ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഗംഗാ പുത്രൻ

എന്നെപിരിയാവരം ചോദിച്ച
അരചനാം ശാന്തനുവോട് ചെയ്ത
വാഗ്‌ദത്തം തെറ്റി ഇനി കദാപി
പഴുതില്ലയെന്നോതി അകന്ന്
നദിയായപ്പോൾ,
ഉറക്കെയൊന്നമർത്തി “അമ്മേ”
എന്നു വിളിക്കാൻ കെൽപില്യാത്ത
ഞാൻ ഗംഗേയനെന്നറിയപ്പെട്ടു
പിന്നെ കാലം
ഭീഷ്മരെന്നഭിഷിക്തനാക്കി
കിടത്തി ശരശയ്യയിൽ …

അഗ്രജ കൗന്തേയൻ

കൗന്തേനെന്നറിയപ്പെടേണ്ടവൻ
ഞാൻ സൂതപുത്രൻ
കർണനായവതരിച്ചു…
പേടകത്തിലന്നെന്നെ
ഒഴുക്കിയപ്പോൾ
തൻ കുലീന യൗവ്വനത്തിൻ
അധീന നശ്വരത
എന്നിൽ നിക്ഷേപിച്ചന്നിന്നേക്കും
ചട്ടങ്ങൾ നിർമിച്ചുവോ
തുടരാനിന്നും ആളുകൾ ഉണ്ടല്ലോ…

ജ്യേഷ്ഠ കൗരവൻ

ഒടുക്കം നീ കരഞ്ഞാർത്തപ്പോൾ
അലിഞ്ഞില്യാതായീ
ബന്ധപാശങ്ങളത്രയും
മരണം രണാങ്കണത്തിൽ
നൂറ്റൊന്നവർതൻ
അമ്മയേയുമെത്തിച്ചു
കാരുണികനാം കൃഷ്ണനെ
വേട്ടയാടാൻ…. ഇതെന്തു ന്യായം.
ഒന്നു നീയുരിയാടിയിരുന്നെങ്കിൽ
സുയോധനനെ
തടഞ്ഞിരുന്നെങ്കിൽ വധുവാം
നീ കണ്ടെത്തിയ നിധിധ്യാസനം
ഒടുക്കം മകനെ നഗ്നനായ് യുദ്ധ
സന്നദ്ധനായി കാൺപതിനു-
മുപയോഗിച്ചതെന്തിനെ പ്രിയ
കുരുവധുവെ, ഗാന്ധാരമന്നുമിന്നും
കേഴുന്നു യുദ്ധാർത്തിയാൽ…
ചെങ്കലങ്ങിപ്പോയ
കുരുക്ഷേത്രമണ്ണതിന്നും…

മണികണ്ഠൻ എം

By ivayana