മൈക്രോ കഥ : മോഹൻദാസ് എവർഷൈൻ*

പത്രം ഉച്ചത്തിൽ വായിക്കുന്നത് താമരാക്ഷന്റെ ഒരു ശൈലിയാണ്, പണ്ട് ബീഡികമ്പനിയിൽ ജോലിക്കാർക്ക് പത്രം വായിച്ചു കേൾപ്പിക്കുന്ന ജോലിയായിരുന്നു തനിക്കെന്ന് ചിലപ്പോൾ അയാൾ വീമ്പിളക്കുന്നത് കേട്ടിട്ടുണ്ട്.
“ഓരോ വാർത്തയും അതിന്റെ ഗൗരവത്തിൽ തന്നെ വായിച്ചാലേ കേൾക്കുന്നവർക്ക് അതുൾകൊള്ളാൻ പറ്റുള്ളൂ “.താമരാക്ഷൻ പറയുന്നതിനെ ആരും ചോദ്യം ചെയ്യാൻ നിൽക്കാറില്ല. കാരണം അയാൾ ചെയ്യുന്നത് വലിയൊരു സേവനം തന്നെയാണന്നാണ് എല്ലാവരുടെയും പക്ഷം.
“ഇതാ വീണ്ടും രണ്ട് വ്യാപാരികൾ കൂടി ആത്മഹത്യ ചെയ്തിരിക്കുന്നു, കടനടത്തി, കടനടത്തി അവരെല്ലാം വെറും കടക്കാരായി ജീവിതം വഴിമുട്ടിയാൽ എന്താ ചെയ്ക?”.
“കടയിൽ രാഷ്ട്രീയം പാടില്ല “എന്നൊരു ബോർഡ്‌ മാറാല പിടിച്ച് തൂങ്ങുന്നതിനാൽ ആരും അതിനൊരു മറുപടി പറയാൻ നിന്നില്ല.
അല്ലെങ്കിൽ തന്നെ വല്ലവരും ചത്തതിന് നമ്മളെന്തിന് മറുപടി പറയണമെന്നുള്ള നമ്മുടെ ഒരു ലൈൻ വർക്ക്ഔട്ട് ചെയ്തത് കൊണ്ട് ആരും ഒന്നും മിണ്ടിയില്ല.
പരമപുച്ഛം നിറഞ്ഞ ഒരു ചിരി എല്ലാവർക്കും സമ്മാനിച്ചുകൊണ്ട് പത്രം മടക്കിവെച്ച് താമരാക്ഷൻ ചാറ്റൽ മഴയെ കൈകൊണ്ടു മറച്ച് പിടിച്ച് ഇടവഴിയിൽ നടന്ന് മറഞ്ഞു.

By ivayana