രചന : താഹാ ജമാൽ*

വ്യാമോഹങ്ങളുടെ പകൽ
അസ്തമിക്കാനിരിക്കെ
അവൾ അയാളിൽ പുളകങ്ങൾ തീർത്തു
മുടി പിന്നിയിട്ടു
കൺമഷിയെഴുതി
പ്രമേയമില്ലാത്ത പ്രണയമെഴുതി
വിരഹമെഴുതി
കാമമെഴുതി
കാൽനഖങ്ങളിൽ കളറുകൾ പുരട്ടി
സാരിയിൽ നിന്നും ചുരിദാറിലേക്ക്,
സ്കൂൾ പാവാടയിലേക്ക്,
പ്രായത്തെ വലിച്ചുകെട്ടാൻ ശ്രമിച്ചു.
നര ഒളിപ്പിയ്ക്കാൻ
കളറുകൾ പുരട്ടി
ചുളിഞ്ഞ കവിളുകൾ കണ്ണാടിയിൽ നോക്കുമ്പോൾ
അവളുടെ ഉള്ളു പിടഞ്ഞു
കാലമേൽപിച്ച പ്രായം മുന്നിൽ
കലണ്ടറായ് നിന്നു.
കാലം
മുടക്കുന്ന വഴികളിൽ
മദാലസ യൗവ്വനം കുഴഞ്ഞു വീണു.
എങ്കിലും കരിവളയും, പുതിയ കമ്മലുകളും,
ജിമുക്കിയും അവൾ വാങ്ങി വെച്ചു.
വിതാൻ സൗധയും, താജ്മഹലും
ഇന്ത്യാ ഗെയിറ്റും, ഊട്ടിയിലെ മൊട്ടക്കുന്നും
അവൾ പ്രൊഫൈലായ് കരുതും
മാറ്റി മാറ്റി കൊളുത്തുള്ള ചൂണ്ടയിൽ
കൊത്തി,മരിയ്ക്കുന്ന
പരൽ മീനുകൾ
ശവനാറിപ്പുക്കളുടെ ഗന്ധം പേറിയ
രാത്രികളിൽ അവൾ
മെസഞ്ചറിലെത്തും
കുളിരും, ചൂടുമുള്ള മോഹങ്ങളാൽ
പോയ കാലത്തിൻ്റെ വെണ്ണീറായ പ്രണയം
നിനക്ക് വോണമോ എന്നു
ചോദിച്ചു കൊണ്ടേയിരിക്കുന്നു.
പാവം
വ്യാമോഹങ്ങളിൽ ജീവിക്കുകയും
മോഹങ്ങളിൽ മരിച്ചു കൊണ്ടിരിക്കുന്നതും
അവളുടെ മാത്രം കുറ്റമാണെന്ന്
കാലം
ഫെയ്സ് ബുക്കിനോടു
പറയുമായിരിക്കും.

By ivayana