നെഞ്ചു പൊട്ടുമാറുച്ചത്തിൽ അലറി
വിളിക്കാൻ, ഇനിയുമിവിടെ ചോരപ്പുഴയൊഴുകണോ?
മെനാസൊട്ടയിലെ തെരുവുകളിൽ നിന്നും
പ്രിയപ്പെട്ട സഹോദരാ (കറുത്തവൻ)
ജോർജ് ഫ്ളോയിഡ് ,നീയറിഞ്ഞോ?
നിനക്ക് ശേഷം പ്രളയം ചോരയാൽ,
ലൂയിസ്വിലിലെ ഒരു തെരുവിൽ
നിന്റെ ഒരു സഹോദരനും രക്തസാക്ഷി,
ചോരപ്പൂക്കളം തീർത്ത് നിനക്കായ്
ഒരു രക്തസാക്ഷിയെ സമ്മാനിച്ചവർ
ഭൂഗർഭ അറയിൽ അഭയം തേടിയിരിക്കുന്നു.
ബങ്കറുകളിൽ ശ്വാസംമുട്ടിക്കുന്ന
ചോദ്യങ്ങളുണ്ടാവില്ലയെന്നത് പഴയ ചരിത്രമാണ്, പുതിയവയിൽ ഉത്തരം
പറയണം എന്നതാണ് ചോദ്യം?
ഭരണവർഗ്ഗഭയത്തിന്റെ കൽത്തുറുങ്കുകളിൽ
ഇപ്പോൾ കുരിരുട്ടാണ് കറുത്തവർ
ആയിരങ്ങൾ നിറഞ്ഞു കവിഞ്ഞതിനാൽ.
മിനിയപ്പൊളിസിലെ നിന്റെ സഹോദരർ
കണ്ണീർ വാർത്തതു കൊണ്ടായില്ലയെന്ന്
പറയാൻ തുടങ്ങി, അവർ പോരാട്ടത്തിലാണ്.
ബങ്കറുകളിലെ സുഖവാസക്കാരെ
പുകച്ചു പുറത്തുചാടിക്കണം
കറുത്തവന്റെ നേരെ നോക്കാൻ
പോലും ഭയപ്പെടണം, ഇനിയാരും.
ചോരയാൽ ചുവക്കാത്ത വിപ്ളവങ്ങൾ
എഴുതപ്പെടാത്ത ചരിത്രം പോലെയാണ്.
കണ്ണീർവാതകത്തിനും വെടിയുണ്ടകൾക്കും
ഭയപ്പെടുത്താനാകാത്ത വിധം
ചിത്രം ചുവക്കുന്നുണ്ട്, ഭൂഖണ്ഡത്തിൽ.
ചോരക്ക് ഒരു നിറമാണല്ലോ? നിന്റെയും
നിന്നെ കൊന്നു തള്ളിയവന്റെയും.
“എനിക്ക് ശ്വാസം മുട്ടുന്നു” എന്നത്
നിന്റെ മാത്രം ശബ്ദമല്ല.
ശ്വാസം മുട്ടുന്നവർ ‘
ചരിത്രത്തിലും, വർത്തമാനത്തിലും
ജീവിച്ചും മരിച്ചും പോരാടിയും
പറഞ്ഞതാണ് പിൻതലമുറക്കെങ്കിലും
ജീവശ്വാസത്തിന്റെ സ്വാതന്ത്ര്യത്തിനായ്
വൈറസുകൾ വിറകൊണ്ടരാത്രിയിൽ
രക്തം കട്ടപിടിച്ച ശ്വാസകോശത്തിൽ
നിന്നും വീണ്ടും വിമോചനത്തിന്റെ
ശബ്ദമുയർന്നു, തെരുവുകളിൽ
സമരജ്വാലകൾ കത്തിപ്പടരുമ്പോൾ
പരസ്പരം പുലമ്പുന്നവർക്കും ഭയം.
സുരക്ഷയുടെ കവാടങ്ങൾ അടച്ചിട്ടവർ
പാതാളത്തിലേക്ക് ഒളിപ്പാതകളിലൂടെ
സഞ്ചരിക്കുമ്പോഴും ശ്വാസംമുട്ടി മരിച്ചവർ
ഭൂമിയിലെ സമാന്തരങ്ങളിൽ പ്രതീകങ്ങളായ്.
പകർച്ചവ്യാഥികൾ പോലെ വർണ്ണവെറിയും
പടരുന്നുണ്ട് ഭൂഖണ്ഡാന്തരമാരിയായ്.
ടെന്നസിയിൽനിന്നും മാർട്ടിൻ ലൂഥറിന്റെ പ്രേതം തെരുവുവിളക്കുമായ് അലഞ്ഞു നടക്കുന്നു അരനൂറ്റാണ്ടിന്റെ കണക്കുകൾ കൂട്ടി നോക്കിയിട്ടും, എറിക്ക് ഗാർണറുടെ
പ്രേതം ഉത്തരം നൽകാത്ത അടയാളമായിട്ട്
അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു.
വർണ്ണവെറിയും വർഗ്ഗവഞ്ചകരും
കൊടികുത്തി വാഴുന്നുണ്ട് വാഗ്ദത്തഭൂമിയിൽ ഇനിയും കാത്തിരിക്കണോ ? എനിക്കൊരു സ്വപ്നമുണ്ട് “കറുത്തവന്റെ വിമോചനം”
എന്ന മാർട്ടിൻ ലൂഥറിന്റെ സ്വപ്നത്തിലേക്ക്
പടനയിക്കാൻ ഇനിയും സമയപരിധിയില്ല.
സമയമായ്, സമരകാഹളം തുടങ്ങുവാൻ.
Muraly Raghavan