നിനക്കിനി എന്താ വേണ്ടത്…?
സത്യത്തിൽ എനിക്ക് വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു. എന്തുതന്നെ വന്നാലും സമനിലവിടാത്ത പ്രകൃതമായിരുന്നു എന്റേത്. എന്നാൽ ഈയിടെയായി വളരെപ്പെട്ടെന്ന് പ്രതികരിക്കുന്നു. അതും പലപ്പോഴും ഉദ്ദേശിക്കാത്ത രീതിയിൽ…!
പിന്നീട് അതോർത്ത് ലജ്ജയും വിഷമവും മനസ്സിനെ ഒരുപോലെ മഥിക്കും. ഇപ്പോൾതന്നെ വളരെ സൗമ്യമായി തുടങ്ങിയ ഫോൺ സംഭാഷണമാണ്. വളരെ സമയമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടറിഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു. ക്ഷമയുടെ നെല്ലിപ്പടിത്തകർക്കുന്ന വിധത്തിലുള്ള വർത്തമാനങ്ങളുമായി അവൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ പറയാൻ പാടുള്ളതും ഇല്ലാത്തതുമായ എന്തൊക്കെയോ താൻ വിളിച്ചുപറഞ്ഞു. പ്രായത്തിനുചേരാത്ത വെല്ലുവിളികൾ അങ്ങോട്ടും ഇങ്ങോട്ടും മുഴക്കി രംഗം ആകെ വഷളാക്കി.
എന്തായാലും അവളെ ഉപേക്ഷിക്കാനോ, ദേഷ്യം വച്ചുപുലർത്താനോ എനിക്ക് കഴിയില്ല എന്നത് ഞങ്ങൾ രണ്ടുപേർക്കുമറിയാം.
നാളെ അവളെയൊന്ന് നേരിൽ കാണണം. ഇപ്പോൾ ഒത്തിരി ദിവസമായി നേർക്കുനേർ കണ്ടിട്ട്. കാണുമ്പോൾ പരിഭവം കാണിക്കും. അനുസരണക്കേട് പറയും. പിന്നെ കരയും. അതോടെ എല്ലാം ശരിയാകും.
അവൾ തന്റെ ജീവിതത്തിന്റെ ഭാഗമായതുതന്നെ ഒരത്ഭുതമാണ്. ജീവിതത്തിൽനിന്നുള്ള ഒളിച്ചോട്ടങ്ങളുടെ ഭാഗമായിരുന്നു യാത്രകൾ. ആശിച്ചതും മോഹിച്ചതും നഷ്ടപ്പെട്ടപ്പോൾ സ്വയം മുഖം കൊടുക്കാതെയുള്ള യാത്രകളിലൂടെ എന്നിൽനിന്നുതന്നെ ഞാൻ ഒളിച്ചോടിക്കൊണ്ടിരുന്ന കാലം.
എല്ലാം മാറ്റിമറിച്ച് ഇവൾ ജീവിതത്തിലേക്ക് വന്നു. ഒരു തണുപ്പുകാല പ്രഭാതത്തിൽ ഗംഗയുടെ കരയിലെ ആ ഇടുങ്ങിയ തെരുവിലൂടെ അലസം നടക്കുമ്പോൾ നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ തണുത്തു വിറങ്ങലിച്ച് ജീവനറ്റുകിടന്ന അവളുടെ അമ്മയുടെ നെഞ്ചത്തുനിന്ന് നുള്ളിപ്പെറുക്കിയെടുക്കുമ്പോൾ എനിക്കൊട്ടും പ്രതീക്ഷയില്ലായിരുന്നു ഇവൾ മരണത്തെ അതിജീവിക്കുമെന്ന്….!
Dr. ശുക്ലയ്ക്ക് നന്ദി. ബനാറസിലെ പേരുകേട്ട പീഡിയാട്രീഷൻ അവളെ തനിക്ക് ജീവനോടെ തിരിച്ചുതന്നു!
അവളുടെ കഥകൾ കേട്ടപ്പോൾ ശുക്ല കണ്ണുകൾ അടച്ച് ജയ് ഭോലേനാഥ് എന്നുരുവിട്ടു. താങ്കൾ ഇവളെ എന്തുചെയ്യാൻ പോകുന്നു എന്ന ചോദ്യത്തിനുമുന്നിൽ ആദ്യം ഒന്നു പകച്ചു. പിന്നെ ദൃഢനിശ്ചയതോടെ പറഞ്ഞു. Dr. ഞാനിവളെ കൊണ്ടുപോകുന്നു!
മഹാദേവൻ നിങ്ങളെ അനുഗ്രഹിക്കും….! അദ്ദേഹം പിറുപിറുത്തു.
നാട്ടിൽ അവളുമായെത്തിയപ്പോൾ പലരും പല കഥകളും മനഞ്ഞു. ഏതോ ഉത്തരേന്ത്യക്കാരിയിലുണ്ടായ ജാരസന്തത്തിയാണെന്നുവരെ കഥകൾ വളർന്നു. ആർക്കും ഒന്നും നേരിട്ടുപറയാൻ ധൈര്യമില്ലായിരുന്നു. തന്റെ സമ്പത്തിൽ നോട്ടമുണ്ടായിരുന്ന ബന്ധുക്കളെ അവളുടെ ആഗമനം ശരിക്കും നിരാശപ്പെടുത്തി. അവർ അപവാദകഥകൾക്ക് പരമാവധി നിറംചേർത്ത് അവതരിപ്പിച്ചുകൊണ്ടിരുന്നത് തനിക്ക് വാശിയോടെ പൊരുതാനുള്ള ഊർജ്ജമായി!
അവളെ നോക്കാൻ ഒരു ആയയെ ഏർപ്പാടാക്കി. സമയത്ത് വേണ്ടത് കണ്ടറിഞ്ഞു ചെയ്യാൻ മിടുക്കിയായിരുന്നു അവൾ, മണിമേഖല. കുഞ്ഞിനു കേവലം ശമ്പളം പറ്റി പരിചരിക്കുന്ന പരിചാരികയിൽനിന്ന് പലപടി ഉയരത്തിൽ അവൾക്കമ്മയായും കൂട്ടുകാരിയായും കൂടെനിന്നു.
കുഞ്ഞിന് ഒരു പേരുവേണ്ടേ? അവൾക്ക് ബർത്ത് സർട്ടിഫിക്കറ്റും മറ്റു കാര്യങ്ങളുമുണ്ടെങ്കിലല്ലേ സ്കൂളിൽ ചേർക്കാനും പഠിപ്പിക്കാനുമൊക്കൂ…, അങ്ങനെ അവളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും വേണ്ടപ്പോൾ ഓർമ്മിപ്പിച്ചുകൊണ്ടു ആയ അമ്മയാകുന്നത് കണ്ട് ഞാൻ പലപ്പോഴും അമ്പരന്നു. മനുഷ്യനായി ജനിച്ചാൽ ജീവിതത്തിന്റെ ഓരോ പടവും താണ്ടാൻ ഏതെല്ലാം കടമ്പകൾ കടക്കണം. ചിലപ്പോൾ ആകാംക്ഷയും ചിലപ്പോൾ അങ്കലാപ്പും മറ്റുചിലപ്പോൾ അനാവശ്യമായ സിസ്റ്റങ്ങളോട് കലഹവുമൊക്കെയായി താനും ഒരു രക്ഷിതാവാകാൻ ശീലിച്ചു….!
അനാമിക….! അതാണ് ഞാനവൾക്കിട്ട പേര്. എന്റെ അനുക്കുട്ടി. കുസൃതിയുടെ കൂടായിരുന്നു അവൾ. ജീവിതത്തിന് പുതിയ അർത്ഥവും നിറവും നല്കി അവൾ ഒരു ചിത്രശലഭംപോലെ എന്റെ ജീവിതവാടിയിൽ തത്തിക്കളിച്ചു.
കാലം ആർക്കുവേണ്ടിയും കാത്തുനില്ക്കില്ല. വേണമെങ്കിൽ കാലത്തിനൊപ്പം നാം വളരുന്നുവെന്നു മേനിനടിക്കാം. അപ്പോഴും പഴയത് പുതിയത് എന്നൊരു വിഭജനത്തോടെ സമയം ആവർത്തിക്കുന്നു. എന്റെ അനുക്കുട്ടിയും വളരുകയാണ്. താരുണ്യത്തിലേക്കവൾ കാലൂന്നിയിരിക്കുന്നു. ആരുകണ്ടാലും വീണ്ടും നോക്കുന്ന അവളുടെ സർപ്പസൗന്ദര്യം എന്റെ മനസ്സിൽ സത്യത്തിൽ ഭീതിയാണ് നിറച്ചത്. ഏതൊരു രക്ഷിതാവിനെയുംപോലെ എന്നിലെ ഉത്കണ്ഠയും നാൾക്കുനാൾ അധികരിച്ചു.
വളർന്നു വരുംതോറും ഞാനവളുടെ പല സ്വാതന്ത്രങ്ങൾക്കും കൂച്ചുവിലങ്ങിട്ടു. അതവളെ പതിയെ എന്നിൽനിന്നകറ്റുന്നത് ഞാനറിഞ്ഞെങ്കിലും എന്റെ ഉദ്ദേശശുദ്ധിയിൽ എനിക്കൊട്ടും സംശയമില്ലായിരുന്നു….!
ഒരിക്കൽ അവളുടെ അമ്മയെച്ചൊല്ലി അവളെന്നോട് വഴക്കിട്ടു, കയർത്തു. വഴിയിലെവിടെയോ ഞാൻ ഉപേക്ഷിച്ചുകളഞ്ഞതാണെന്നുവരെയെത്തി വർത്തമാനം. മറുപടിയായി എന്തുപറയുമെന്നു തോറ്റു നിന്നുപോയ അന്ന് മണിമേഖല, അവളുടെ ആയ അവളെക്കുറിച്ചുള്ള എല്ലാ പരമാർത്ഥങ്ങളും അവളോട് പറഞ്ഞു. പിന്നെ കുറേദിവസം അവൾ ആരോടും ഒന്നും മിണ്ടാതെനടന്നു. കാര്യങ്ങൾ മനസ്സിലാക്കി സ്വയം തിരുത്തുന്നെങ്കിൽ നല്ലതുതന്നെ എന്നു ഞാനും ആശ്വസിച്ചു്. പക്ഷേ അന്നാദ്യമായി അവളുടെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണോ എന്നെനിക്ക് തോന്നി!
വീട്ടില്നിന്നാൽ പഠിക്കാൻ കഴിയുന്നില്ലെന്നും സ്വസ്ഥത കിട്ടാൻ താമസം ഹോസ്റ്റലിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു കുറേനാളായി അവൾ വീട്ടിൽനിന്ന് വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ അവൾ ഇഷ്ടമുള്ള ഒരു ചെറുപ്പക്കാരനൊപ്പം വീട് വാടകയ്ക്കെടുത്ത് തങ്ങുകയാണ് എന്നു കേട്ടപ്പോൾ സഹിച്ചില്ല.
അവളെ തിരക്കിച്ചെന്നന്വേഷിച്ചപ്പോൾ ഉണ്ടായ പ്രതികരണം തന്റെ എല്ലാ നിയന്ത്രണവും തെറ്റിച്ചു. അവൾ കൈവന്ന നാളുതൊട്ടു സ്നേഹവാത്സല്യങ്ങളോടെ തഴുകിത്താലോടിയ അവളുടെ കവിളത്ത് തന്റെ പരുക്കൻ കൈവീണു. നിയന്ത്രണംവിട്ട് അവളുടെ ശാപജന്മത്തെ പഴിച്ചു. പിന്നെ വിങ്ങുന്ന മനസ്സോടെ തിരിഞ്ഞുനടന്നു.
അന്ന് വൈകീട്ട് പൊലീസ് തന്നെ തേടിവന്നപ്പോഴാണ് അവളുടെ വൈരാഗ്യമനോഭാവം എത്ര ശക്തമാണെന്നു താനറിഞ്ഞത്. സ്റ്റേഷനിൽ ചെന്ന് ഇൻസ്പെക്ടറുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ ബോദ്ധ്യമായി. ഇൻസ്‌പെക്ടർ അവളെ ശക്തമായ ഭാഷയിൽ താക്കീതു ചെയ്തതുംകൂടിയായപ്പോൾ അവളുടെ മനസ്സിൽ വൈരാഗ്യം ഇരട്ടിച്ചു…!
പൊലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങുമ്പോൾ ഇനി എന്താ വേണ്ടത് എന്നെനിക്കറിയാം എന്നവൾ വന്യമൃഗത്തെപ്പോലെ മുരണ്ടത് ഇപ്പോഴും തലച്ചോറിൽ മുഴങ്ങുന്നു.
പിന്നെ കുറെ ദിവസത്തിനുശേഷം ഇന്നാണ് ഫോണിൽ സംസാരിച്ചത്. അവൾക്ക് അവകാശപ്പെട്ട സ്വത്തിന്റെ ഓഹരിക്കായി തർക്കിച്ചു. പൊലീസ് കേസും അവളുടെ ധാർഷ്ട്യവും എല്ലാംകൂടി സമനില തെറ്റിപ്പോയി. ഏതോ പാതയോരത്ത് കൊടുംതണുപ്പിൽ മരവിച്ചു ചാവേണ്ട കുരുന്നുജീവനെ വാരിയെടുത്ത് മാറോട് ചേർത്തത് വെറുക്കാനോ ഉപേക്ഷിക്കാനോ അല്ലല്ലോ…..?
അവളെ കാണണം നാളെ. പറ്റിയാൽ കൂടെ വിളിച്ചുകൊണ്ടുവരണം. ഞാൻ ഉറക്കംവരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒന്ന് വേഗം നേരംവെളുത്തെങ്കിൽ…..!
രാവിലെ ഏഴുമണിയോടെ ഡ്രൈവറെ ഒഴിവാക്കി താൻ തന്നെ കാറുമായി പുറപ്പെട്ടു. അവളുടെ വാതിലിൽ കൊട്ടിവിളിക്കുമ്പോൾ അവൾ എഴുന്നേറ്റിട്ടില്ല. കൂടെ താമസിച്ചിരുന്നവൻ പിണങ്ങിപ്പോയിട്ടു കുറെ നാളായി എന്നറിഞ്ഞിരുന്നു.
വാതിൽതുറന്നപ്പോൾ എന്നെക്കണ്ട് അവൾ ശരിക്കും അമ്പരന്നു. പിന്നെ ആതിഥ്യമര്യാദയോടെ അകത്തേക്ക് ക്ഷണിച്ചു.
ഞാനൊന്ന് ഫ്രഷ് ആയിട്ടുവരാം പപ്പാ…
ഹോ…, എത്രകാലത്തിനുശേഷമാണ് ഇവൾ തന്നെ പപ്പ എന്നു വിളിക്കുന്നത്. ഉള്ളുകുളിർന്നു. എന്തായാലും താൻ കൊടുത്ത സ്നേഹം വെറുതെയാവില്ലെന്നു ഉള്ളിലിരുന്നാരോ പറയുന്നു!
അവൾ ഫ്രഷ് ആയി വന്നത് പപ്പ വല്ലതും കഴിച്ചാണോ പുറപ്പെട്ടത് എന്നന്വേഷണത്തോടെയായിരുന്നു.
ഇല്ല മോളെ, നീ പുറപ്പെട്, നമുക്ക് വഴിയിൽ ഏതെങ്കിലും നല്ല ഹോട്ടലിൽക്കയറി ഭക്ഷണം കഴിക്കാം.
എതിർപ്പൊന്നും കൂടാതെ അവൾ കൂടെ വന്നു. പക്ഷെ ഞാൻ എന്റെ ജീവിതത്തിൽ സ്വരുക്കൂട്ടിവച്ച സൽപ്പേരും ബഹുമാന്യതയും വെറും ചീട്ടുകൊട്ടാരംപോലെ അവൾ അടിച്ചുതകർക്കുമെന്നു സ്വപ്നത്തിൽപ്പോലും കരുതിയില്ല.
രാത്രി അതാഴംകഴിഞ്ഞു താൻ തന്റെ റൂമിലെ കിടക്കവിരിയൊക്കെ തട്ടിക്കുടഞ്ഞു വിരിച്ചു. ഇന്ന് മനസ്സിന് നല്ല സന്തോഷമുണ്ട്. കുറേനാളത്തെ ഉറക്കം ബാക്കിയുണ്ട്. ഒന്നു നന്നായുറങ്ങണം. ആ സമയത്ത് അവൾ റൂമിലേക്ക് വന്നു. കിടക്കയുടെ തലപ്പത്ത് ഇരുന്നു.
എനിക്ക് നിങ്ങളോട് അല്പം സംസാരിക്കാനുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ ചീപ് സെന്റിമെന്റ്‌സ് കൊണ്ട് ഒരു നേട്ടവുമില്ല. ഒരുപക്ഷേ നിങ്ങൾ ചത്താൽ ഇതുമുഴുവൻ എനിക്കായിരിക്കും. ഒന്നുകിൽ നിങ്ങൾ ചാകുന്നവരെ ഞാൻ കാത്തിരിക്കണം, അല്ലെങ്കിൽ ഞാൻ നിങ്ങളെ കൊല്ലണം. ഇത് രണ്ടുമില്ലാതെ എന്റെ കാര്യങ്ങൾ സാധിച്ചുതരികയാണെങ്കിൽ നമുക്ക് രണ്ടുപേർക്കും പ്രശ്നങ്ങൾ കുറയും. എന്തുപറയുന്നു.
ഞാൻ അവളോട് അല്പനേരം ഒന്നും പറഞ്ഞില്ല. പിന്നെ വർദ്ധിച്ച സങ്കടത്തോടെ ഇത്രമാത്രം പറഞ്ഞു. രക്തശുദ്ധിയില്ലാത്ത നിന്നെയാണല്ലോ ഞാൻ മാറോട് ചേർത്തത്. നമുക്കാലോചിക്കാം. നീ ഇപ്പോൾ പോയി കിടക്കൂ.
ഞാനവളെ പുറത്താക്കി വാതിലടയ്ക്കാൻ ശ്രമിച്ചു. പെട്ടെന്നവളുടെ ഭാവം മാറി. തന്റെ മേൽവസ്ത്രം വലിച്ചുകീറി അവൾ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറത്തേക്കോടി. അസാധാരണ ശബ്ദംകേട്ട് ഹൗസിങ് കോളനിയിലെ വിളക്കുകൾ തെളിഞ്ഞു. സെക്യൂരിറ്റി ഓടിയെത്തി. എല്ലാവരുടെയും മുന്നിൽ അവൾ നിഷ്കളങ്കത അഭിനയിച്ച് എങ്ങലടിച്ചു.
വലിയ മാന്യൻ. ഇതിനാണോ വളർത്തിക്കൊണ്ടുവന്നത്. മ്ലേച്ഛൻ. പൊലീസിനെ വിളിക്ക്, കൈയോടെ പൊലീസിലേൽപിക്കണം. വിധി നടപ്പായി. പൊലീസ് വരുവോളം കോളനിയിലുള്ളവരുടെ നാനാതരം ഭർത്സനവും ഏറ്റുവാങ്ങി ഭൂമി രണ്ടായിപ്പിളർന്നു ആ ഗർത്തത്തിൽ വീണുപോയിരുന്നെങ്കിലെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു.
രാത്രി തന്നെ പൊലീസ് വന്നു. പീഢനക്കേസിലെ പ്രതിയെ ആഘോഷമായി അറസ്റ്റുചെയ്തു.
സ്റ്റേഷനിലെ മനസ്സുമടുപ്പിക്കുന്ന ചോദ്യം ചെയ്യൽ. ചെറുപ്പക്കാരനായ ഇൻസ്പെക്ടറുടെ സദാചാര ചോരത്തിളപ്പ് രണ്ടുമൂന്നു തവണ കവിളത്ത് വീണപ്പോൾ അണപ്പല്ലിളകി. തന്റെ പ്രായത്തെ മാനിക്കണമെന്ന അപേക്ഷയ്ക്ക് പുച്ഛം നിറഞ്ഞ മറുപടിയോടെ അയാൾ വീണ്ടും കവിളത്ത് ആഞ്ഞടിച്ചു. വൃത്തികേട് കാണിച്ചിട്ട് സദാചാരവും പ്രായത്തിന്റെ ആനുകൂല്യവും പുലമ്പുന്നോ, പകൽമാന്യനായ മൃഗമേ….! അയാൾ വീണ്ടും അടിക്കാനോങ്ങിയ കൈ പിൻവലിച്ചത് വായില്നിന്നും മൂക്കില്നിന്നും ചോരയൊലിക്കുന്നത് കണ്ടതുകൊണ്ടുമാത്രമായിരുന്നു.
വൈദ്യപരിശോധന എന്ന പ്രഹസനത്തിനുശേഷം റിമാന്റ്. പിറ്റേന്ന് ഞായറാഴ്ചയായിരുന്നതിനാൽ കോടതി ഒഴിവായിരുന്നു. തന്റെ വക്കീലിനെ കോണ്ടാക്ട് ചെയ്ത് വസ്തുതകൾ ബോധിപ്പിക്കാൻപോലും സഹകരിക്കാത്ത പൊലീസ്. ഒടുവിൽ ഞായറാഴ്ച രാത്രിയോടെ വക്കീലിനെ ലൈനിൽ കിട്ടി. തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കിയാൽ ജാമ്യത്തിനുവേണ്ടത് ചെയ്തുകൊള്ളാമെന്നദ്ദേഹം ഉറപ്പുതന്നു. രാത്രിതന്നെ തന്റെ ക്ളാർക്കിനെ പറഞ്ഞയച്ച് ആവശ്യമായ സിഗ്‌നേച്ചറെല്ലാം അദ്ദേഹം വാങ്ങിച്ചു.
പിറ്റേന്ന് ഉച്ചയ്ക്കുശേഷം കോടതികൂടിയപ്പോൾ തന്റെ പേര് വിളിച്ചു. വിദഗ്ദ്ധനായ വക്കീലിന്റെ മിടുക്കുകൊണ്ടു ജാമ്യം അനുവദിക്കപ്പെട്ടു. തന്റെ സ്വാധീനങ്ങൾവച്ച് ഞാൻ കേസിന്റെ തെളിവുകൾ നശിപ്പിക്കുവാൻ സാദ്ധ്യതയുണ്ടെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തെ എന്തുകൊണ്ടോ ജഡ്ജി മുഖവിലക്കെടുത്തില്ല.
മടങ്ങി വീട്ടിൽ എത്തിയപ്പോൾ അവൾ വീട്ടിലുണ്ടായിയുന്നു. ആദ്യം ചെയ്തത് വക്കീലിനെ വിളിച്ചുവരുത്തുകയായിരുന്നു. വക്കീൽ വന്നപ്പോൾ അവളെയും വിളിച്ചു. നിന്നെ കൂടെക്കൂട്ടിയതിന്റെ പേരിൽ എന്റെ സ്വന്തബന്ധങ്ങൾ എന്നെ ഉപേക്ഷിച്ചതാണ്. അവർക്കും എന്റെ സ്വത്തിൽ ആയിരുന്നു ഭ്രമം. ഇപ്പോൾ നീ അതിനുവേണ്ടി എന്നെ മാനംകെടുത്തി. എങ്കിലും നീ വന്ന തെരുവിലേക്ക് ഞാൻ നിന്നെ വെറുംകൈയോടെ ഇറക്കിവിടില്ല. എനിക്കുള്ളതെല്ലാം നിനക്ക് എന്നായിരുന്നു ആദ്യം കരുതിയത്. പക്ഷെ ഒട്ടും അർഹതയില്ലാത്ത പാത്രത്തിൽ മുഴുവനും തർപ്പണംചെയ്യാൻ ഇപ്പോൾ മനസ്സ് അനുവദിക്കുന്നില്ല. അതുകൊണ്ട് ഇവിടെ അടുത്തുള്ള അനാഥാലയത്തിന് എന്റെ സ്വത്തിന്റെ പാതി ഞാൻ എഴുതി വയ്ക്കുന്നു. ഈ വീടും പാതിസ്വത്തും എന്റെ കാല ശേഷം നിനക്ക് അനുഭവത്തിൽ വരും.
അവൾ ഒന്നും മിണ്ടിയില്ല. മുറുകിയ മുഖഭാവത്തോടെ എല്ലാം കേട്ടിരുന്നു. പിന്നെ കുറ്റബോധത്തോടെ നിലവിളിക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു. എന്റെ അറിവുകേടും അതിബുദ്ധിയുമായിരുന്നു എല്ലാ കുഴപ്പങ്ങൾക്കും കാരണം പപ്പാ. എന്നോട് ക്ഷമിക്കൂ.
അവളുടെ ഭാവമാറ്റം എന്റെ മനസ്സിൽ അതുവരെയുണ്ടായിരുന്ന എല്ലാ ദേഷ്യവും സങ്കടവും അലിയിച്ചുകളഞ്ഞു. വക്കീലിനും അവളുടെ മാറ്റം അവിശ്വസനീയമായി.
വില്ലിൽ തന്റെ സമ്പത്തിന്റെ പത്തുശതമാനം മാത്രം അനാഥാലയത്തിനും ബാക്കി തൊണ്ണൂറു ശതമാനം തന്റെ കാലശേഷം അവൾക്കുമായി എഴുതി.
കുറെനാൾ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോയി. പഴയ സന്തോഷം നിറഞ്ഞ നാളുകൾ തിരികെ തന്ന ദൈവത്തോട് ഞാൻ നന്ദി പറഞ്ഞു.
ഒരു ദിവസം അതാഴംകഴിഞ്ഞു സ്ഥിരമായി കഴിക്കുന്ന ഒരു ഗ്ലാസ് പാലുമായി അവളെത്തി. താൻ അതുവാങ്ങി കുടിച്ചു. പെട്ടെന്ന് വല്ലാതെ വിയർക്കുന്നതായി തോന്നി, കടവായിൽനിന്നു ചോരയൊലിക്കുന്നത് പുറംകൈകൊണ്ടു തുടച്ചു.
നീ വീണ്ടും ചതിച്ചു. എന്റെ ശബ്ദം കുഴഞ്ഞുപോയി. അവൾ ചിരിച്ചു. അതേ പപ്പാ, ഇനിയും ഈ ആയുസ്സൊടുങ്ങുവോളം ഞാൻ കാത്തിരിക്കണോ…? വേഗം മരിക്ക്, എനിക്ക് ജീവിതം ആസ്വദിക്കണം. അവൾ എന്റെ തലയെടുത്ത് മടിയിൽവച്ചു. സുഖമായി മരിക്കു. അവൾ ചിരിച്ചുകൊണ്ട് മന്ത്രിച്ചു. മറഞ്ഞുപോകുന്ന ദൃഷ്ടിയിൽ അവളുടെ കുടിലത നിറഞ്ഞ ചിരിയുടെ യാത്രാമൊഴി ഈ അവസാനനിമിഷവും തന്നെ കളിയാക്കുന്നു. ദൈവമേ എന്തിനു നീയെന്നെ ഇങ്ങനെ തോല്പിച്ചു…?