രചന : ആശാ റാണി ലക്ഷ്മിക്കുട്ടി✍️
അമ്പത്തിനാല് വയസ്സായി ശോഭന ചേച്ചിക്ക്. ഭർത്താവിന്റെ അമ്മ വീണ് വീൽചെയറിലായ കാലത്ത് ആരോഗ്യ വകുപ്പിൽ കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചതാണ്. പിന്നെ വീട്ടു ഭരണം. ഭർത്താവ് സർവ്വശ്രീ അദ്ദേഹം നാലഞ്ച് വർഷം മുമ്പ് ഇതേ വകുപ്പിൽ നിന്ന് റിട്ടയർ ആയി. ഏതോരു സ്ത്രീയേയും പോലെ ജോലിയില്ലാത്ത ശോഭനചേച്ചി വീട്ടമ്മയായി. സർവ്വശ്രീയാണെങ്കിലോ ജോലി ഇല്ലാഞ്ഞിട്ടും വീട്ടച്ഛനാകുന്നതിന് പകരം സർവ്വീസിലിരുന്ന കാലത്ത് ഒതുങ്ങിയും അടങ്ങിയും ചെയ്ത രാഷ്ട്രീയ പ്രവർത്തനങ്ങൾ ഫുൾ സ്വിങ്ങിലാക്കി.
കൊറോണ വന്നതിൽ പിന്നെ ശോഭന ചേച്ചി പുറത്തിറങ്ങിയിട്ടില്ല. ഇറങ്ങാൻ നരകത്തിൽ പോകാൻ ടിക്കറ്റും എടുത്തിരിക്കുന്ന സർവ്വശ്രീയുടെ മാതാവ് സമ്മതിച്ചിട്ടില്ല. ഗേറ്റ് പടി വാതിൽ വരെ പോയി മീൻകാരനോട് എന്താ മീനന്ന് ചോദിച്ച് രണ്ട് മിനിറ്റ് നിന്നാൽ അകത്ത് നിന്ന് മാതാവിന്റെ തെറി വരും എടീ അശ്രീകരമെ നീ എനിക്ക് കൊറോണ വരുത്തിയെ അടങ്ങൂ എന്ന് ചോദിച്ച്. ആ മാതാവ് ഏതോ വകയിൽ ഉകുജയാണ് (ഉന്നത കുല ജാത) പച്ചക്കറി മാഹാത്മ്യവും. അതുകൊണ്ട് മീൻ വാങ്ങുന്നത് കണ്ടാൽ ഹാലിളകും. ശോഭനചേച്ചി ഓടി അകത്ത് കയറും.
എന്നാൽ സർവ്വശ്രി അങ്ങനെയല്ല. പൊതു പ്രവർത്തനം സർവ്വ പ്രവർത്തനേക്കാൾ പ്രധാനം എന്നാണ്. നിയമസഭ, പഞ്ചായത്ത് ഇലക്ഷൻ കൊറോണ പ്രതിരോധം, പ്രളയം അങ്ങനെ പൊതു പ്രവർത്തനം ആക്ടീവാണ്. മകൻ വഴി കൊറോണ കയറില്ലന്നാണ് മാതാവിന്റെ വിശ്വാസം. സർവ്വശ്രീ വീടിന്റെ മുകളിലെ നിലയിലാണ് താമസം. സമയാസമയം ഭക്ഷണം, വെള്ളം ഇതൊക്കെ സേവിക്കാനെ താഴെ വരു. അതുകൊണ്ട് സർവ്വശ്രീക്ക് കൊറോണ വന്നിട്ടും ശോഭനചേച്ചിക്ക് വന്നില്ല. വന്നിരുന്നു എങ്കിൽ രണ്ടു ദിവസം വിശ്രമമെങ്കിലും കിട്ടിയേനെ എന്ന് പാവം കരുതി.
അങ്ങനെയുളള ശോഭനചേച്ചി രണ്ടു വർഷങ്ങൾക്ക് ശേഷം ഒന്ന് പുറത്തിറങ്ങുകയാണ്. അടുത്ത സുഹൃത്തിന്റെ മകളുടെ കല്യാണം.
ശോഭനചേച്ചി രാവിലെ എണീറ്റു. ദോശയും ചമ്മന്തിയും ഉണ്ടാക്കി മേശപ്പുറത്ത് വച്ചു. കഞ്ഞിക്കലം വാർത്ത് ഇട്ടു. മോരുകറിയും, മഴുക്കുപുരട്ടിയും ഉണ്ടാക്കി അടുക്കളയിൽ വച്ചു. ശേഷം കുളിച്ചൊരുങ്ങി പുതിയ സാരിയുടുത്തു. എട്ടു പവന്റെ താലി മാല സ്പഷ്യൽ ഒക്കേഷൻ ഓർണമെന്റ് ഇട്ടു. പൊട്ടു കുത്തി മുടി ചീകി കെട്ടി സുന്ദരിയായി ഇറങ്ങി.
കല്യാണ വീട്ടിൽ പത്താം ക്ലാസിലെ ഓൾഡ് ക്ളാസ്മേറ്റ്സിന്റെ ഗെറ്റ് റ്റുഗദർ സീൻ. കല്യാണം നടന്നതും, സദ്യ കഴിഞ്ഞതും, പെണ്ണും ചെറുക്കനും പോയതും കാട്ടിശ്ശോരി സ്കൂൾ 81 ബാച്ച് പത്ത് സി ക്കാര് അറിഞ്ഞതെ ഇല്ല.
അങ്ങനെ ഓർമ്മകൾ താരാട്ടും തേരിലേറി ശോഭനചേച്ചി ഗേറ്റ് കടന്ന് വരുമ്പോൾ എതിരെ വരുന്ന സർവ്വശ്രീയുടെ ന്യൂജൻ പാർട്ടി അണികൾ പറഞ്ഞു… അല്ല ശോഭനചേച്ചി സദ്യേം ഉണ്ട് ഇപ്പളാണോ വരണതേ.. ദേ സാറും അമ്മച്ചിം ഒരു വക കഴിക്കാതെ കാത്തിരിക്കുന്നു.
അതു കേട്ട് ശോഭനചേച്ചി ഞെട്ടി, നോക്കുമ്പോൾ മുന്നിൽ കോപാക്രാന്തനായ സർവ്വശ്രീ. താൻ ഉണ്ടാക്കി വച്ച് പോയ ഭക്ഷണത്തിന് എന്ത് സംഭവിച്ചു എന്നറിയാതെ അടുക്കളയിൽ ചെന്ന് നോക്കിയ ശോഭനചേച്ചി കണ്ടത് ബ്രേക്ക് ഫാസ്റ്റിന്റെ എച്ചിലുപോലും പെറുക്കാത്ത ഡെെനിങ്ങും ടേബിളും, അടച്ചിട്ട കഞ്ഞിക്കലവും.
സർവ്വശ്രീ പുറത്ത് ചാരുകസേരയിൽ . മുറിയിൽ നിന്ന് അദ്ദേഹത്തിന്റെ മാതാവിന്റെ തെറി. കഞ്ഞി വാർത്തു വയ്ക്കാതെ പോയതു കൊണ്ട് അവർക്ക് ചോറുണ്ണാൻ പറ്റിയില്ലത്രെ. അമ്മയുടെ കച്ചേരി മുറുകുന്നതിനിടക്ക് കയറി വന്ന് സർവ്വശ്രീ പ്രഖ്യാപിച്ചു ‘ചോറ് വിളമ്പു’. സാരി മാറാൻ നിൽക്കാതെ ശോഭന ചേച്ചി ചോറു വിളമ്പി.
രാത്രി.
കുറ്റാകൂരിരിട്ട്…. അമീബ ഇര പിടിക്കുന്ന സമയം…
ശോഭന ചേച്ചി ഒരു ബാഗിൽ കുറച്ച് സാധനങ്ങളും എടുത്ത് വീട് വിട്ടിറങ്ങീ… റോഡ് വിജനം.. നേരെ ജംഗ്ഷൻ ലക്ഷ്യമാക്കി നടന്നു. ഒന്ന് രണ്ട് ഓട്ടോകാരും നെെറ്റുകടകളും ഉളള ആ ജംഗ്ഷന്റെ രാത്രി ദൃശ്യം അമ്പത്തിനാലാം വയസ്സിൽ ആദ്യമായി ശോഭനചേച്ചി കണ്ടു.
രാവിലെ സർവ്വശ്രീക്ക് ചായ കിട്ടിയില്ല.
സർവ്വശ്രീയുടെ മാതാവ് കിടക്കയിൽ കിടന്ന് അലറി വിളിച്ചു.
പക്ഷെ ശോഭന ചേച്ചി മാത്രം വിളികേട്ടില്ല. അന്ന് മാത്രമല്ല തുടർച്ചയായി പതിനാല് ദിവസം വിളികേട്ടില്ല.
സർവ്വശ്രീ ആകെ ബേജാറായി. നാണക്കേടായി. പലതരം അന്വേഷണങ്ങളുടെ ഒടുവിൽ പോലീസിലും പരാതി കൊടുത്തു. ഒരു തുമ്പും കിട്ടിയില്ല. പതിനഞ്ചാം ദിവസം ശോഭനചേച്ചി പടി കയറി വന്നു. തലമുണ്ഡനം ചെയ്തിരുന്നു. എട്ടുപവന്റെ താലി മാല കാണാനില്ലായിരുന്നു. നീളത്തിൽ ഒരു രുദ്രാക്ഷമാല..
ഓടി വന്ന സർവ്വശ്രീ ചോദിച്ചു…
ശോഭനെ നീ എവിടെ പോയിരുന്നു….
ഒരു തീർത്ഥാടനത്തിന് എന്ന് മാതാ ശോഭാനന്ദമയി ചേച്ചി പ്രതിവചിച്ചു….
ശോഭനചേച്ചി ഭക്തിമാർഗ്ഗമായത് നാട്ടിൽ പാട്ടായി. പലരും ആത്മീയ ഉപദേശം വരെ ചോദിക്കുന്ന അവസ്ഥയായി…
ഒരുപാട് വർഷങ്ങൾക്ക് ശേഷം പകൽ നേരം ശോഭന ചേച്ചി തന്റെ കിടക്കയിൽ സമാധാനമായി കിടന്നു. പതിയെ ഫോണെടുത്തു. എട്ടു പവന്റെ മാല വിറ്റ് നടത്തിയ പുതുവത്സര ആഘോഷങ്ങളുടെ പടം കണ്ട് പുഞ്ചിരിച്ചു. ഇനി അടുത്ത തീർത്ഥയാത്ര എന്നാണന്ന് വീടിന്റെ സീലിങ്ങിനെ നോക്കി നിശ്ശബ്ദമായി ചോദിച്ചു…
വഴികൾ വിളിക്കുന്നു…. പാതയുടെ സംഗീതം എന്നൊക്കെ കുറെ അലുകുലുത്ത് സ്റ്റാറ്റസുകൾ മനസ്സിൽ എഴുതി. അതിൽ സമാന മനസ്കരായ മന്ത്രവാദിനികൾ വന്ന് ഹൃദയ ചിഹ്നം ഇട്ട് കണ്ണുറുക്കി കാണിച്ചു.
ജനൽ കമ്പിയിൽ കൊളുത്തിയിട്ട രുദ്രാക്ഷമാല നോക്കി സർവ്വശ്രീ നെടു വീർപ്പിട്ടു.
(സി ആർ ശ്രീജിത്ത്)