഷ്യരെ!
പ്രതിസന്ധികളോളം-
തല്ലുമാഴിയിൽ നിന്നും
അമൃതം കടഞ്ഞെടു-
ക്കാൻ, ഞങ്ങൾ ശ്രമിക്കുന്നു.
വരവേൽപ്പിനു കാത്തു-
നില്ക്കാതെ വീണ്ടുമൊരു
പുതുവത്സരം വന്നു
വാതിലിൽ മുട്ടീടുമ്പോൾ,
നരവംശമീ മണ്ണിൽ
നിലനില്ക്കണമെങ്കിൽ
കരുതൽ വീണ്ടും വേണ-
മെന്നു നാം പഠിക്കുന്നു
സ്ഥലകാലത്തിൻ പരി-
മിതികളറിയാതെ,
നിലതെറ്റിയ പട്ടം
താഴേക്കു പതിച്ചാലും
നരജന്മവുമണു-
ജന്മവുമൊന്നാണെന്ന
പൊരുളുൾക്കൊള്ളാതിന്നു-
മലയുന്നവർ നമ്മൾ!