രചന : വിദ്യാ രാജീവ് ✍️

മൂകമായ് തേങ്ങി തിരയുന്നു
പറയാതെ പറന്നകന്നോരിണക്കുയിലിനെ പാവമാമൊരു പൂങ്കുയിൽ.
പാഴ്‌വഞ്ചി തുഴഞ്ഞു തനു തളർന്നീടുന്നു ദിശയറിയാതെയാ പൂങ്കുയിൽ.
കനൽവഴിതാണ്ടി പോയിടേണം
പുകമറയെങ്ങും നിറഞ്ഞിടുന്നു.
യാത്രാമൊഴി ചൊല്ലാതെ പോയതെന്തേ
സഹയാത്രികനായ് തീർന്നതല്ലേ.
ഒരു മാത്രയെനിക്കായിനി നൽകിടാമോ.
കൊതിതീരെ ചാരത്തു കൂടണയാൻ
പ്രണയതീരത്തെ പുണർന്നീടുവാൻ.
മൗനസഞ്ചാരിണിയായെൻ നെഞ്ചകത്തിൽ
വിരഹാർദ്ര ഗീതികൾ പാടീടുന്നു.
ഹൃദയാംബരത്തിലെ മേഘപ്പാളികൾ
കണ്ണീർ പൊഴിച്ചീടുന്നു.
നീ ചൊരിഞ്ഞ പ്രണയ പീയൂഷത്തിൻ
തുള്ളികൾ നീരറ്റുവല്ലോ.
ശലഭായുസാർന്ന വസന്തക്കാലത്തെ ജീവസുറ്റതാക്കാൻ മനമുഴുറുന്നു.
കൊഴിയും മുൻപേ മുക്തിയേകിടാമോ,
നീയാം സ്നേഹപാശത്തിൽ നിന്നും.
എൻ കാണാമറയത്തേ ഇണക്കുയിലേ !

By ivayana