യു.എസ്. നാരായണൻ*

ശ്ലോക സാഹിത്യ രംഗത്ത് ഏറെയൊന്നും കൊണ്ടാടപ്പെട്ടിട്ടില്ലാത്തതും എന്നാൽ വിസ്മരിയ്ക്കപ്പെടാൻ പാടില്ലാത്തതുമായ കവിശ്രേഷ്ഠനാണ് ആദിരിയേടത്തു പയ്യൂർ നീലകണ്ഠൻ ഭട്ടതിരിപ്പാട്.

തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് പോർക്കുളത്ത് ആദിരിയേടത്തു മനയിലാണ് നീലകണ്ഠൻ ഭട്ടതിരിപ്പാടിൻ്റെ ജനനം.
ചേകൂർ പട്ടേരിയില്ലമാണ് അദ്ദേഹത്തിൻ്റെ മാതൃഗൃഹം.
ഔപചാരികവിദ്യാഭ്യാസം കാര്യമായി നേടിയിട്ടില്ലെങ്കിലും സ്വന്തം ഏട്ടനായ ദിവാകരൻ ഭട്ടതിരിപ്പാടിൽ നിന്ന് വിഷവൈദ്യവും സംസ്കൃതവും പഠിച്ചു.
വിഷവൈദ്യത്തോടൊപ്പം ഗണിതത്തിലും അസാമാന്യമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു.
സൗഹൃദപരമായ പല ചർച്ചകളിലും അദ്ദേഹത്തിൻ്റെ ശാസ്ത്ര പാണ്ഡിത്യം മറ നീക്കി പുറത്തു വരാറുള്ളതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

കുടുംബപരമായ പ്രാരബ്ധങ്ങളും ആരോഗ്യ പ്രശ്നങ്ങളും തടസ്സപ്പെടുത്തിയതിനാൽ അദ്ദേഹത്തിൻ്റെ രചനകൾ പലതും അപൂർണമാണ്.
ഒട്ടേറെ സ്വതന്ത്രരചനകളും ഭാഗികവും പൂർണവുമായ ചില തർജ്ജമകളുമാണ് അദ്ദേഹത്തിൻ്റേതായി ലഭിച്ചിട്ടുള്ളത്.
‘ഉപനയനം’ എന്ന പേരിൽ ഒരു ശ്ലോക സമാഹാരം പ്രസിദ്ധീകൃത മായിട്ടുണ്ട്.
ഇതുകൂടാതെ ‘നാഗാനന്ദം’ എന്ന സംസ്കൃത നാടക പരിഭാഷ,
ചന്ദ്രോത്സവം എന്ന പ്രാചീന മണിപ്രവാളകൃതിയുടെ വ്യാഖ്യാനം എന്നിവയും ആദരിയേടത്തിൻ്റേതായുണ്ട്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ചന്ദ്രോത്സവം വ്യാഖ്യാനം പ്രസിദ്ധീകരിച്ചത്.
സഹസ്രയോഗത്തെ ആധാരമാക്കി
‘വൈദ്യജീവനം’ എന്ന ഒരു ഗ്രന്ഥവും രചിക്കപ്പെട്ടിട്ടുണ്ട്.
ലീലാവതി, മനുസ്മൃതി തുടങ്ങിയവയുടെ ഭാഗികമായ സ്വതന്ത്ര പരിഭാഷകളും ഉണ്ട്.
‘മയൂരദൂത് ‘ എന്ന സന്ദേശ കാവ്യ തർജ്ജമയും എടുത്തു പറയേണ്ടതായുണ്ട്.
പ്രശസ്ത ശ്ലോക രചയിതാവായ കെ.എൻ.ദുർഗാദത്തൻ ഭട്ടതിരിയുമായി ചേർന്ന് ഒരു കൂട്ടു കവിതയും ഉള്ളതായി അറിയുന്നു.

അക്ഷരശ്ലോക രംഗത്തെ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ് ആദിരിയേടം.
അദ്ദേഹത്തിൻ്റെ ഗൃഹത്തിൽ നടന്നീട്ടുള്ള ശ്ലോക സദസ്സുകൾക്ക് കണക്കില്ല.
ശ്ലോക പ്രേമികൾക്ക് എപ്പോഴും ചെന്നു കയറാവുന്ന ഇടമായിരുന്നു ആദിരിയേടത്ത് മന!
അക്ഷരശ്ലോക മത്സരങ്ങളിൽ ചാക്കോള ട്രോഫി അടക്കം പല സമ്മാനങ്ങളും നേടിയിട്ടുള്ള അദ്ദേഹം പിന്നീട് വിധികർത്താവായും പ്രവർത്തിച്ചിട്ടുണ്ട്‌.
മഹാകവി കൈതയ്ക്കൽ ജാതവേദനടക്കം പലരും ആദരിയേടത്തിനെ ഗുരുതുല്യനായി കാണുന്നു.

ഒട്ടേറെ കവികളുടെ രചനകൾ ആദരിയേടത്തിൻ്റെ മാന്ത്രിക സ്പർശമേറ്റവയാണ്.
തന്ത്ര വിദ്യാപീഠം ചൊവ്വന്നൂരിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അവിടെ സംസ്കൃതം പഠിപ്പിച്ചിരുന്നു.
ആലുവയ്ക്കടുത്ത് കുട്ടമശ്ശേരി മനയിൽ നിന്നാണ് വിവാഹം കഴിച്ചത്.
ഒരു മകൾ.
ആദരിയേടത്തിൻ്റെ സഹോദരി പുത്രി മുൻ എം.എൽ. എ.സുരേഷ് കുറുപ്പിൻ്റെ പത്നിയാണ്.
1998 ൽ ആദരിയേടം നിര്യാതനായി.
ആദരിയേടം നീലകണ്ഠൻ ഭട്ടതിരിപ്പാടിൻ്റെ ‘ഉപനയനം’ എന്ന പുസ്തകത്തിലെ ‘മുഖസ്തുതി’ എന്ന ശീർഷകത്തിലുള്ള ശ്ലോകങ്ങളിലൊന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ശ്ലോകം താഴെ കൊടുക്കുന്നു.

“ഏണക്കൺ ,കുനുചില്ലി, പുഞ്ചിരി, കവിൾ,
തൂനെറ്റിയും വാണിയും
ക്ഷോണീഭൃത്പ്രിയപുത്രി നിൻ്റെ വദന –
ത്തിങ്കൽത്തിളങ്ങുന്നിതേ !
ബാണംമട്ടു, ധനുസ്സുമട്ടു ,സിതമ_
ട്ടാമട്ടു കണ്ണാടിമ –
ട്ടേണാങ്കക്കലമട്ടു മട്ടുമധികം
മട്ടുന്ന മട്ടത്ഭുതം!”

ഇത് ശ്രീപാർവതിയെ വർണിച്ചു കൊണ്ടുള്ള ശ്ലോകങ്ങളിൽ ഒന്നാണ്.
ശ്രീ പാർവതിയുടെ മുഖത്തെ ഓരോ അംഗത്തിനേയും മറ്റു പലതിനോടും അനുക്രമമായി ഉപമിയ്ക്കുകയാണ് കവി.
ഏണം – മാൻ
ഏണക്കൺ -മാൻകണ്ണ്
മാനിൻ്റേതു പോലത്തെ കണ്ണ്
എന്നർത്ഥം..

കുനുചില്ലി – വളഞ്ഞ പുരികം,
പുഞ്ചിരി, കവിൾ, തൂനെറ്റി, വാണി – വാക്ക് ഇവകളൊക്കെ
ക്ഷോണീഭൃത് പ്രിയപുത്രി! – പർവതത്തിൻ്റെ പുത്രീ!
നിൻ്റെ വദനത്താരിൽ – നിൻ്റെ മുഖത്ത് – തിളങ്ങുന്നിതേ – തിളങ്ങുന്നു.
ഇനി എങ്ങനെയാണ് ഇവ തിളങ്ങുന്നത് എന്ന് അനുക്രമമായി വർണിയ്ക്കുന്നു.
ബാണംമട്ട് എന്നത് ഏണക്കൺ എന്നതിനോട് ചേർത്തു കാണണം.
ബാണം എന്നാൽ അസ്ത്രം. കണ്ണിനെ അതിൻ്റെ മൂർച്ച കൊണ്ട് അമ്പുമായി ഉപമിക്കാറുണ്ട്.
ഏണക്കൺ – ബാണംമട്ടു
കുനു ചില്ലി – ധനുസ്സുമട്ട്
-പുരികത്തിന് വില്ലിനോട് സാമ്യം കൽപിയ്ക്കാറുണ്ട്.
“വില്ലല്ലല്ലീ പുരികമബലേ തോന്റുമെങ്കൾക്കിവണ്ണം “എന്ന് മണിപ്രവാള രചനയുണ്ടല്ലോ )
പുഞ്ചിരി-സിത മട്ടാണ്.
മാധുര്യമാണ് വർണിയ്ക്കുന്നത്
സിത എന്നാൽ പഞ്ചസാര !
കവിളോ- കണ്ണാടി മട്ട് !
കവിളിൻ്റെ തിളക്കവും മിനുസവും വർണിയ്ക്കുന്നു.
തൂനെറ്റിയാകട്ടെ – ഏണാങ്ക കല മട്ട്
നെറ്റിയുടെ നിറത്തെയും രൂപത്തെയും ചന്ദ്രക്കലയോട് ഉപമിക്കുന്നു

ഇനി വാണിയുണ്ട്. _ അത് മട്ടും അധികം മട്ടുന്ന മട്ടാണ്.!
തേൻ പോലും തോൽക്കുന്ന മട്ടാണ്!
ഇങ്ങനെ പാർവതിയുടെ മുഖത്തെ ഓരോ അംഗത്തെയും വെവ്വേറെ വ്യത്യസ്ത സൗന്ദര്യബിംബങ്ങളോട് ക്രമാനുസാരിയായി സാമ്യപ്പെടുത്തുന്നതാണ് ഈ ശ്ലോകത്തിൻ്റെ സവിശേഷത.
സംസ്കൃതത്തിൽ
പ്രസിദ്ധമായ ഒരു ശ്ലോകമുണ്ട്.
”ഹാസോഭാതി കുച ദ്വയം തവ ശിവേ! മദ്ധ്യം വപുഃ സദ്വച:
കേശോനാസികമൗക്തികം ച വദനം ദർപ്പാംഗരാഗോദൃശാ
ഗംഗാവദ്ഗജഗണ്ഡവദ് ഗഗനവദ്ഗാംഗേയവദ്ഗേയവദ്
ജംബൂവജ്ജല ബിന്ദുവജ്ജലജവ –
ജ്ജംബാലവജ്ജാലവദ്!”

ഇതേ രചനാരീതിയാണ് ഇവിടെ പരിചയപ്പെടുത്തപ്പെട്ട ശ്ലോകത്തിലും പ്രയോഗിച്ചിരിയ്ക്കുന്നത്.
മൺമറഞ്ഞു പോയ കവിശേഷ്ഠന് ശ്രദ്ധാഞ്ജലിയായി ഈ ശ്ലോക പരിചയം സമർപ്പിയ്ക്കുന്നു.

By ivayana