രചന : ഓ കെ ശൈലജ*

‘വാ നമുക്ക് പോകാം “
മോഹനേട്ടൻ ഇതും പറഞ്ഞു വേഗം പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി.
മേടചൂടിൽ വെന്തുരുക്കുകയാണ് തന്നെപോലെ പ്രകൃതിയും.
ചൂട് വക വെയ്ക്കാതെ മോഹനേട്ടൻ അതിവേഗം നടക്കുകയായിരുന്നു. ഉള്ളിൽ കടൽ ഇരമ്പുന്നുണ്ട്. അതാണ് ആ നടപ്പിന് അസാധാരണമായ വേഗത..

ഒടുവിൽ ഇതും അനുഭവിക്കേണ്ടി വന്നല്ലോ!
ഈ പ്രായത്തിൽ!
പോലീസും, കോടതിയുമായി കയറിയിറങ്ങേണ്ട ഗതികേട് വന്നല്ലോ..
മോഹനേട്ടൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു കഴിഞ്ഞിരുന്നു.. വേഗം വണ്ടിയിൽ കയറി ഇരുന്നു. പിൻസീറ്റിലേക്ക് നോക്കിയപ്പോൾ മോൻ തലയ്ക്കു കൈ കൊടുത്തു പുറത്തേക്ക് നോക്കിയിരിപ്പാണ്. മുഖം ദേഷ്യവും സങ്കടവും കൊണ്ടു വിവർണ്ണമായിരിക്കുന്നു.
പാവം മോൻ!

എത്ര സ്വപ്നങ്ങളോടെയാണ് വിവാഹിതനായത്
എന്നിട്ടിപ്പോൾ!!
സ്റ്റേഷനിൽ നിന്നും ഇറങ്ങിയതിനു ശേഷം ഒന്നും മിണ്ടിയിട്ടില്ല.
“മോഹനേട്ടാ നമുക്ക് എന്തെങ്കിലും കഴിച്ചാലോ.. ഏതെങ്കിലും നല്ല ഹോട്ടലിന് മുൻപിൽ വണ്ടി നിർത്താമോ?”
മോൻ രാവിലെ ഒന്നും കഴിച്ചിരുന്നില്ല “
“വേണ്ട ഒന്നും വേണ്ടെനിക്ക് വയർ നിറഞ്ഞു “
ദേഷ്യവും സങ്കടവും നിറഞ്ഞിരുന്നു സുധിയുടെ സ്വരത്തിൽ
‘ഹും.. അവളുടെ ധിക്കാരം… കള്ളം പറഞ്ഞു നമ്മളെ വിഡ്ഢിയക്കുന്നു “
സുധിയുടെ ചിന്ത അത് തന്നെയാണല്ലോ എന്ന് അവൾ ഓർത്തു.
എങ്ങനെ ദേഷ്യം വരാതിരിക്കും?

ബ്രോക്കർ പറഞ്ഞപ്പോൾ എത്ര ഉത്സാഹത്തോടെയാണ് ആ കുട്ടിയെ കാണാൻ പോയത്..
നല്ല വിദ്യാഭ്യാസം, ഗവണ്മെന്റ് ജോലി അതി സുന്ദരിയല്ലെങ്കിലും കാണാൻ തരക്കേടില്ല. അവളുടെയും വീട്ടുകാരുടെയും നല്ല പെരുമാറ്റം കൂടി കണ്ടപ്പോൾ ഈ കുട്ടി മതിയെന്ന് മോൻ പറഞ്ഞപ്പോൾ ഞങ്ങൾക്കും പൂർണ്ണസമ്മതം ആയിരുന്നു.

എത്ര സന്തോഷത്തോടെ പ്രതീക്ഷയോടെ ആണ് വിവാഹത്തിന്റെ ഒരുക്കങ്ങൾ എല്ലാം ചെയ്തത്. മോഹനേട്ടൻ തന്നെ എല്ലാത്തിനും മുൻകൈ എടുത്തു. ഒന്നിനും ഒരു കുറവും വരുത്താതെ ഭംഗിയായി നടത്തണം എന്ന് ഇടയ്ക് പറയുകയും ചെയ്തു.
ക്ഷേത്രത്തിൽ വെച്ചു താലികെട്ടു കഴിഞ്ഞു വധൂവരന്മാർ വീട്ടിലെത്തിയത് എത്ര സന്തോഷത്തോടെ ആയിരുന്നു. വിവാഹവേഷത്തിൽ മക്കളെ കണ്ടപ്പോൾ മനം കുളിർത്തു. ദൈവത്തിനോട് നന്ദി പറഞ്ഞു പ്രാർത്ഥിച്ചു.

നിലവിളക്ക് മോളുടെ കൈയിൽ കൊടുത്തപ്പോൾ ആ തിരിനാളത്തിൻ ശോഭയിൽ അവളുടെ മുഖത്തു വിരിഞ്ഞ ആഹ്ലാദം ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു.
ബന്ധുക്കളോടും, സുധിയുടെ സുഹൃത്തുക്കളോടും രണ്ടു പേരും ചേർന്നു സംസാരിക്കുമ്പോഴും ദീപയുടെ പുഞ്ചിരിക്കുന്ന മുഖം കണ്ണിൽ നിന്നും മായുന്നില്ല..
ചിരിച്ചു കൊണ്ടു അവരോടൊക്കെ ഇടപെടുന്നത് കണ്ടപ്പോൾ തന്റെ മനസ്സിൽ ഒരു ആശ്വാസം ആയിരുന്നു..

“നല്ല സഹകരണം ഉള്ള മോള് “എന്ന് മനസ്സിൽ പറഞ്ഞു..
എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അടുക്കളയിൽ വന്ന് സഹായിക്കാൻ നോക്കിയതും, ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചതും സ്നേഹത്തോടെ ആയിരുന്നല്ലോ
അതൊക്കെ അഭിനയം ആയിരുന്നോ?
വെറും ഒരാഴ്ച… അത്രയല്ലേ അവൾ ഞങ്ങളോടൊപ്പം ഈ വീട്ടിൽ താമസിച്ചുള്ളൂ
അതും മണിയറയിൽ അവർ ദമ്പതികളായിരുന്നില്ല
അന്യരെപോലെ തികച്ചും അപരിചിതരെപോലെയാണ് കഴിഞ്ഞതെന്ന് അറിഞ്ഞത് അവൾ ഇവിടെ നിന്നും പോയിക്കഴിഞ്ഞപ്പോൾ ആയിരുന്നല്ലോ
അറിഞ്ഞപ്പോൾ ഹൃദയം തകർന്നു പോയി
ഓരോ കാരണങ്ങൾ പറഞ്ഞു അവൾ അവനെ അകറ്റിനിർത്തുകയായിരുന്നു. എന്ന സത്യം പിന്നീട് മോന്റെ വാക്കുകളിലൂടെ മനസ്സിലാക്കുമ്പോഴേക്കും വൈകിപ്പോയി.

ജോലിക്ക് പോകാൻ എളുപ്പം സ്വന്തം വീട്ടിൽ നിന്നും ആണെന്ന് പറഞ്ഞു പോയിട്ട് ഇങ്ങോട്ട് വിളിക്കുകയോ, വരുകയോ ചെയ്തു കാണാതായപ്പോൾ ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് കരുതി വിളിച്ചതായിരുന്നില്ലേ
അവളുടെ മറുപടി!
അത് കേട്ടപ്പോൾ ഞെട്ടിപ്പോയി!!
ഈ കാര്യം അറിയുമ്പോൾ മോന്റെ വിഷമം എത്രയായിരിക്കും എന്നോർത്ത് ഉറക്കം വരാതെ എത്ര ദിവസം കടന്നു പോയി
എന്തൊക്കയാണ് ദീപ പറഞ്ഞത്!
ഇങ്ങനെയും ഉണ്ടാകുമോ പെൺകുട്ടികൾ!!
ദാമ്പത്യം എന്ന വാക്കിന്റെ മഹത്വം മനസ്സിലാക്കാതെ പോയതെന്ത്?

പെൺകുട്ടികൾക്ക് തന്റേടം വേണം. സ്വന്തം അഭിപ്രായം വേണം.. പക്ഷേ ഇത്!
തന്റേടം ആണോ, സ്വാതന്ത്ര്യം ആണോ?
ധിക്കാരവും, അഹങ്കാരവും, അവിവേകവും അല്ലേ?
ഈ പ്രശ്നം എങ്ങനെ പരിഹരിക്കും?
“ഷീജേ.. ടൗണിൽ നിന്നും എന്തെങ്കിലും വാങ്ങാൻ ഉണ്ടോ?”
മോഹനേട്ടന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നും ഉണർത്തി.
“വേണ്ട വീട്ടിൽ എല്ലാം ഉണ്ട്.. നമുക്കൊരു ജ്യൂസ് കുടിക്കാം. എനിക്ക് ക്ഷീണം ആകുന്നു ‘
‘”നീ ഓരോന്ന് ചിന്തിച്ചിട്ടല്ലേ.. വിട്ടു കള… അതേ ഇതിനൊരു പരിഹാരം ഉള്ളൂ “
“നമുക്ക് രാജുവിന്റെ വീട്ടിൽ എത്തിയിട്ട് അവിടെ നിന്നും കഴിക്കാം “
മോഹനേട്ടൻ പറഞ്ഞപ്പോൾ ശെരി ആണെന്ന് അവൾക്കും തോന്നി. രാജൂ വക്കീൽ ആണല്ലോ അവനുമായി സംസാരിച്ചു ഒരു പരിഹാരം കാണാലോ.. ഈശ്വരാ.. നല്ലത് വരുത്തണെ.. അവൾ ഹൃദയം നൊന്തു പ്രാർത്ഥിച്ചു പോയി..

അപ്പോഴേക്കും വണ്ടി രാജുവിന്റെ വീടിന്റെ ഗേറ്റിൽ എത്തിയിരുന്നു.
“ഗേറ്റ് പൂട്ടിയിരിക്കുന്നല്ലോ?
“അവൻ ബാംഗ്ലൂരിലേക്ക് പോയോ?”
“അച്ഛാ നമുക്ക് വീട്ടിലേക്ക് പോകാം.. എസ്ഐ പറഞ്ഞത് പോലെ നാളെ അവളുടെ സ്വർണ്ണം എല്ലാവരുടെയും മുൻപാകെ അവൾക് കൊടുക്കാം. എന്നിട്ട് മുദ്രപ്പത്രത്തിൽ ഒപ്പിട്ട് വാങ്ങിക്കാം.. പിന്നെ ഡിവോർഴ്സ്ന് വേണ്ട കാര്യങ്ങൾ എങ്ങനെ വേണം എന്ന് ചിന്തിച്ചു ചെയ്യാം. രാജുവേട്ടനുമായി സംസാരിച്ചതിന് ശേഷം.. അതിനിടയിൽ എനിക്ക് കുറച്ചു കാര്യങ്ങൾ അന്വേഷിച്ചു അറിയാനുണ്ട്. അമ്മ സമാധാനം ആയിട്ടിരുന്നോളൂ “
സുധി എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറയുമ്പോൾ അവന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ ഉള്ള് പിടഞ്ഞു പോയി..

ദീപേ.. എന്തിനാണ് മോളേ നീ എന്റെ മോന് ആശയും പ്രതീക്ഷയും നൽകി ഈ വിവാഹത്തിന് തയ്യാറായത്?
നിന്റെ മനസ്സിൽ മറ്റെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ വിവാഹത്തിന് മുൻപ് പറയാമായിരുന്നില്ലേ?
ഞങ്ങൾ എന്ത് തെറ്റ് ചെയ്തു?
അവളുടെ ചിന്തകൾ വണ്ടിയുടെ വേഗതയേക്കാൾ ഓടിക്കൊണ്ടിരുന്നു..
ആർത്തിരമ്പുന്ന കടൽ പോലെ ചിന്തകൾ തിരയടിക്കുന്നുണ്ടായിരുന്നു.

By ivayana