കഥ : ലത അനിൽ*

ആൾക്കാരുടെ ഇടയിലൂടെ കുണുങ്ങിക്കുണുങ്ങി നടക്കുന്ന പ്രാവുകൾ. അടുത്ത പ്ലാറ്റ്ഫോ० ബഞ്ചിൽ രണ്ടാൺകുട്ടികൾ മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുന്നു
പാള० മുറിച്ചുകടക്കാനൊരുങ്ങുന്ന വെളുത്ത നിറമുള്ള നായയ്ക്ക് താക്കീതു നൽകു० പോലെ നിർത്താതെ കുരയ്ക്കുന്നു മറ്റൊന്ന്.
അവൾ പ്രാവുകളിലേക്ക് നോട്ടം മാറ്റി.
“സിന്ധുവല്ലേ? “
പെട്ടെന്നുള്ള ചോദ്യം കേട്ട് അമ്പരപ്പോടെ അവൾ നോക്കി.
അഞ്ചരയടി പൊക്കം ,അതിനൊത്ത വണ്ണം.
ഡൈ ചെയ്താലും പോകില്ലെന്നു വാശി പിടിയ്ക്കുന്ന രണ്ടുമൂന്നു നര നെറ്റിയോടു ചേർന്നു തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.
വലിയ കണ്ണുകളിലെ തിളക്കം കണ്ണാടി തുളച്ചെത്തുന്നു.
ചുണ്ടിൽ കള്ളച്ചിരി….
” പ്രസാദ്!”
അവൾ എഴുന്നേറ്റു.
“അതെ”അയാൾ പറഞ്ഞു.
വെളുത്ത് മെലിഞ്ഞ ഒരാൺകുട്ടി സ്റ്റേജിൽ നിന്ന്
“പ്രായ० നമ്മിൽ മോഹം നൽകി… ..”
പാടിത്തകർക്കുന്നു.
കേട്ടിരിക്കുന്ന പെൺകുട്ടികളിൽ ചിലർ സ്വപ്നലോകത്താണ്.
അവിടെ അവൻ മാത്രം.
അക്കൂട്ടത്തിൽ ഒരാളായി ഒരു മൂലയിൽ അവൾ.
“സിന്ധുവിന്റെ കുടുംബം?”
പ്രസാദിന്റെ ചോദ്യം അവളെയുണർത്തി.
കലാലയജീവിതം കഴിഞ്ഞിങ്ങോട്ടുള്ള ജീവിതം ,ജോലി, കുടുംബം, കുട്ടികൾ ….
അങ്ങോട്ടുമിങ്ങോട്ടും ചുരുക്കിപ്പറയുന്നതിനിടയിൽ ഒരു തീവണ്ടി കടന്നുപോയി.
അവർക്കടുത്തായൊരാൾ വന്നു.
പുറത്തു० കൈയിലുമുണ്ടായിരുന്ന രണ്ടു കനത്ത ബാഗുകൾ ബഞ്ചിലിറക്കിവെച്ച് നിശ്വസിച്ചു.
വീണ്ടും അനൗൺസ്മെന്റ് മുഴങ്ങി.
അവൾ ചോദിച്ചു .
“പ്രസാദ്. ..പാട്ടുകാരനായതുകൊണ്ട് കോളേജിലെ എല്ലാവർക്കു० അറിയാമായിരുന്നല്ലോ…
പ്രിയങ്കരനായിരുന്നല്ലോ എല്ലാർക്കു०.
പക്ഷേ ജൂനിയറായി പഠിച്ച എന്നെയെങ്ങനെ പ്രസാദിന്……?”
അയാളുടെ മുഖത്തെ കള്ളച്ചിരി ഒന്നു മങ്ങിയതവൾ കണ്ടു.
“സിന്ധൂ….തന്നെ എനിക്ക്…….”
ഒരിക്കൽ
കേൾക്കുവാനാശിച്ചിരുന്ന വാക്കുകളെ
തീവണ്ടിയുടെ ശബ്ദം കീറിമുറിച്ചു.
എനിക്കു പോകേണ്ട വണ്ടിയെത്തിയെന്നു പറയാൻ അയാളുടെ മുഖത്തേക്കു നോക്കിയപ്പോൾ അവിടെയൊരു ഞെട്ടൽ.
അവളമ്പരന്നു.
“എനിക്കു०” എന്നു താനറിയാതെ പറഞ്ഞുവോ ?പ്രസാദ് കേട്ടുവോ?
വണ്ടിയിൽ കയറി സൈഡ് സീറ്റിലിരിക്കുമ്പോൾ കാല० തെറ്റിയെത്തിയ രണ്ടു മഴത്തുള്ളികൾ അവളുടെ കണ്ണുകളിൽ നിന്നടർന്നുവീണു.
പിന്നോട്ടു പോകാനറിയാത്ത തീവണ്ടി മുന്നോട്ടു പാഞ്ഞു.
പുറത്തപ്പോൾ പെയ്യാത്തൊരു കാർമേഘം വെയിലിനെ മറച്ചു.

By ivayana