രചന : വിദ്യാ രാജീവ്✍️
നിശാപുഷ്പത്തിൻ ഗന്ധമോലും നീലനിശീഥിനിയിൽ,
ഇളംകാറ്റു തഴുകിയുണർവേകി വിരിഞ്ഞൊരു കുഞ്ഞുമലരേ,
ഉദയാസ്തമയങ്ങളിൽ അലിഞ്ഞുചേർന്നുല്ലസിച്ചു
വളർന്നവളല്ലയോ നീ?
നിയതിയെന്തെന്നറിയാതെ പിറന്നു
സ്വപ്നഗോപുരങ്ങൾ നെയ്തുകൂട്ടി
പലവുരു പരാജിതയായ് വാടിത്തളർന്നു നിസ്സംഗയായോൾ!
ഇന്നു നീയക്ഷരമലരുകൾക്കൊപ്പം
പുതുവേഷപ്പകർച്ചതന്നാരവത്തിൽ ആനന്ദനർത്തനമാടിടുന്നു.
തൂലിക പടവാളാക്കി മൗനസഞ്ചാരിയായ് മുന്നേറുന്നൂ
ജീവിതവഴിത്താരയിലോരോ ജനിമൃതിയും,
ആരാഞ്ഞലഞ്ഞു ബോധ്യമാവുന്നൊന്നത്,
പിറന്നുവീഴുന്നോരോ പുൽക്കൊടിക്കും
പറയുവാനുണ്ട് കദനകഥകളേറെ.
ജയപരാജയമേവരിലുളവാകുന്ന ജീവിതസത്യമല്ലോ!
പരസ്പരപൂരകമാമീ ജീവിതപഥത്തിൽ നിശ്ചിതമല്ലല്ലോ ഒന്നും പാർത്താൽ..