രചന : ജയശങ്കരൻ ഒ ടി*

ഒടുവിനെന്തിനെന്നില്ലാതെ നീളുന്ന
വിളവെടുപ്പിനായ് എത്തും പുലരികൾ
അതിരു കാണാതെ താനേ മുളക്കുന്ന .
ചുടല നാമ്പു പോൽ നീളും പ്രതീക്ഷകൾ
പരിചിതം,വന്നു പോയവ,തീരെയും
പുതിയവ,കാത്തു നിൽക്കാതെ മാഞ്ഞവ .
നിഴലുപോൽ നിന്നതാരുടേയോ മുഖം
മറവിയിൽ താണുറഞ്ഞൂറിനിന്നതോ
അരുമയാം കൈവിരൽ തൊട്ടു പെങ്ങളെ
ന്നൊരു തവണ വെളിച്ചം പകർന്നതോ
പിരിയുകില്ലിനി തോഴനായെപ്പൊഴും
അരികിലുണ്ടാവുമെന്ന വാക്കായതോ
അകലെയേതോ മണൽ കൂനയിൽ നിന്നും
ഒഴിവു കാലമായ് വന്നു തിമർത്തതോ
പ്രഥമരാഗമായ് നോവിന്റെ തേങ്ങലിൽ
മിഴികൾ തേങ്ങിപ്പലായനം ചെയ്തതോ
നവസമാഗമം പെയ്ത പൂക്കാലമായ്
നിറസുഗന്ധം പരത്തിപ്പടർന്നതോ
സുഭഗയൗവനം നർത്തനാവേശമായ് .
സദിരുകളിൽ തിളക്കമായ് നിന്നതോ
അലിവു നീരൊഴുക്കായ പോൽ നാടിന്റെ
മിഴിതുറന്നു താങ്ങായ് ചേർന്നു നിന്നതോ
പഴയതെത്രയോ ബാക്കിയുണ്ടെങ്കിലും
പലതുമെന്നോ മുഷിഞ്ഞു തീർന്നെങ്കിലും
നുരിയിടും പ്രഭാതത്തിന്റെ താളുകൾ
നിറയെ നാമ്പിടും അക്ഷരക്കൂമ്പിനാൽ
മരണവാർത്തകൾ താനേ കൊളുത്തുന്ന
ചിതയിൽ നൃത്തമാടും കെടും കാലമേ.
ഇവരിലാരാർക്ക് ബന്ധു!ആർ സേവകർ ?
ഉടയവർ? ശത്രു? സ്നേഹിതർ? ഘാതകർ?

By ivayana