രചന : പള്ളിയിൽ മണികണ്ഠൻ*

നാഴിയരിയങ്ങോട്ടുകൊടുക്കുമ്പോൾ
നാരായണിയ്ക്കും
നാല് മുളകിങ്ങോട്ട് വാങ്ങുമ്പോൾ
നബീസയ്ക്കും ആധിയുണ്ടായിരുന്നില്ല.
“ഇന്റെ മാപ്ലക്കെന്തെങ്കിലും പറ്റണെങ്കില്
അന്റെ കെട്ട്യോൻ ചാവണം”ന്ന് പറയുമ്പോൾ
നബീസയ്ക്കും,
“ന്റെ കെട്ട്യോന്
ന്നേക്കാളും ഷ്ടം
അന്റെ കെട്ട്യോനാടാ”ണെന്നുപറയുമ്പോൾ
നാരായണിയ്ക്കും
ആധിയുണ്ടായിരുന്നില്ല.
സുബ്ഹി നിസ്കാരംകഴിഞ്ഞ് വരുമ്പോൾ
കവലയിലെ ചായപ്പീടികയിൽനിന്നും
അയ്യപ്പൻ വാങ്ങിക്കൊടുത്ത
ചായകുടിയ്ക്കുമ്പോൾ മൂസയ്ക്കും,
പന്തിൽ പരുന്തിരിക്കുന്ന
മൂസയുടെ വെളുത്ത പേർഷ്യൻകുപ്പായമിട്ട്
ബന്ധുവീട്ടിലെ കല്യാണത്തിന് പോകുമ്പോൾ
അയ്യപ്പനും ആധിയുണ്ടായിരുന്നില്ല.
ഓണത്തിനവിടെയും
പെരുന്നാളിനിവിടെയും
ഒരേ കിണ്ണത്തിലുണ്ണുന്ന
രണ്ടുവീട്ടിലെ മക്കളെകാണുമ്പോൾ
രണ്ടിടങ്ങളിലും ആധിയുണ്ടായിരുന്നില്ല.
അതിര് നിശ്ചയിക്കാനൊരു
കല്ല് പാകാതെ പറമ്പും,
അളന്നുനോക്കാനൊരു നാഴി കരുതാതെ
അകവും കിടക്കുമ്പോൾ
അവരിലാരിലും ആധിയുണ്ടായിരുന്നില്ല…….
അലിവ് കൂടുന്നിടത്ത് അറിവും
അറിവ് കൂടുന്നിടത്ത് പെരുമയും പൂക്കുമെന്ന്
പഠിക്കാത്തതുകൊണ്ടാകാം….,
അന്ന് അവർക്ക് തോന്നാത്ത ആധി
ഇന്ന് നമ്മളെയിങ്ങിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നത്.


പള്ളിയിൽ മണികണ്ഠൻ

By ivayana