ഹാരിസ് ഖാൻ ✍️
1986 ൽ ഇൻസ്പെക്ടർ ബലറാമായി
മമ്മൂട്ടി അഭിനയിച്ച ആവനാഴി എന്നൊരു സിനിമയുണ്ട്. കരടി ബാലു എന്ന വട്ടപ്പേരിലാണ് ഈ ഇടിയൻ ബലറാം പോലീസ് അറിയപ്പെടുന്നത് (എന്ത് കൊണ്ടാവും പൊതുവെ ക്രിമിനലുകൾക്കും പോലീസുകാർക്കും ഇങ്ങിനെ വട്ടപേരുണ്ടാവുന്നത്..? )
ആ സിനിമയിൽ മമ്മൂട്ടിയുടെ അക്രമ സ്വഭാവത്തിനെതിരിൽ നിരന്തരം വാർത്ത കൊടുക്കുന്ന പത്രക്കാരനാണ് ശ്രീനിവാസൻ.
അദ്ദേഹത്തിൻെറ ക്യാമറ കളവ് പോവുന്നു. അദ്ദേഹം പോലീസിൽ പരാതി കൊടുക്കുന്നു.
മമ്മൂട്ടി സംശയമുള്ളൊരു കള്ളനെ പൊക്കുന്നു. മമ്മൂട്ടി കള്ളനൊരു ബിരിയാണി വാങ്ങി കൊടുക്കുന്നു. എന്നിട്ട് സനേഹത്തോടെ ആ സാറിൻെറ ക്യാമറെ മോഷ്ടിച്ചോ എന്ന് ചോദിക്കുന്നു. കള്ളൻ ഇല്ല എന്ന് പറയുന്നു. മമ്മൂട്ടി കള്ളനെ പിടിച്ച് കുനിച്ച് കൂമ്പിനിടിക്കുന്നു കള്ളൻ കുറ്റം സമ്മതിക്കുന്നു ക്യാമറ തിരിച്ച് കിട്ടുന്നു. പോലിസായാൽ ഇടിക്കണമെന്ന “ബോധോദയം” ശ്രീനിവാസനുണ്ടാവുന്നു. അദ്ദേഹവും, ജനവും കയ്യടിക്കുന്നു സിനിമ സൂപ്പർ ഹിറ്റാവുന്നു…
30 വർഷങ്ങൾക്ക് ശേഷം ആക്ഷൻ ഹീറോ ബിജു എന്നൊരു പോലീസ് സിനിമയുണ്ടാ വുന്നു. നിവിൻ പോളി ഇടിയൻ ബിജു എന്ന പോലീസുകാരനായി സിനിമയിൽ വരുന്നു. “പ്രതികളെ ” (പ്രതി =കുറ്റം തെളീക്കപ്പെടാത്ത വ്യക്തി) ഇളനീർ തോർത്ത് മുണ്ടിൽ കെട്ടി മുതുകിനിടിച്ച് ശരീരം മുറിയാതെ (ശരീരം മുറിഞ്ഞാൽ കോടതിയിൽ ഹാജരാക്കുമ്പോൾ ജഡ്ജി ചോദിക്കും.)
അകത്തെ ലിവർ, ശ്വാസകോശം, കിഡ്നി, ഹൃദയം എന്നീ ശരീരത്തിന് അത്യാവശ്യമില്ലാത്ത അവയവങ്ങളെ ഇടിച്ച് കലക്കുക എന്നതാണ് മൂപ്പരുടെ പ്രധാന ഹോബി..
30 വർഷത്തിന് ശേഷം പോലീസ് മാറിയില്ലേലും ജനം മാറിയിരുന്നു അവർ
അതിലെ ശെരികേടുകളെ ചോദ്യം ചെയ്തു..
ആ ബിജുവാണ് ഞങ്ങളുടെ ഹീറോയെന്നും ഇനിയും ജനത്തെ ഇടിക്കുമെന്നും പറഞ്ഞ് ഫോട്ടോ സഹിതം നേരം വെളുക്കാത്ത കുട്ടൻപിള്ള ഇന്നലെ അവരുടെ ഔദ്യോഗിക പേജിൽ പോസ്റ്റിടുന്നു. ജനം പേജിൽ പൊങ്കാലയർപ്പിക്കുന്നു വൈകാതെ പോസ്റ്റ് കുട്ടൻപിള്ള മുക്കുന്നു..
പണ്ട് എൻെറ ഹൈസ്കൂൾ കാലത്ത് ബസ്റ്റാൻറിൽ വെച്ച് ഒരു കടക്കാരനുമായി വഴക്കുണ്ടാക്കിയ (അടി അല്ല) ചെറുപ്പക്കാരനെ ഒരു പോലീസുകാരൻ പബ്ലിക്കായി തല്ലുന്നു. റിഫ്ലക്സ് ആക്ഷൻ പോലെ ചെറുപ്പക്കാരൻ പോലീസുകാരനെ തിരിച്ച് തല്ലുന്നു. കൂടുതൽ പോലിസെത്തുന്നു അയാളെ തെറി വിളിക്കുന്നു ചെറുപ്പക്കാരൻ അതേ തെറി തിരിച്ച് വിളിക്കുന്നു. അയാളെ കൈകളിൽ വിലങ്ങിട്ട് തല്ലുന്നു അയാൾ വിലങ്ങിട്ട കൈ കൊണ്ട് തിരിച്ച് തല്ലുന്നു. അയാൾ ഇന്നും ഒരു ഹീറോ പോലെ മനസ്സിൽ ഉണ്ട്.
തിരിച്ച് തല്ലിയത് കൊണ്ടല്ല അയാൾ ഹീറോ ആവുന്നത്. പേലീസിന് നമ്മെ അടിക്കാനോ, തെറി വിളിക്കാനോ അവകാശമില്ല. എന്ന പൗരൻെറ റൈറ്റിനെ അയാൾ എന്നെ നിരന്തരം ഓർമ്മിപ്പിക്കുന്നത് കൊണ്ടാണത്.
സംശയിക്കുന്ന പ്രതിയെ തെളിവുകളുമായി കോടതിക്ക് മുന്നിൽ ഹാജരാക്കുക എന്നതാണ് പോലീസിൻെറ ജോലി. അയാൾ കുറ്റവാളിയാണോ, ശിക്ഷ കൊടുക്കണോ എന്നതെല്ലാം കോടതിയുടെ ജോലിയാണ്. ആ ജോലി ദയവായി കുട്ടൻപിള്ളമാർ ചെയ്യരുത്.
നമ്മെ സഭ്യമല്ലാതെ എടോ എന്ന് വിളിച്ചാൽ എന്താടോ എന്ന് തിരിച്ച് ചോദിക്കാനുള്ള റൈറ്റ് നമുക്കുണ്ട് അങ്ങിനെ തന്നെ തിരിച്ച് വിളിക്കുകയും വേണം. പബ്ളിക്കായി അടിച്ചാൽ തിരികെ പ്രതികരിക്കണം .
അപ്പോഴേ അവർ നിയമം നമുക്കും അവർക്കും തരുന്ന റൈറ്റിനെ കുറിച്ച് അവർക്കൊരു ബോധം വരൂ… (സമാനമായൊരഭിപ്രായം അഡ്വ.ഹരീഷ് വാസുദേവും പങ്ക് വെച്ചിട്ടുണ്ട്)
ഇനി ചില കൗതുകങ്ങൾ നോക്കാം..
ശരീരം എപ്പോഴും ഫിറ്റായി നില നിർത്തേണ്ട പോലീസിലാണ് ഏറ്റവും വലിയ വയറുള്ളവരുള്ളത്.
കൈക്കൂലി തടയാൻ നിയോഗിക്കപ്പെട്ട അവരിലാണ് കൂടുതൽ കൈക്കൂലിക്കാ രുള്ളത്.
പോലീസ് ജനത്തിൻെറ സർവ്വെൻറാണ് എന്ന് നിയമം പറയുമ്പോൾ നമ്മൾ സർവ്വെൻറും അവർ യജമാനരും എന്നതാണ് നിലവിലെ അവസ്ഥ..
നിയമം പാലിക്കേണ്ട ഇവരിലാണ് ഏറ്റവും കൂടുതൽ നിയമലംഘകർ ഉള്ളത് …
ഫോഴ്സിലെ 99% പോലീസുകാരാണ് മറ്റ് ഒരു ശതമാനം പോലീസുകാർക്ക് പേര് ദോഷമുണ്ടാക്കുന്നത് എന്നൊരു ക്ലാസിക് കോമഡിയും ഇവരുടെ പേരിലാണുള്ളത്..
ബിന്ദു അമ്മിണി തുടർച്ചയായി കയ്യേറ്റത്തിനിരയാവുന്നു. നിങ്ങൾക്ക് അവരെ സംരക്ഷിക്കാനാവുന്നില്ലേൽ സ്വയം രക്ഷക്കായി അവർക്ക് ആയുധം ഇഷ്യൂ ചെയ്യാനെങ്കിലും നിങ്ങൾ തയ്യാറാവണം.
നാടിനുപകാരമില്ലാത്ത നാട് മുഴുവൻ വിഷം ശർദ്ധിക്കുന്ന നേതാക്കൾക്കെല്ലാം സ്വയം രക്ഷക്ക് ആയുധം ഇഷ്യൂ ചെയ്യുന്ന പോലീസ് മിനിമം അതെങ്കിലും അവർക്കായി ചെയ്യണം.