മാഹിൻ കൊച്ചിൻ*

മറിഞ്ഞു വീഴാറായ ഒരു നന്മമരം വെട്ടിമാറ്റുവാൻ സമയമായി. ‘മരുഭൂമികളിലെ ഒറ്റപ്പെട്ട നന്മമരമല്ല’, നിബിഡവും ഹരിതാഭവുമായ നന്മമരങ്ങളാൽ സമ്പന്നമാവട്ടെ നമ്മുടെ നാട്…!! ❤💕


ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ആരെങ്കിലും നൻമമരങ്ങളുടെ സഹായത്തിനായി അവരെ സമീപിച്ചിട്ടുണ്ടോ.? ഞാൻ സമീപിച്ചിട്ടില്ല. പക്ഷേ, സമീപിച്ച ചിലരുടെ അനുഭവം എനിക്കറിയാം.

മാരകമായ രോഗം ബാധിച്ച് ചികിൽസയ്ക്ക് പണമില്ലാതെ വന്നാൽ ആ ഗതികേട് സമയത്ത് ചിലർ പറഞ്ഞാവും ഇത്തരം ആളുകളെ വിളിക്കുക. സാധാരണക്കാരുടേയും, രോഗികളുടേയും അശാ കേന്ദ്രങ്ങൾ എന്ന് അവകാശപ്പെടുന്ന ഇവരെ ഫോണിൽ ബന്ധപ്പെടാൻ ഒരു സാധാരണക്കാരന് കഴിയില്ല.. അഥവാ മുട്ടാപ്പോക്ക് പറഞ്ഞ് ഒഴിവാക്കും.. പിന്നെ, സഹായം ലഭിക്കണമെങ്കിൽ എന്തു ചെയ്യണം എന്ന നമ്മുടെ അന്വോഷണം ചെന്നു നിൽക്കുന്നത്, ഈ നൻമ്മ മരത്തിന്റെ ഏജന്റിന്റെ അടുക്കലാവും.. അസുഖ വിവരത്തോടൊപ്പം നമ്മുടെ വ്യക്തിപരവും, കുടുംബ പരവുമായ വിവരങ്ങൾ ആരായും.. ഇരുപത്തഞ്ച് ലക്ഷത്തിൽ കുറഞ്ഞ തുക പിരിക്കാൻ കഴിയാത്ത കേസ് ആണങ്കിൽ അത് അപ്പോഴെ തള്ളും. ഇതിനിടയിൽ നൻമ്മ മരം നേരിട്ട് പരിഗണിക്കുന്ന കേസുകളും ഉണ്ട്.. അത് ഏതെങ്കിലും, രാഷ്ട്രീയ നേതാവോ, മാധ്യമ പ്രവർത്തകരോ, മത മേലദ്ധ്യക്ഷൻമാരോ ശുപാർശ ചെയ്യണം.. ഭാവിയിൽ അവരുടെ പിൻതുണ ഉറപ്പു വരുത്താൻ ഇത് സഹായിക്കും.

രോഗം, രോഗിയുടെ ദയനീയ രോഗാവസ്ഥ. ശോചനീയമായ കുടുംബ അവസ്ഥ എന്നിവ കൂടുതൽ ദൈന്യത പരത്തി കാശ് പിരിക്കാനുള്ള വകയുണ്ടങ്കിൽ, നൻമ്മ മരത്തിന്റെ ചില്ലകളായ ചിലർ രോഗിയുടെ വീട്ടിൽ എത്തി കാര്യങ്ങൾ പറയും.. ഏത് ആശുപത്രിയിൽ ചികിൽസിക്കണമെന്നും, ഏത് ബാങ്കിൽ ആരുടെ പേരിൽ അക്കൗണ്ട് തുടങ്ങണമെന്നും, ആരെ അക്കൗണ്ടിൽ ജോയിന്റ് ചെയ്യിക്കണമെന്നും.. രോഗിക്കുള്ള തുക കഴിച്ച് ബാക്കി വരുന്ന തുക ചാരിറ്റിക്കാരെ ഏൽപ്പിക്കുന്നതിനെ കുറിച്ചും ധാരണ വരുത്തും.. സത്യത്തിൽ രോഗാവസ്ഥയിലുള്ള രോഗിയുടേയും, ബന്ധുക്കളുടേയും നിസ്സഹായത മുതലെടുത്തു കൊണ്ടുള്ള കച്ചവടം ഉറപ്പിക്കൽ തന്നെയാണു് ഏതാണ്ട് നടക്കുക..

കാര്യങ്ങൾ ധാരണ വരുത്തിയ ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം യഥാർഥ നൻമ്മ മരം എത്തും.. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ലൈവ് ചെയ്യും.. ഈ ലൈവ് ഷെയർ ചെയ്യാൻ എണ്ണമറ്റ ഫാൻസ് പേജുകളും, അക്കൗണ്ടുകളുമാണു് ഉള്ളത്.. ലോകത്ത് മുഴുവൻ ആളുകളിലേക്ക് പേജിൽ നിന്ന് പെയ്ഡ് റീച്ച് നടത്തി ലൈവ് എത്തിക്കും.. അവതരണത്തിന്റെ മികവിൽ തന്നെ ആവശ്യമുള്ള തുകയുടെ ഇരട്ടിത്തുക അക്കൗണ്ടിൽ ഒഴുകിയെത്തും.

പണം എത്തിക്കഴിഞ്ഞാൽ ഇരട്ടി വന്ന തുകയുടെ കാര്യത്തിലുള്ള തർക്കം പതിവാണ്.. ബാക്കി വന്ന തുക മറ്റു പലർക്ക് എന്ന പേരിൽ നൻമ്മ മരങ്ങളും, അതിന്റെ ചില്ലകളും ആവശ്യപ്പെടും.. ചെറുകിടക്കാരായ അത്തരക്കാർക്ക് വേണ്ടിയാണു് യാതൊരു കൈയ്യും കണക്കുമില്ലാതെ തുക വഴി മാറുന്നത്.. നിസ്സഹായാവസ്ഥയിലുള്ള രോഗിയുടേയും ബന്ധുക്കളുടേയും മനശാസ്ത്രം മുതലാക്കി, മറ്റാരും അധികം അറിയാതെയാണു് ഈ വക വക മാറ്റൽ.. ആവശ്യത്തിന്റെ ഇരട്ടി തുക ആയി കഴിയുമ്പോൾ അക്കൗണ്ട് പൂട്ടാൻ നിർദ്ദേശിക്കാതെ പണം തികഞ്ഞതായി പോസ്റ്റിടും,പക്ഷേ, ആ പോസ്റ്റിന് ആദ്യത്തെ റീച്ച് കിട്ടില്ല.. പണം ഒഴുകിക്കൊണ്ടേ ഇരിക്കും..

കേരളത്തിലെ സ്വകാര്യ മേഖലയിലെ ഒട്ടുമിക്ക ആശുപത്രികളും ഇത്തരത്തിൽ ചാരിറ്റി സ്ഥാപനങ്ങളാണു്.. ചാരിറ്റി തുടങ്ങി ദൈവം വരെ ആയവരുടെ ആശുപത്രിയിലേക്ക് സാധാരണക്കാരെ എത്തിക്കുക എന്ന പണിയും കൂടി ഈ നൻമ്മ മരങ്ങൾ ചെയ്യുന്നുണ്ടു്. സാധാരണക്കാരായ രോഗികളോട് ഒരു ദയയും കാണിക്കാത്ത വൻകിട ചാരിറ്റി ഹോസ്പിറ്റലുകളുടെ ഏത് കഴുത്തറുപ്പൻ ബില്ലും, നാട്ടുകാരിൽ നിന്ന് പിരിച്ച പണം കൊണ്ട് നൻമ്മ മരം അടയ്ക്കും.. അതു കൊണ്ട് തന്നെ ഈ ചെറുകിട ചാരിറ്റി മരങ്ങളോട് പ്രത്യേക താൽപ്പര്യം സ്വകാര്യ ആശുപത്രികൾക്ക് ഉണ്ട്.. അവർ എല്ലാ സഹായവും ചെയ്തു കൊടുക്കുമെങ്കിലും ഭീമമായ തുകയിൽ മാത്രം തർക്കങ്ങളില്ല..

കേരളത്തിലെ ഭീമാകാരമായ ചികിൽസാ ചിലവുകളുടെ പ്രധാന കാരണക്കാരും ഈ നൻമ്മ മരങ്ങളാണു്.. ഏതൊരു ഓപ്പറേഷനും കാൽ കോടി രൂപ വരെ ചിലവു വരുന്നതു കൊണ്ടു് തന്നെ ചാരിറ്റി മരങ്ങളെ ആശ്രയക്കാതെ ചികിൽസ മുന്നോട്ട് പോകില്ല എന്ന അവസ്ഥ ഇന്ന് കേരളത്തിൽ ഉണ്ട്.. വൃക്ക, കരൾ, ഹൃദയം എന്നീ അവയവങ്ങൾ ലഭ്യമാകണമെങ്കിലും ഇവരുടെ ശുപാർശകൾ കൂടിയെ കഴിയു എന്നുമായിട്ടുണ്ടു്..

കേരളത്തിലെ എൺപത് ശതമാനം രോഗികളും ആശ്രയിക്കുന്നത് സർക്കാർ ആരോഗ്യ മേഖലയെയാണു്. അത് കുറ്റമറ്റതാണു് എന്ന് അഭിപ്രായമില്ല, പക്ഷേ, കേരളത്തിൽ ഒന്നര ലക്ഷം രൂപയ്ക്ക് ഹൃദയം മാറ്റിവച്ച കോട്ടയം മെഡിക്കൽ കോളേജ് ഉണ്ട്.. അതിന്റെ സ്ഥാനത്താണ് അരക്കോടി രൂപ ചിലവഴിക്കുന്നത് എന്നുമോർക്കണം.. ശസ്ത്രക്രീയയ്ക്ക് ശേഷം രോഗി ആജീവനാന്ത്യം മരുന്ന് കഴിക്കേണ്ടതുണ്ട്.. മാസം കുറഞ്ഞത് അയ്യായിരം രൂപയുടെ മരുന്ന് കഴിക്കണം.. ഇത്തരം ഓപ്പറേഷനുകൾക്ക് മരുന്നു കമ്പനിക്കാരും നല്ല കമ്മീഷൻ നൽകുന്നുണ്ട്..
കേരളത്തിൽ പൊതു ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഒത്തിരി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.. എന്നാൽ അതിൽ കുറവുകളും ഉണ്ട്.

പക്ഷേ, അതില്ല എന്നു പറയാനും കഴിയില്ല.. സർക്കാരും ഈ മേഖലയിൽ സംഭാവനകൾ ചോദിക്കാറുണ്ട്.. ആരും അധികം കൊടുക്കാറില്ല.. കൊടുത്തില്ലങ്കിലും, അതിന്റെ വരവ് ചിലവ് ചോദിക്കും, സംശയം ഉന്നയിക്കും.. പക്ഷേ, യാതൊരു ഓഡിറ്റിംഗും ഇല്ലാത്ത ചാരിറ്റി നൻമ്മ മരങ്ങളോട് കണക്ക് ചോദിക്കാൻ പാടില്ല.. നീ വല്ലതും ചെയ്യുന്നുണ്ടോ..?പത്ത് രൂപയുടെ മരുന്ന് ആർക്കെങ്കിലും വാങ്ങി നൽകുന്നുണ്ടോ..? നാട്ടിൽ ഇറങ്ങി ഒരാളെ എങ്കിലും സഹായിച്ചിട്ടുണ്ടോ.? സഹായിക്കുന്നവരെ ഉപദ്രവിക്കാതെ ഇരുന്നു കൂടെ എന്നീ പതിവ് പല്ലവികളും നൻമ്മ മരം ചില്ലകളിൽ നിന്നുള്ള ഒന്നാം തരം തെറിയും കേൾക്കാം..

ഇന്ന് കേരളത്തിൽ ആശ്രമം മുതൽ വീടുകളും, കാറുകളും, ഓട്ടോറിക്ഷയും വരെ സംഭാവന സ്വീകരിച്ച നൻമ്മ മര ദൈവങ്ങളുണ്ട്. ഒരു കടയുടെ ഉദ്ഘാടനത്തിന് നാട മുറിക്കുന്നതിന് പോലും പതിനായിരങ്ങൾ വാങ്ങുന്നുണ്ട്.. വ്യക്തിപരമായി അവർ ആരിൽ നിന്ന് സഹായം പറ്റുന്നു എന്നോ.. എങ്ങനെ ജീവിക്കുന്നു എന്നോ പ്രസക്തി ഇല്ലാത്ത കാര്യം തന്നെയാണു്..എങ്കിലും, രോഗികൾക്ക് ഗുണം കിട്ടുന്നു എന്ന് അവകാശപ്പെടുമ്പോൾ പോലും, മേൽപ്പറഞ്ഞ വസ്തുതകൾ വസ്തുതകളായി തന്നെ നിൽക്കും.. അത് നിങ്ങൾ എത്ര വെളുപ്പിച്ചാലും, തെറി വിളിച്ചാലും, അക്കൗണ്ട് പൂട്ടിച്ചാലും വെളുക്കില്ല.. കാരുണ്യക്കച്ചവടം ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ലാഭമുള്ള മുടക്ക് മുതൽ ഇല്ലാത്ത ബിസിനസ്സ് ആണ്..

അന്യനെ സഹായിക്കുന്നതും, സഹായം വാങ്ങി നൽകുന്നതും നല്ലത് തന്നെയാണു്.. മാതൃകാ പരവുമാണു്. ചെറിയ സഹായങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുന്നവരുമാണു് കൂടുതലും. ഇതിനൊന്നും ആരും കുത്തക ഏറ്റെടുക്കേണ്ട.. രോഗികളുടെ സഹായത്തിന് കുറച്ച് സഹായം ചെയ്യുന്നതു പോലെയല്ല, കോടികൾ വിദേശത്തു നിന്നടക്കം പിരിക്കുന്നത്. അതിന് കൃത്യമായ സുതാര്യത വേണം.. നിലവിലെ നിയമം പാലിക്കണം.. ട്രസ്റ്റ് രജിസ്റ്റർ ചെയ്യണം. രോഗികളെ സഹായിക്കുന്നതാണു് യാഥാർഥ കാരുണ്യ പ്രവർത്തനം.. രോഗികളുടെ ദൈന്യത വിറ്റ് ഏത് രീതിയിലും ഏതെങ്കിലും സമ്പാദിക്കുന്നതു് തട്ടിപ്പ് തന്നെയാണു്.. അത് ഇനിയും പറയും.!!

ശുഭകരവും ഐശ്വര്യപൂർണ്ണവുമായ സമൂഹസൃഷ്ടിപ്പ് “ഒറ്റയാൾ നന്മമരങ്ങളുടെ” ഉത്തരവാദിത്തംകൊണ്ട് പൂർണ്ണമാവില്ല. അതിനു സാമൂഹികമായ കൂട്ടായ്മയും അനുഭാവപൂർണ്ണമായ ഭരണകൂടനടപടികളും ആവശ്യമാണ്‌…

By ivayana