രചന : എൻ. കെ അജിത് ആനാരി✍️
മഴപോയി മഞ്ഞുവന്നെത്തുന്ന കാലത്തു
പൊഴിയാതിലത്തുമ്പിൽ വന്നുനില്ക്കും
ഒരുമഞ്ഞുതുള്ളിയായ് നീയെൻ്റെ മനസ്സിൻ്റെ-
യതിഹൃദ്യഭാഗത്തു വന്നുനിൽപ്പൂ !
പുലരിക്കു പൂർവാംബരത്തിൽ നിന്നെത്തുന്ന-
യരുണൻറെ കിരണങ്ങളേറ്റുവാങ്ങിയത്
പലവർണ്ണകിരണമായ് ഞങ്ങൾക്ക് നല്കുന്ന
ഹിമമുത്തുകണമാണ് നിന്റെ സ്മിതം !
മധുമുറ്റിയൊഴുകുന്ന ചഷകോപമാനമായി
മൊഴിമുറ്റിനില്ക്കുന്നൊരധരത്തിലായ്
വെറുതേപറന്നെത്തിയൊരുചുംബനത്തിനായ്
മനമാകുമളിയിൽ തുടിപ്പൂ ഭ്രമം !
കരിനീലമിഴികൾ തിളങ്ങുമ്പോളനുരാഗ-
തിരവന്നുവീശുന്ന വദനാംബുജത്തിലായ്
അഴകുള്ളമറുകൊന്നു കണ്ണേറ് തട്ടാതെ
രചനാകരൻ തന്നു നിൻകപോലത്തിലായ്
കടലാണു നീ കണ്ണിലുലയുന്നയഴകാണ്
കവിതയ്ക്കു കവികൾക്കുമുൾപ്രേരകം
നീയിക്ഷുദം, പാനമോഹിതം കടമാലി,
‘കടം’ കൊണ്ടൊരപ്സരസ്സ് കൈവല്യമേ !