രചന : എൻജി മോഹനൻ കാഞ്ചിയാർ*

എനിക്കു മറക്കാൻ കഴിയുന്നില്ലമ്മേ
നിന്നുറവ വറ്റാത്ത ഈ കണ്ണുകളിൽ ‘
നിറയുന്ന കദനകഥ പറയാതിരിക്കുവാൻ
എനിക്കു കഴിയുന്നില്ലമ്മേ – നിൻ മാറിലെ
ചുടുരക്തമൂറ്റിക്കുടിക്കും തേരട്ടകളെ
പിഴുതെറിഞ്ഞീടുവാൻ ശക്തി നീ തന്നൊരീ
മകനായ് ജനിച്ച ഞാനെങ്കിൽ

പെറ്റിട്ട ഞങ്ങളെ പോറ്റുവാൻ നിൻമടി
ത്തട്ടിൽ വിശാലമാം ഗേഹങ്ങളെങ്കിലും
തട്ടിപ്പറിച്ചും തലവെട്ടിമാറ്റിയും
വെട്ടിപ്പിടിക്കുന്നു ഞങ്ങളീ മൺതരി.

ലക്ഷോപലക്ഷം സഹോദരർ ഞങ്ങളീ
മണ്ണുപങ്കിട്ടു – മനുഷ്യനെപ്പങ്കിട്ടു .
രക്തബന്ധങ്ങൾ കബന്ധങ്ങളാക്കിയീ
ഹാരങ്ങൾ തീർക്കുന്നു ഞങ്ങൾ സഹോദരർ.

പാട്ടുപാടും കിളി എന്നേ പറന്നുപോയ്
കാട്ടിലെ മാമരമെന്നേ തകർന്നുപോയ്
പച്ചത്തലച്ചേല ചുറ്റും വയലുകൾ
കച്ചയഴിച്ചെന്നേ നഗ്നമാക്കി ഞങ്ങൾ.

സതിയെത്തിരിച്ചു വിളിച്ചു – സനാതന
സഹയാനമോതീ – ഉടന്തടി ചാടിച്ച്
പെണ്ണിന്റെ ഭസ്മം കുടത്തിലാക്കീ ഞങ്ങൾ
ഭരതന്റെ മക്കളായ്ധർമ്മം
പുലർത്തുന്നു.

ഒരുനാഴിയരിവാങ്ങി മക്കളെപ്പോറ്റുവാൻ
പലനാഴികക്കു മാനം വിറ്റു ജീവിക്കും
വൈധവ്യ ദുഖാകുലങ്ങളിൽ പൂവിടും
പെങ്ങളെ പുശ്ചിക്കും ഞങ്ങൾ സഹോദരർ.

ആകാശത്തായിരം യന്ത്രങ്ങൾ പായുന്നു
ആവനാഴിക്കുള്ളിലസ്ത്രം നിറയ്ക്കുന്നു
തോക്കുകൾ തൂത്തുമിനുക്കി സമാധാന
മൂർച്ചയേകുന്നിതാ ഞങ്ങൾ സഹോദരർ.

തെരുവുകൾ തെണ്ടുന്നു പട്ടിണിക്കോലങ്ങൾ
പെരുവഴികൾ താണ്ടുന്നു തൻ പിഞ്ചുപൈതങ്ങൾ
ഉദരത്തിൻ ശയനസുഖ ദുഖവും പേറിയി
വീഥികളിലലയുന്നു ജാരാഭിസാരികകൾ.

കപടമോഹങ്ങളുടെ കവലപ്രസംഗങ്ങൾ
കർണ്ണപഥമടയുന്ന ഘോരപ്രവാഹങ്ങൾ
കഴുകന്റെ കണ്ണുകളിൽ വിടരും ദയാവായ്പിൽ
വളയും – ജനസഞ്ചയത്തിന്റെ വാലുകൾ.

ദാരിദ്യശാഖി വളരുന്നു സമദുഖത്തിൽ
അസ്തികളിലുഷ്ണമുയരുന്നു
കണ്ണുകൾ പീളകെട്ടുന്നു –
വെളിച്ചമീ
തമസ്സിന്റെ ഗുഹയിലമരുന്നു

പേറ്റുനോവറിയാത്ത പെണ്ണിനെ പൊൻമുടി
പേറ്റിക്കൊഴിക്കും നരൻമാർ
തരിശായ ഭൂമിയിലെ വിതകൊയ്തെടുക്കുവാൻ
വിരുതുള്ള മനുഷ്യാധമൻമാർ

കപടനാട്യങ്ങളുടെ വടവൃക്ഷ ശാഖി
വളരുന്നു നിൻമടിയിലിന്നമ്മേ
ദളമർമ്മരങ്ങളിൽ ഭീതിയുടെ ഹൂങ്കാര
ശബ്ദമുയരുന്നു നിൻ മണ്ണിൽ

ഉർവ്വരെ ,മൊഴിയാതെ കരയുന്ന നിന്നിലെ
ഹൃദയവ്യഥ അറിയുന്ന മക്കൾ
ക്കിനിയുമൊരു ജൻമമുണ്ടെന്നു ഞാനോർക്കട്ടെ ,
അവിടെവരെ ഞാൻ നടക്കട്ടെ
അവിടെവരെ ഞാൻ നടക്കട്ടെ.

By ivayana