രചന : ശിവരാജൻ കോവിലഴികം, മയ്യനാട്

നീയെന്റെ കൈകളിൽ ചേർത്തുപിടിച്ചുകൊ-
ണ്ടെന്നെ നയിക്കുക നൂതനവർഷമേ
ശൂന്യതമാത്രം നിറഞ്ഞോരെൻ ഹൃത്തിൽ നീ
പുത്തൻപ്രതീക്ഷതൻ ദീപം തെളിക്കുക .
ഓർക്കുവാ,നോർമ്മപ്പെടുത്തുവാ,നോർമ്മയിൽ
ചൂഴുന്ന ദുർവ്വിധിമാത്രമെന്നാകിലും
മുഗ്ദ്ധഹാസത്തിന്റെ വർണ്ണങ്ങൾ തൂകുവാൻ
നിറസൗഭഗം ചൂടിവരുക നവവർഷമേ .
എരിയുന്ന വ്യഥകൾതൻ കണികണ്ടു മാനുഷർ
വിധിലിഖിതമെന്നു തപിച്ചിടുംവേളയിൽ
അകലുന്നു യാത്രാമൊഴി മറന്നിരുളിങ്കൽ
പഥികനായ്, ഖിന്നനായ് പോയതാം വത്സരം.
കാവ്യമായ് ഹൃത്തിൽ നിറയുന്ന ഭാവനേ
സ്വസ്തിചൊല്ലുന്നിതാ ജന്മസാഫല്യമേ!
കാവ്യപുഷ്പങ്ങളാൽ ഹാരങ്ങൾ കോർക്കുവാ-
നെത്തുക ഭാവനേ നിത്യം നിരന്തരം .
സ്നേഹിച്ചവർ, പിന്നെ സ്നേഹം നടിച്ചവർ
പണമാണു വലുതെന്ന പാഠം പകർന്നവർ
ചിരികൾക്കു വിലയിട്ട ജനതകൾക്കൊക്കെയും
പുതുഹർഷമേകുക നീ നവവർഷമേ .
ഞാനെന്ന ഭാവം വിതയ്ക്കുവാനെത്തുന്ന
ന്യുനമാം ചിന്തകൾ തീണ്ടാതിരിക്കട്ടെ.
തമ്മിൽ മതഭ്രാന്തു തെല്ലുമില്ലാതിങ്ങു
സ്നേഹം മഹാമതമാകട്ടെ ലോകരിൽ.

By ivayana