രചന : അജികുമാർ നാരായണൻ*

തീവ്രവികാരങ്ങളുടെ
ചടുലതാളാത്മകതയിൽ
വർദ്ധിതവീര്യമാർന്ന്,
സ്വയാർജ്ജവങ്ങളുടെ
അനുഷ്ഠാനപീഠത്തിൽ
അനുഭവങ്ങളുടെ കരുത്തുപേറി
തിരുമുടിയേറ്റുന്ന
ഒറ്റക്കോലം ഞാൻ !

പന്തിരുകുലത്തിന്റെ
പരമമായ സത്യബോധങ്ങളിൽ
ആയുസ്സിനും ,
ആരോഗ്യത്തിനും
പവിത്രമോതിരത്താൽ
പാപരക്ഷ!

വീണുടയുന്ന
മുഖബിംബങ്ങളിൽ
രക്തക്കറയാൽ ബന്ധിക്കപ്പെട്ട
പാപങ്ങളുടെ നിലവിളി !
കുലത്തിലും ,
മാതൃകുലത്തിലും
ഗതികിട്ടാപ്രേതങ്ങളുടെ
മുറവിളികൾക്ക്
തീർത്ഥശുദ്ധിയായ്
കുരുതിക്കളങ്ങളിൽ
പന്തമാളുന്നത്
രക്തശുദ്ധിയുടെ തെളിച്ചമോ?

വഴിപ്പന്തങ്ങളിൽ
തീപ്പൊരികളുടെ ആവേശം,
നടവഴികളിൽ കനലുകളെരിയുന്നു !
അഷ്ടബന്ധത്താലുറപ്പിച്ച
കരിങ്കല്ലുകട്ടിളകളിൽ
ഗർജ്ജനത്തിന്റെ പ്രതിഫലനങ്ങൾ !
വിശ്വാസപ്രമാണങ്ങളുടെ
പടിയേറ്റമുറപ്പിക്കാൻ
അനുഷ്ഠാനസത്യങ്ങളുടെ
ഉഗ്രമൂർത്തീഭാവം!

ഒറ്റക്കാൽച്ചിലമ്പിന്റെ
രൗദ്രതാളങ്ങളിൽ
രക്തം വാർന്നൊഴുകിയ
തിരുജഢയിൽ
മുടിയുറപ്പിക്കൽ !

പരദൈവങ്ങളുടെ
അനുഗ്രഹപ്പെരുമയിൽ
വാളും വെളിപാടുമായി
നീളേനിരക്കുന്ന അകമ്പടിക്കാരുടെ
സത്യവാചകം ഞാൻ!

ചപ്പിലക്കാതലുകളുടെ
ഗർവ്വുകളിൽ
ചപ്പാരം തൊട്ടകമ്പടിമാരുടെ
നിശബ്ദത!
സൂചിമുനകളിൽ നടന്നുകയറി
അസുരവാദ്യപ്പെരുമയുടെ
മൂർദ്ധന്യതയിൽ
ചെമ്പകവിറകെരിച്ച്,
ചുട്ടുപഴുത്ത
കനൽക്കൂമ്പാരത്തിലേക്ക്
ആവാഹിച്ച്
എടുത്തെറിപ്പെടുന്ന
പരമപവിത്രതയുടെ ദയനീയത !

ആരാധനകളുടെ ആവേശങ്ങളിൽ
കണ്ഠനാളങ്ങളുടെ ഘോഷങ്ങളിൽ
കഴുവേറ്റപ്പെടുന്ന
ഒറ്റക്കോലം ഞാൻ !

ഇനിഞാനേ ദൈവവും
ഇനിഞാനേ വെളിപാടും
ഇനിഞാനേ സത്യവും !
തീരുമുടിയഴിക്കുന്ന നേരംവരെ,
കാൽ വെള്ളയിലെ
കനൽപ്പാടുകളിൽ
സത്യ-ധർമ്മലക്ഷണം.
ഞാൻ ഒറ്റക്കോലം !

By ivayana