രചന : ടി എം നവാസ് വളാഞ്ചേരി .*
കപടത മുഖമുദ്രയാക്കിയ കാലത്താണ് നാം. പുഞ്ചിരിയിൽ പോലും വഞ്ചന ഒളിപ്പിച്ച കാലം. എട്ടിന്റെ പണികൾക്ക് പഞ്ഞമില്ലാത കാലം.
കപടരുടെ ലക്ഷണങ്ങൾ നബി തിരുമേനി വിവരിച്ചു.
വാ തുറന്നാൽ കളവ് പറയും
വാഗ്ദാനം ചെയ്താൽ ലംഘിക്കും.
വിശ്വസിച്ചാൽ ചതിക്കും. പിണങ്ങിയാൽ നെറികേട് കാണിക്കും.
കൂട്ടൊന്ന് കൂടുമ്പോ കൂട്ടിന്റെ മേൻമകൾ കൂട്ടി കിഴിക്കാൻ മറന്നിടല്ലേ .
എന്തിനും ഏതിനും കൂട്ടായി നിന്നിട്ട് പാലം വലിക്കുന്ന കൂട്ടരുണ്ടെ.
അകമെ കുടിപ്പക പേറുന്ന കൂട്ടരാ പുറമെ വെളുക്കെ ചിരിച്ചിടുമെ.
കൂടെ നടക്കുമ്പോൾ നമ്മളെ പൊക്കി മുഖസ്തുതി നന്നായ് പറഞ്ഞിടുമെ.
മുഖമൊന്ന് മറയുമ്പോ തോളത്തിരുന്നിട്ട് ചെവിയിൽ കടിച്ച് പറിച്ചിടുമെ.
കപടരാം കൂട്ടിവർ ചൊല്ലുമെ പൊള്ളിന്റെ വാക്കതു വാ തുറക്കുന്ന നേരം’.
വിശ്വസിച്ചീടുന്ന ചങ്കിനെ നിർദ്ദയം വഞ്ചിച്ചു വീഴ്ത്തുമീ കപട വർഗ്ഗം.
തമ്മിൽ പിണങ്ങിയാൽ നെറികേട് കാണിച്ച് തനിനിറം കാട്ടുമീ കപട രൂപം .
വാഗ്ദാനമത്രയും ക്ഷണ മതിൽ ലംഘിക്കാൻ ഒട്ടും മടിക്കാത്ത കൂട്ടരാണെ.
കൂട്ടിലെ ശത്രുവായുള്ള കപടർ തൻ കൂട്ടിനപകടം ഏറെയാണെ.
പുഞ്ചിരിയിൽ പോലും വഞ്ചന കാട്ടിടും കൂട്ട രിവറേറെ ചുറ്റുമുണ്ടെ.
കരുതി നാം നിന്നിന്നേൽ കുഴിയതിൽ വീഴ്ത്തിടും
കുരുതി കൊടുത്തിടും കപട വർഗം.