രചന : ബിനു. ആർ. ✍️
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ ഭാഗത്താണ് ഞാൻ താമസിക്കുന്നത്.ഇവിടെയാണ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡും പ്രൈവറ്റ് ബസ് സ്റ്റാൻഡും. ഞാൻ താമസിക്കുന്ന രണ്ടു ദിശകളിൽ.ജോലിയിൽ ഞാൻ സംതൃപ്തനാണ്. ഓരോ ദിവസത്തെയും സായാഹ്നങ്ങൾ പ്രിയപ്പെട്ടവയുമാണ്. അപ്പോഴാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ, തിരക്കിൽ ഫയലുകൾക്കിടയിൽ തലവേദന സൃഷ്ടിക്കപ്പെടുന്നവർ എല്ലാവരും ഒന്നുചേരുന്നത്. ഓരോരുത്തരുടെയും അവസ്ഥാവിശേഷങ്ങൾ മിന്നിമറയുമ്പോഴത്തേക്കും ആ ദിവസം രാത്രിയുടെ രണ്ടാം യാമത്തിലേക്ക് കടന്നിരിക്കും. ഞാനേറെ ഇഷ്ടപ്പെട്ടിരുന്നതും ദിവസത്തിലെ ആ രാത്രികളെ ആയിരുന്നു.
രാഷ്ട്രീയവും അവൻ തകർക്കപ്പെടുന്ന നമ്മുടെ സ്വാതന്ത്ര്യവും അവയിൽ നിന്നു വമിക്കുന്ന വിഷം നിറഞ്ഞ ചിന്തകളും നമ്മളെ തന്നെ നാമല്ലാതാക്കുന്ന അവസ്ഥയും ഞങ്ങളുടെ സായാഹ്നത്തിൽ പലപ്പോഴും വിമർശനവിധേയമായിരുന്നു. അതിൽ നിന്ന് ഇനി എന്നാണ് മോചനം എന്നുവരെ ഞങ്ങൾ ചിന്തിക്കാറുണ്ടായിരുന്നു. ഞങ്ങൾ പിരിയുമ്പോൾ നഗരത്തിലെ വാഹനത്തിരക്കുപോലും അവസാനിച്ചിരിക്കും. ആകാശങ്ങളിൽ മിന്നിമറയുന്ന വാഹനങ്ങളുടെ പ്രകാശങ്ങൾ വല്ലപ്പോഴുമായി മിന്നിപ്പൊലിയുന്നതുകാണാം.
പലപ്പോഴും ഞങ്ങൾ നഗരത്തിൽ വർദ്ധിച്ചു വരുന്ന ഫാഷൻ ഭ്രമത്തെ കുറിച്ചും ചർച്ച ചെയ്യാറുണ്ട്. നിറങ്ങൾ മാറുന്നതും വസ്ത്രങ്ങൾ വീണ്ടും പഴമയിലേക്ക് കുതിക്കുന്നതും ചെരുപ്പുകൾ വീണ്ടും കെ- ട്ടുവള്ളികളാൽ നിറയുന്നതും ഞങ്ങൾ ചർച്ചചെയ്യാറുണ്ട്. അലക്‌സാണ്ടർ ചക്രവർത്തി ഉപയോഗിച്ചിരുന്ന പാദരക്ഷകൾ ആധുനിക മനുഷ്യന്റെയും പാദങ്ങളിൽ വള്ളികൾ കോർക്കുന്നതും, പടിഞ്ഞാറൻ നാട്ടിലെ വേഷവിധാനങ്ങൾ നമ്മുടെ പെണ്ണുങ്ങൾ എടുത്തണിഞ്ഞു ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നു പറഞ്ഞതുപോലെ തുള്ളിക്കളിക്കുന്നതിലെ വൈകാരികതകളെക്കുറിച്ചു പരിതപിക്കുകയും, ഒത്തുചേരുമ്പോൾ മറക്കുന്ന ഭാഷയുടെ വൈകല്ല്യത്തേക്കുറിച്ചും ഒക്കെ ചർച്ച ചെയ്യാറുണ്ട്.
ഇതൊന്നുമില്ലാതെ നഗ്‌നപാദനായി നടക്കുന്ന മലയാളിയുടെ വേഷമായ മുണ്ടും ഷർട്ടുമിട്ടു നടക്കുന്ന എന്നെ കാണുമ്പോൾ അവർ പുലമ്പുന്നുണ്ടാവും പഴഞ്ചനെന്ന്.
പഴയത് സ്വർണം പോലെയെന്ന് ഇൻഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. മലയാളത്തിലെ ചൊല്ലുകൾ പഴഞ്ചനാണല്ലോ. ഇൻഗ്ലീഷിലെ പഴഞ്ചന് ഇവിടെ നല്ല മാർക്കറ്റുമാണ്.
അന്ന് നഗരത്തിലെ പ്രഭാതത്തിൽ ഓഫീസിലേക്കുള്ള യാത്രയിൽ തിരക്കിലലിയാൻ തുടങ്ങിയപ്പോൾ യാദൃശ്ചികമായാണ് അനിതയെ കണ്ടത്. നഗരത്തിരക്കിൽ അനിയന്ത്രിതമായ വേഗതയിൽ ജനം ഒഴുകിക്കൊണ്ടിരുന്നപ്പോൾ ഏതോ ഒരു ലക്ഷ്യത്തിലേക്കുള്ള അലസതയാർന്ന പ്രയാണം. ആ ഒരു വ്യത്യസ്തത ശ്രദ്ധിക്കാതിരിക്കാനേ ആയില്ല. ഒരുപക്ഷേ അതിനുമുമ്പും അവൾ ഇതുപോലെ നടന്നുപോയിട്ടുണ്ടാകും. പക്ഷേ, അന്നാണ് ഞാൻ ശ്രദ്ധിച്ചത്.
വാനിറ്റി ബാഗ് കക്ഷത്തിലിടുക്കി നടന്നുപോകുന്ന ഒരു സ്ത്രീ. ശ്രദ്ധയാർന്ന വേഷവിധാനം. നടന്നുപോകുന്ന ആ അലസതക്കിടയിലും പ്രസാദിക്കണോ, വേണ്ടയോ എന്ന മുഖഭാവം.
അതുകൊണ്ടാവാം ഞാൻ ആ സ്ത്രീയെഎന്നും ശ്രദ്ധിച്ചു തുടങ്ങിയത്.
ചില ദിവസങ്ങളിൽ നെറ്റിയിൽ കുങ്കുമപ്പൊട്ടിനുപകരം ചന്ദനക്കുറിയോ ഭസ്മക്കുറിയോ ആയിരിക്കും. ചില ദിവസം മുഖത്തു് ആരോടൊക്കെയോ ഉള്ള കുറുമ്പ് ആയിരിക്കും. ഇങ്ങനെ ഓരോദിവസവും ഉള്ള ഭാവമാറ്റമായിരിക്കാം അവളെ, ഞാൻ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയത്.
അന്ന് പ്രഭാതത്തിൽ നഗരത്തിരക്കിൽ ലയിക്കുമ്പോൾ വെറുതെയാണ് ഒന്ന് നോക്കിപ്പോയത്. പുറകോട്ട് കടന്നുപോവുമ്പോൾ തിരിഞ്ഞു നോക്കാതെയിരിക്കാനായില്ല. കണ്ണുകൾ തമ്മിലുടക്കിയോ എന്നറിയില്ല. എന്നെ കണ്ടിരിക്കാനും വഴിയില്ല.
പക്ഷേ, പെൺകുട്ടികൾ ആരെയും ശ്രദ്ധിക്കുന്നവരല്ലെന്ന് ഒറ്റനോട്ടത്തിൽ കരുതാമെങ്കിൽ തന്നെയും, എല്ലാവരെയും കാണുന്നവരാണെന്ന് ഏതോ സൈദ്ധാന്തികൻ പറഞ്ഞതായി ഞാൻ ഓർക്കുന്നുണ്ട്.വാനിറ്റി ബാഗ് തോളിൽ തൂക്കാതെ കക്ഷത്തിൽ വച്ചിരിക്കുന്നത് കണ്ടാണ് ഞാൻ തിരിഞ്ഞുനോക്കിപ്പോയത്.
അന്നത്തെ സായാഹ്നത്തിലും പിറ്റേന്നും ഞാൻ മൗനിയായിരുന്നുവെന്ന് , പിറ്റേന്ന് സായാഹ്നത്തിൽ ഗോപൻ പറഞ്ഞപ്പോഴാണ് എന്റെ മൗനം വിങ്ങിയിരുന്നുവെന്ന് ഞാൻ അറിഞ്ഞത്. അവനൊടുവിൽ രഹസ്യമായി പറഞ്ഞു.
‘നീ ആരെയോ പ്രേമിക്കുന്നു. ‘
ശരിയാണോ എന്നുഞാൻ എന്റെ മനസ്സിനോട് പലവട്ടം ചോദിച്ചു. ശരിയാണ് എന്നൊരുത്തരം മനസ്സ് തന്നതേയില്ല. അങ്ങനെ ഒന്നും മിണ്ടാത്ത ദിവസങ്ങൾ വർദ്ധിച്ചു വന്നു.
ഒരുദിവസം പരസ്പരം കടന്നുപോകുമ്പോൾ അനിതയുടെ കൺകോണുകളിൽ ചിരിയുടെ ഒരംശം ഞാൻ കണ്ടു. അങ്ങനെ ദിവസങ്ങൾ വീണ്ടും ഉണർന്നു. വിമർശനവിധേയമാവുന്ന സായാഹ്നങ്ങളും നഗരത്തിരക്കിൽ ലയിച്ചു കടന്നുപോകുന്ന പ്രഭാതങ്ങളും നിത്യസംഭവവുമായി.
നാട്ടിൽ, സന്തോഷം നിറഞ്ഞ ഒരു രാത്രിയിൽ ചേട്ടന്റെ മക്കളെ കെട്ടിപ്പിടിച്ചു ചക്കരയുമ്മകൾ ഏറ്റുവാങ്ങി, ഔട്ട് ഹൌസിൽ ശാന്തമായ ഉറക്കത്തിനു നാന്ദിയൊരുക്കുമ്പോൾ മനസ്സ് തീർച്ചപ്പെടുത്തുകയായിരുന്നു , അനിതയുടെ കാര്യം വീട്ടിൽ പറയണം.
പുതുവത്സരത്തിലെ സ്നേഹമായി അതു നിറയണം.
ഞാൻ കണ്ട വിചിത്രമായ സ്വപ്നം എന്റെ ഉറക്കത്തെ ഭഞ്ജിച്ചതേയില്ല. ഒരു മരുഭൂമിയിൽ വീശിയടിക്കുന്ന കാറ്റിനെതിരെ ഞാൻ ഒറ്റക്ക് നടന്നുപോകുന്നു. എന്റെ വസ്ത്രങ്ങളും മുടിയും കാറ്റിന്റെ ഗതിയിൽ.
രാവിലെ നേരത്തേ എഴുന്നേറ്റു. അച്ഛനോടെങ്ങിനെ അനിതയുടെ കാര്യം പറയുമെന്ന ചിന്ത നീണ്ടുപോയി. കാക്കകളുടെ കരച്ചിൽ കേട്ടില്ല. മറ്റുള്ള പക്ഷികളുടെ കൂജനവും കേട്ടില്ല. പക്ഷേ പ്രകാശം ഇളം വെയിൽ വീശി കടന്നുവന്നു.
ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു. ഇന്ന് പുതുവത്സരമാണ്. ജനുവരി 1.
എന്റെ കണ്ണുകളെ എനിക്ക് ഒരു നിമിഷം വിശ്വസിക്കാനായില്ല.. ! ഞാൻ കണ്ട സ്വപ്നം തുടർന്നും കാണുകയാണെന്ന് എനിക്കു തോന്നിപ്പോയ് … ! ഞാൻ ഉറങ്ങിയിരുന്ന ചെറുവീട് ഞാൻ കിടന്നിരുന്ന നാല് ചുവരുകൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു !ചുറ്റുമുള്ളതെല്ലാം ആ സ്വപ്നത്തിന്റെ തുടർച്ചയെന്നപോലെ ശ്യൂന്യമായിരുന്നു. നോക്കെത്താദൂരത്തോളം..!
കഴിഞ്ഞരാത്രിയിലെപ്പോഴോ വന്നുചേർന്നൊരു ഭൂകമ്പം എല്ലാം തകർത്തെറിഞ്ഞിരുന്നു.
ഇത്ര പെട്ടെന്ന് സ്വപ്‌നങ്ങൾ നഷ്ടപ്പെടുമെന്ന് ആരും അറിഞ്ഞിരിക്കില്ല. കൊച്ചുകുട്ടികളുടെ വളർന്നുവന്നതിനു ശേഷം എന്തൊക്കെ ആയിത്തീരണമെന്ന മോഹങ്ങളാണ് നഷ്ടപ്പെട്ടത്. കൗമാരപ്രായക്കാരുടെ ആരെയൊക്കെ പ്രേമിക്കണമെന്ന ചപലവികാരങ്ങളുടെ ആകെത്തുകയാണ് നഷ്ടപ്പെട്ടത്. ഓരോ അച്ഛന്റെയും അമ്മയുടെയും കൊച്ചുമക്കളെ താലോലിക്കണമെന്ന മോഹമാണ് നഷ്ടപ്പെട്ടത്.
ആധുനികതയുടെ പടവുകൾ കയറി ഒരു പടി മുകളിലെത്തിയ നഗരമാകെ മരുഭൂമിപോലെ. എല്ലാവരുടെയും മോഹങ്ങൾക്കൊപ്പം ജീവനും നഷ്ടപ്പെട്ടപ്പോൾ നഗരവും നഷ്ടപ്പെട്ടിരുന്നു.
ആരുമില്ലാത്ത ഈ ഭൂമിയിൽ ഞാൻ മാത്രം.