കഥ : വി.ജി മുകുന്ദൻ✍️


കുറേയധികം വർഷങ്ങളായിട്ട് രഘുനന്ദൻ നാട്ടിലും വീട്ടിലും വിരുന്നുകാരനായിരുന്നു. വർഷത്തിൽ ഒരിക്കൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ അയാൾ നാട്ടിൽ ഉണ്ടാവാറുള്ളു. ഇരുപത് വയസ്സിൽ പട്ടാളക്കാരനായി തുടങ്ങി സ്വന്തം രാജ്യത്ത് പലയിടങ്ങളിലും പിന്നീട് പ്രവാസിയായി പല വിദേശരാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ നീണ്ട മുപ്പത്തഞ്ച് വർഷങ്ങൾ കേരളത്തിന് പുറത്ത് ജോലി ചെയ്തിരുന്ന രഘുനന്ദൻ ഏകദേശം രണ്ട് വർഷമേ ആയിട്ടുള്ളൂ സ്വന്തം നാട്ടിൽ തിരിച്ചെത്തിയിട്ട്.

രഘുനന്ദൻ തന്നെ പലപ്പോഴും പറയാറുള്ളതുപോലെ
കടൽ പ്രക്ഷുപ്തമായിരിക്കുമ്പോഴുള്ള കപ്പൽ യാത്രയിലും (സെയ്‌ലിംഗ്) അതുപോലെ തന്നെ മണലാരണ്യങ്ങളിലുള്ള എണ്ണ പാടങ്ങളിൽ വിശ്രമമില്ലാത്ത ജോലിസമയങ്ങളിലും അയാളും അയാളെപ്പോലെയുള്ള നൂറ് കണക്കിന് മലയാളികളും ഒരേ കാര്യം തന്നെ ആലോചിച്ച് വിഷമിക്കാറുണ്ടത്രെ..! അത്, വേറെ എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ ലോകത്തെ തന്നെ ഏറ്റവും നല്ല സ്ഥലമായ ദൈവത്തിന്റെ സ്വന്തം നാടായ, ഈ ഭൂമിയിലെ സ്വർഗമായ നമ്മുടെ നാട് വിട്ട് ഇവിടെ വന്ന് നരകിക്കേണ്ട ആവശ്യമില്ലായിരുന്നു എന്നതാണ്.

ഒരു സൈനിക റിക്രൂട്ട്മെന്റ് ഉണ്ട് എന്നറിഞ്ഞാൽ പ്രത്യേകിച്ച് രഘുനന്ദൻ പട്ടാളത്തിൽ ജോലി തുടങ്ങിയ ആ കാലഘട്ടത്തിൽ, ആവശ്യമുള്ളതിനേക്കാൾ പത്തിരട്ടി ഇരട്ടി ചെറുപ്പക്കാർ ഓടികൂടുന്നത് തൊഴിലില്ലായ്മയും ജീവിത പ്രശ്നങ്ങളുമല്ല
എന്നാരെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൽ കുറച് ശരിയില്ലായ്മയുണ്ട്.! ഇനി
ആരും സൈന്യത്തിൽ ചേരുന്നില്ല എങ്കിൽ എന്തായിരിക്കും സ്ഥിതി.! ഒരു പക്ഷെ നിർബന്ധിച്ച് കുറെ പേരെ സൈന്യത്തിൽ ചേർക്കുന്ന ആല്ലെങ്കിൽ എല്ലാവർക്കും കുറച്ചുകാലത്തെയ്‌ക്ക്‌ നിർബന്ധമാക്കുന്ന അവസ്ഥ ഉണ്ടായേനെ..!!

അതുപോലെ തന്നെയാണ് പ്രവാസികളുടെ കാര്യവും. ഒരു കുലിപണിയ്ക്കുപോയാൽ എഴുനൂറും ആയിരവും കൂലി കിട്ടുന്ന ഒരുസ്ഥലത്തുനിന്നും ലക്ഷക്കണക്കിന് പാവം തൊഴിലാളികൾ ഇന്നും (അങ്ങനത്തെ ജോലി ചെയ്യാൻ തയ്യാറായിട്ടുള്ളവർ)ഇതിലും കുറഞ്ഞ വരുമാനത്തിനുവേണ്ടി പോലും സ്വന്തം നാടുവിട്ട് അന്യസ്ഥലങ്ങളിൽ ജോലിയ്ക്കു പോകേണ്ടിവരുന്നത് തൊഴിലില്ലായ്മയും ‘അരിപ്രശ്ന’വുമല്ല എന്നുപറയുന്നതിലും വലിയ ശരിയല്ലായ്മയുണ്ട്.!!
അപ്പൊ ആ അരിപ്രശ്നം തന്നെയാണ്
രഘുനന്ദനേയും പട്ടാളക്കാരനും പിന്നീട് പ്രവാസിയുമാക്കിയത്.
പട്ടാളത്തിലുള്ളപ്പോൾ തന്നെ അല്പം വൈകിയാണെങ്കിലും രഘുനന്ദൻ വിവാഹം കഴിച്ച്‌ കുടുംബജീവിതം തുടങ്ങിയിരുന്നു. ഇന്നിപ്പോൾ മക്കളൊക്കെ വളർന്നു ഉയർന്ന വിദ്യാഭ്യാസം ചെയ്യുന്നു.

ഒരിക്കലും മുൻകൂട്ടി തീരുമാനിക്കുന്നതു പോലെയായിരുന്നിട്ടില്ല അയാൾ ലീവിന് വന്നിരുന്നത്. ഒരേയൊരു മകനായതുകൊണ്ട് രഘുനന്ദന്റെ മാതാപിതാക്കൾ മകന്റെ സാമീപ്യം എന്നും ആഗ്രഹിച്ചിരുന്നു.
നാട്ടിൽ വന്നാൽ പിന്നെ വീട്ടിൽ അച്ഛനുമമ്മയ്ക്കും ഒപ്പം അവരുടെ കാര്യങ്ങളുമായി ഒതുങ്ങിക്കൂടുകയായിരുന്നു പതിവ്; അതുകൊണ്ട് തന്നെ നാട്ടിൽ ഉള്ളപ്പോൾ അധികം ആരുമായിട്ടും കൂട്ടുകൂടി നടക്കാറുമില്ല. അച്ഛനും അമ്മയ്ക്കും നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് രഘുനന്ദൻ എല്ലാ എതിർപ്പുകളേയും അവഗണിച്ച് ആ കാലത്ത് പട്ടാളത്തിൽ ചേരുന്നതുതന്നെ.
നാട്ടിൽ എത്തുന്നതും താമസിക്കുന്നതും കുറവാണെങ്കിലും രഘുനന്ദന് സ്വന്തം നാട് എന്നുവച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം തന്നെയാണ് എന്നും. നാടിന്റെ മാറ്റങ്ങളെ മനസ്സിലാക്കുവാനും സാമൂഹികവും ശാസ്ത്രീയവുമായ വളർച്ച അടുത്തറിയുന്നതിനും ശ്രമിച്ചിരുന്നരഘുനന്ദൻ നാടിന്റെ പുരോഗതിയിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു.

വിശാലമായ ലോകത്തിന്റെ നേർകാഴ്ചകൾ കണ്ടുമനസ്സിലാക്കുമ്പോഴും സമൂഹത്തിലെ വിഭാഗീയതകളും ചേരിതിരുവുകളും അഴിമതിയും എന്നും അയാളെ വേദനിപ്പിച്ചിരുന്നു.
ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്തിട്ടുള്ള രഘുനന്ദൻ അതുകൊണ്ടുതന്നെ
പല രീതിയിലുള്ള ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്.
പട്ടാളജീവിതം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ രഘുനന്ദനെ കുടുംബ സാഹചര്യങ്ങളാണ് ഒരു പ്രവാസിയാക്കി മാറ്റിയത്.
രഘുനന്ദനും സ്വപ്നങ്ങളുണ്ടായിരുന്നു മോഹങ്ങളും…!; ഒന്നിനും അതിരുകൾ നൽകിയിരുന്നില്ലയെങ്കിലും അവധി നൽക്കുകയായിരുന്നു. ആ അവധി വീണ്ടും വീണ്ടും നീട്ടിയെടുക്കുകയുമായിരുന്നു.

ഒക്കെ പതുക്കെയാവാം, തിരുക്കു കാണിക്കുന്നതെന്തിനാണ് എന്ന ചിന്തയായിരുന്നു അയാൾക്ക്‌ എപ്പോഴും . വൈകിക്കുകയായിരുന്നു അയാൾ…എപ്പോഴും എല്ലാത്തിനും!
നാട്ടിൽ പോകുന്നതിനും പഴയ പരിചയങ്ങൾ പുതുക്കുന്നതിനും എന്തിന് നല്ലൊരു വീടുവച്ച് ‌ ജീവിതം കുറേക്കൂടി സുഗമമാക്കുന്നതിനും കുടുംബം സുരക്ഷിതമാക്കുന്നതിനും
വൈകിക്കുകയായിരുന്നു അയാൾ എപ്പോഴും. ദൈവ സഹായത്താൽ വൈകിയാണെങ്കിലും എല്ലാം സംഭവിച്ചു; വീട് വച്ച്‌ കുടുംബം സുരക്ഷിതമാക്കണമെന്ന സ്വപ്നവും നടന്നു. സ്വപ്നഭവനം തന്നെ അയാൾ സ്വന്തമാക്കി. അങ്ങനെ എല്ലാം ആഗ്രഹിച്ചപ്പോലെ
ശരിയാകുമ്പോഴായിരുന്നു ലോകം കോവിഡിന്റെ പിടിയിലാകുന്നതും പലർക്കും എന്നപോലെ രഘുനന്ദനും തന്റെ ജോലി നഷ്ടപ്പെടുന്നതും.

എന്നാലും കുഴപ്പമില്ല ഇത്രകാലം ജോലിചെയ്തില്ലെ പ്രായമാണെങ്കിൽ പത്തമ്പത്തഞ്ചു വയസ്സുമായി
ഇനി എന്ത് ജോലി; സ്വന്തമായിട്ടൊരു വീടായല്ലോ, ഇനി മനഃസമാധാനത്തോടെ ഉള്ളതുപോലെ സന്തോഷത്തോടെ ജീവിക്കാം എന്നൊക്കെ വിചാരിച്ച് കഴിഞ്ഞ രണ്ടു വർഷത്തോളമായി നാട്ടിൽ സമാധാനമായി ജീവിച്ചുപോകുമ്പോഴാണ്
ഇടി തീ വീണപോലെ ആ വാർത്ത വന്നത് സർക്കാരിന്റെ പുതിയ പദ്ധതിയ്ക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിനായി റൂട്ട് മാർക്കിങ് നടത്തുന്നുപോലും.!!! രഘുനന്ദന്റെ വീടും പറമ്പും മൊത്തം ആ റൂട്ടിൽ പെടുന്നുവെന്നും താമസിയാതെ സ്ഥലം ഏറ്റെടുക്കുമെന്ന കാര്യവും ഉറപ്പായി എന്നാണ് അയാൾക്ക്‌ അറിയാൻ കഴിഞ്ഞത്…!!!

അയാൾ ആകെ തളർന്നുപോയി… ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു വാർത്തയായിരുന്നു അയാൾക്കത്. പ്രായമായ അച്ഛന് കൂട്ടായ് അമ്മയുടെ ആത്മാവ് ഉറങ്ങുന്ന മണ്ണ്. രഘുനന്ദന്റെ ‌ ഒരായുഷ്‌ക്കാലത്തെ അദ്ധ്വാനമാണ് സ്വപ്ന ഭവനമായ ഈ പുതിയ വീട്. അത് പോയാൽ എല്ലാം തീർന്നു. പിന്നെയാൾ ഇല്ല. വേറേ എന്തുകിട്ടിയാലും എന്തുതന്നെ നല്കുമെന്നുപറഞ്ഞാലും അതുൾക്കൊള്ളാൻ അയാൾക്ക്‌ സാധിക്കുമായിരുന്നില്ല. അയാളുടെ ഒരായുസ്സിലെ മുഴുവൻ സമ്പാദ്യവും ആ വീടിനായി ചെലവഴിച്ചിട്ടുണ്ട്. ഏത് കണക്കിൽ പെടുത്തി നോക്കിയാലും അതയാൾക്ക് മുഴുവനും തിരിച്ചുകിട്ടുകയില്ല എന്ന ബോധ്യം അയാളെ മാനസികനില തെറ്റുന്ന അവസ്ഥ യിലേക്കെത്തിക്കുകയായിരുന്നു.

ഒന്നും തന്റെ സ്വപ്ന ഭവനത്തിനു തുല്യമാവുകയില്ലല്ലോ. ഇനി എവിടെ പോകാൻ
എന്റെ ഈ ജീവിതത്തിനും അദ്ധ്വാനത്തിനും ഒരുവിലയുമില്ലെന്നോ..! എനിക്ക് സ്വന്തമായി ഒന്നുമില്ലെന്നോ ഈ ജീവിതക്കാലം മുഴുവൻ ഞാൻ കഷ്ട്ടപ്പെട്ട് നേടിയ ഈ വീടും പുരയിടവും എന്റേതല്ലെന്നോ..!!! രഘുനന്ദൻ വിങ്ങിപ്പൊട്ടി. അന്ന് സന്ധ്യയ്ക്ക് അയാൾ തന്റെ സ്വപ്ന ഭവനത്തിലെ ബാൽക്കണിയിൽഭാര്യയുമായിരുന്ന് കുറേയധികം സംസാരിച്ചു.

സംസാരത്തിലുടനീളം ജീവിത വിജയം നേടിയതിനുശേഷവും തോൽക്കുന്നവരെ കുറിച്ചായിരുന്നു. രഘുനന്ദന്റെ ഭാര്യ അയാളെ ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
ആരാണ് ഇവിടെ സ്വതന്ത്രർ; നമ്മൾ സ്വതന്ത്രരാണോ….ജനാധിപത്യ രാജ്യത്തു തന്നെയാണോ നമ്മൾ ജീവിക്കുന്നത്… അല്ല നമ്മൾ ഇനിയും സ്വതന്ത്രരല്ല..!! ജനാധിപത്യമല്ല ജനങ്ങളുടെ മേലുള്ള ആധിപത്യമാണ് ഇവിടെ നടക്കുന്നത്..!! രഘുനന്ദൻ ഇത്രയും പറയുമ്പോൾ അയാൾ വിങ്ങുന്നുണ്ടായിരുന്നു.

ഭാര്യ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെടുകയായിരുന്നു.
അത്താഴം കഴിച്ച്‌ പതിവിലും നേരത്തെ അയാൾ ഉറങ്ങാൻ കിടന്നു. പതിവുപൊലെ വെളുപ്പിന് നടക്കാനായി രഘുനന്ദൻ എണീക്കാതിരുന്നപ്പോഴാണ് ഭാര്യ അയാളെ ഉണർത്താൻ ശ്രമിച്ചത്….!
രഘുനന്ദൻ മരിച്ചു .
ആത്മഹത്യയാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്…!!
എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളെല്ലാവരും സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരാണല്ലോ അതുപോലെ നിങ്ങൾക്കെല്ലാവർക്കും വ്യക്തമായ രാഷ്ട്രീയ നിലപാടുകളുമുണ്ട്. രഘുനന്ദനെ പോലെയുള്ള നൂറുകണക്കിനാളുകളുടെ കഥയാണ് ഞാൻ പറഞ്ഞു തുടങ്ങിയത് . ഈ കഥ പൂർണ്ണമാവണമെങ്കിൽ നിങ്ങൾ എന്നെ പൂർണ്ണമായും കേൾക്കണം.
അപ്പോൾ പറഞ്ഞുവന്നത് രഘുനന്ദൻ ആത്മഹത്യ ചെയ്തുവെന്നാണ് മെഡിക്കൽ റിപ്പോർട്ട് എന്നാണ്. എന്ത് ആത്മഹത്യ!! ആരാണ് സ്വയം മരിക്കാൻ ഇഷ്ടപ്പെടുന്നത്…
അങ്ങനെ ഒരു മനുഷ്യനും ഈ ലോകത്തെ ജീവിതം മതി, ഇനി പോകാം എന്നുപറഞ്ഞ് മരണം വരിക്കുന്നില്ല.

ഇവിടെ രഘുനന്ദനും ഒരായുസ്സുമുഴുവൻ വിയർപ്പൊഴുക്കി അദ്ധ്വാനിച്ച്‌ ഒരു ജീവിതം പടുത്തുയർത്തി സന്തോഷമായി ജീവിച്ചു തുടങ്ങിയതാണ്. ആ വ്യക്തിജീവിതത്തെ ബഹുമാനിക്കുന്നതിനും ഒരായുസ്സിന്റെ അദ്ധ്വാനത്തെ ആ നിലയ്ക്ക് കാണുന്നതിനും അതിന്റെ മൂല്യം മനസ്സിലാക്കുന്നതിനും നമ്മുടെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതി തയ്യാറാകാതിരുന്നതാണ് രഘുനന്ദൻ ജീവൻ വെടിയാൻ കാരണമായത്. അപ്പോൾ എങ്ങനെയാണ് രഘുനന്ദന്റെ മരണം ആത്മഹത്യയാകുന്നത്..! അതെ, ഓരോ ആത്മഹത്യയും ഓരോ കൊലപാതകങ്ങളാണ്; സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥിതിയും മറ്റു ചുറ്റുപാടുകളും ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ പ്രേരണാകുറ്റത്തിന് പ്രതികളാണ്.
രഘുനന്ദൻ കൊലചെയ്യപ്പെടുകയായിരുന്നു..!!!

By ivayana