രചന – സതി സുധാകരൻ.*

പ്രഭയേകി നിന്നൊരാ ദിനകരൻ പോയ് ദൂരെ,
പടിഞ്ഞാറെക്കടവത്ത് നീരാട്ടിനായ്
ആകാശ പറമ്പിലിരുൾ മറയ്ക്കപ്പുറം
പനിമതി ചിരി തൂകി മന്ദമെത്തി
താരകപ്പെണ്ണുങ്ങൾ പാതിരാക്കാറ്റത്തു
കുശലം പറയുവാൻ കൂടെയെത്തി.
പുലർകാലം വന്നു വെന്നോതി കുളിർ കാറ്റ്
എൻ മേനി തഴുകി തലോടി നിന്നു.
കാണാത്ത തീരങ്ങൾ തേടിയലഞ്ഞെങ്ങോ
പനിമതി ദുരെ, പോയ് മറഞ്ഞു.
പുലരി പെണ്ണാളെ വരവേൽക്കാനെന്ന പോൽ ,
കുയിലുകൾ പാടി പറന്നു നീളെ
വേലിപ്പടർപ്പതിൽ ചാഞ്ചാടും വല്ലിയിൽ
പൂമൊട്ടു മന്ദം വിരിഞ്ഞു മോദം.
വർണ്ണാഭമായുള്ള സുന്ദരിപ്പൂവുകൾ
കൊഞ്ചിക്കുഴഞ്ഞെ ന്നോടു ചൊല്ലീ
ആർക്കാനോ വേണ്ടി സുഗന്ധം പരത്തുന്ന
വഴിയോരപ്പുവുകളാണു ഞങ്ങൾ.
ഈ വഴിയോരത്തെ കാട്ടുപൂക്കൾക്കെന്നും
ചൊല്ലുവാൻ സങ്കടം ഒന്നു മാത്രം !
ഒരു ദിനമെങ്കിലും പുജയ്ക്കായ് ഞങ്ങളെ
ദേവ തൃപ്പാദത്തിലർപ്പിക്കുമോ ?

By ivayana