രചന : ജിബിൽ പെരേര✍

ഇന്നലെയാണ് അച്ഛൻ മരിച്ചത്..
ശവടക്ക് കഴിഞ്ഞെല്ലാരും മടങ്ങിയിരിക്കുന്നു.
ഞങ്ങളും അമ്മയും തനിച്ചായി.
പെട്ടെന്ന്
അന്നേവരെ കുരയ്ക്കാത്ത ടൈഗർ
വായും മനസ്സും തുറന്ന്
മതിയാവോളം കുരച്ചു…
മുറ്റത്ത് തൂക്കിയിട്ട കവണയെ പേടിക്കാതെ
മരത്തിനു മുകളിൽനിന്ന്
ഒരണ്ണാൻ ആദ്യമായ് താഴെ വന്നു.
ഒരൊറ്റ വിളിയിൽ
പിന്നാമ്പുറത്തെ പറമ്പിൽ നിന്ന്
ചക്കിപ്പൂച്ച അടുക്കളയിലേക്ക് ഓടിയെത്തി..
ഇടംവലം നോക്കാതെ
പേടി കൂടാതെ
ഗേറ്റ് തുറന്നെത്തിയ
സുരേഷും രാഹുലും തോമസിനുമൊപ്പം
മുറ്റത്തു മതിയാവോളം
ഞാൻ ക്രിക്കറ്റ് കളിച്ചു.
വർഷങ്ങൾക്ക് മുൻപ് വാങ്ങിയ
മ്യൂസിക് സിസ്റ്റം
അന്നാണ് ചേട്ടന്
ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത്….
ഇന്നേവരെ നൃത്തത്തിന് ലഭിച്ച
മുഴുവൻ ട്രോഫികളും
തട്ടിൻ പുറത്ത് ഒളിച്ചിരുന്ന
ചേച്ചിയുടെ ചിലങ്കയും കൂടി
സ്വീകരണമുറിയിലെ
ഷോക്കേഴ്‌സിലേക്ക് താമസം മാറി.
പിറ്റേന്ന് തന്നെ
വിധവകളുടെ
മുഴുവൻ ട്രഡീഷണൽ
പ്രോട്ടോക്കോളുകളും തെറ്റിച്ചു കൊണ്ട്
അമ്മ നെറ്റിയിൽ പൊട്ട് തൊട്ടു.
ഇഷ്ടപ്പെട്ട ചുവന്ന സാരിയുടുത്തു.
നാലുവശത്തെ മതിലിനും മീതെ
അച്ഛൻ തീർത്ത മറപൊളിച്ച്
അയൽവക്കത്തെ രാഘവൻ ചേട്ടന്റെ
വീട്ടിലെ
കാഴ്ചയും ചിരിയും
ഉമ്മറത്തെത്തി വിശേഷം തിരക്കി.
പതിവില്ലാതെ മുറ്റത്ത് വന്ന്
ഐസ്ക്രീംകാരൻ നിർത്താതെ കൊട്ടി.
ഞങ്ങൾ മതിയാവോളം
ഐസ്ക്രീം തിന്നു.
ആദ്യമായ് വീട്ടിൽ വന്ന ഭിക്ഷക്കാരന്റെയും
തുണി വില്പനക്കാരന്റെയും കൂടെ നിന്ന് ഞങ്ങൾ സെൽഫിയെടുത്തു
ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തു.
അമ്മവീട്ടിലേക്കുള്ള
നിരോധനാജ്ഞ കൂടി അവസാനിച്ചതോടെ
ഒഴിവ് ദിനങ്ങൾക്ക്
ഇപ്പൊ ഭയങ്കരചന്തമാണ്.
നാളെ സ്കൂളിൽ നിന്ന് പോകുന്ന വിനോദയാത്രയ്ക്ക്
ഞാനും ഉണ്ടെന്ന്
ടീച്ചറെ വിളിക്കാൻ തുടങ്ങവേ,
”നേരം വെളുക്കാറായിട്ടും
ഉറക്കം മതിയായില്ലേ”യെന്ന
അച്ഛന്റെ ഒരൊറ്റയലർച്ചയിൽ വീട് കുലുങ്ങി.
ടൈഗർ ഇപ്പോൾ കുരയ്ക്കുന്നില്ല.
മ്യുസിക് സിസ്റ്റം മൂടിക്കിടക്കുന്നു.
ഷോക്കേഴ്സിൽ ചേച്ചിയുടെ ചിലങ്കയും ട്രോഫികളും കാണുന്നില്ല.
അണ്ണാൻ മരത്തിന് മുകളിലാണ്.
അമ്മയൊരു മങ്ങിച്ചുളുങ്ങിയ ഉടുപ്പും
പൊട്ട് തൊടാത്ത നെറ്റിയുമായി
അടുക്കളയിൽ തന്നെയുണ്ട്.

By ivayana