രചന : ഗോപാലകൃഷ്ണൻ മാവറ*

നവധാര കവിത പുരസ്ക്കാരത്തിന് ഗോപാലകൃഷ്ണൻ മാവറയുടെ ‘റോട്ട് വീലർ ‘ എന്ന കവിത അർഹമായിരിയ്ക്കുന്നുവെന്ന കാര്യം സന്തോഷപൂർവ്വം അറിയിക്കട്ടെ . ഫെബ്രുവരിയിൽ നടക്കുന്ന കവിസമ്മേളനത്തിൽവെച്ച് പുരസ്ക്കാരം സമ്മാനിയ്ക്കും. പ്രിയ സൗഹ്യദത്തിനു ഈ വായനയുടെ ആശംസകൾ .

മുസോളിനിയെ
വായിച്ചു കൊണ്ടിരിക്കേ
റോബർട്ട് ഫരിനാച്ചിയെ
അവിശ്വാസത്തിൻെറ
നിഴൽ മൂടവേ
എൻെറ വളർത്തുനായ
റോട്ട് വീലർ
പതിവില്ലാതെ
വായനാമുറിയിലേക്ക്
കടന്നു വന്നു.
അവൻെറ മുരൾച്ചയിൽ
അനുസരണക്കേടിൻെറ
ധ്വനി
അവൻെറ കണ്ണിൽ
നിഷേധത്തിൻെറ
വന്യത
വേർതിരിച്ചെടുക്കാനാവാത്ത
എന്തോ ഒന്നവനെ
വലയം ചെയ്യുന്നുണ്ട്.
പൊടുന്നനെ
മുസോളിനിയുടെ ശബ്ദം
ഉച്ചത്തിലുയർന്നു
നിഷേധികളെയും
അവിശ്വാസികളെയും
വെച്ചുപൊറിപ്പിച്ച ചരിത്രം
ഫാസിസത്തിനില്ല
വെച്ചേക്കരുത്
കൊല്ലവനെ
ചെവിതുളച്ച്
തലച്ചോറിളക്കിയ
ആ ശബ്ദത്തിൻെറ
ഉൾക്കരുത്തിലൊട്ടും
മനഃസാക്ഷിക്കുത്തില്ലാതെ
അവനു നേരേ
ഒരോറ്റവെടി
പിന്നെ,
ചരിത്രത്തിലേക്ക് തെറിച്ചു വീണ
ചോരയിൽ കുതിർന്നൊരു
ഞെരക്കം മാത്രം.

By ivayana