രചന : രാമചന്ദ്രൻ, ഏഴിക്കര*

ആമല,യീമല,പെരുമല,യൊരുമല,മാ
മലമേലൊരു പൊൻ തിങ്കൾ…
ആടിയുലഞ്ഞു നിരന്നു വരുന്നൊരു വാരിധി പോൽ വെൺമേഘങ്ങൾ..
ചാരുതയാർന്നൊരു താരക സുന്ദരിമാരിൽ
നിറയും പുഞ്ചിരിയും,
മോടിയിൽ മിഴിയതു ചിമ്മി രസിപ്പൂ
മാനിനിമാർ സുഖ സന്ധ്യകളിൽ…
ആടയിൽ നീലപ്പൂവുടലാക്കിയ മാദക
സുന്ദരി തൻ മെയ്യിൽ..
ഒന്നു മയങ്ങി, യുണർന്നു, തളർന്നൊരു
മഞ്ഞിൻകണമവ,ളമ്പിളിയും
മധുരം കിനിയുമൊരധരം,സുഖരസ ചഷകം നിറയും മൃദുഹാസം,
അരുവിയിലൊരുനിര, തളിരല, കുളിരല
കരളിൽ ചൊരിയും മധുഗീതം
പ്രകൃതിയി,ലനവധി, കഥകൾ പറയാൻ
സുകൃതം നേടിയ നിൻ ജന്മം.
തരുമോ കരഗതമാക്കാൻ പുതുയുഗ
കവിതകളൊന്നു രചിക്കാനായ്.
അടവിയി,ലൊരുചെറു കുമിളകളായെൻ
ജീവതരംഗം പടരുമ്പോൾ,
അലിവൊരു മഴപോ, ലുലകിൽ പെയ്യാൻ
പ്രഭ നൽകേണമതെപ്പോഴും..
മാനവ, മാനസ, മഞ്ചലി,ലനുപമ മോഹിനി
യാകും യാമത്തിൽ
ശ്യാമള,കോമള ലോലിതയായ് നീ മോഹന
രാഗം പാടുന്നു..
നടന മനോഹരി, കടലിൻ മേൽ നൽ പുടവയഴിക്കും നേരത്ത്
ഒളികണ്ണാലവളുടെ,യുടലിൻ ഭംഗി, യടിമുടി
ഗഗനം കാണുന്നു…

By ivayana