ലേഖനം : ഗീത.എം. എസ്…✍️
Parenting is an art, where no one is getting a perfect training and a second chance to improve …
ഊട്ടിവളർത്താം സ്നേഹവും സ്വാതന്ത്ര്യവും
ഫേസ് ബുക്കും, വാട്സാപ്പും, മൊബൈൽ ഫോണുകളും പിറക്കുന്നതിന് മുമ്പ്…. കത്തെഴുത്തുകളുടെ ഒരു കാലമുണ്ടായിരുന്നു — സ്നേഹബന്ധങ്ങളുടെ സുവർണ്ണ കാലം.
കൂടപ്പിറപ്പിറപ്പുകൾക്ക്, കൂടെ പഠിച്ചവർക്ക്, കൂട്ടുകാർക്ക് എല്ലാം തപാൽ വഴി കടലാസും പേനയുമുപയോഗിച്ച് കത്തുകൾ എഴുതി അയച്ചിരുന്ന ഒരു കാലം.
ഒട്ടും യാന്ത്രികതയും ഔപചാരികതയുമില്ലാതെ മനസ്സിലെ സ്നേഹവും കരുതലും പരിഭവവും പരിഭ്രമവും സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം ഒട്ടും ചോർന്നുപോവാതെ പങ്കുവെച്ചിരുന്ന ഒരു കാലം.
എഴുതുന്നവരും വായിക്കുന്നവരും ഒരേ അർത്ഥത്തിൽ മനസിലാക്കിയിരുന്ന ഒരു കാലം.
അക്ഷരത്തെറ്റുകൾ പൊറുത്തിരുന്ന കാലം.
പരസ്പരം തിരുത്തിയിരുന്ന കാലം.
അയച്ച എഴുത്തുകൾക്കുള്ള മറുപടികൾക്കായി ദിവസങ്ങൾ കാത്തിരുന്ന കാലം.
വർണ്ണക്കടലാസുകളാൽ മണിക്കൂറുകൾ ചിലവഴിച്ച് സ്വയം രൂപപ്പെടുത്തിയ ആശംസാ കാർഡുകൾ പരസ്പരം കൈമാറിയിരുന്ന കാലം.
തമ്മിൽ കാണാൻ കൊതിച്ചിരുന്ന കാലം.
കാണുമ്പോൾ പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ പറഞ്ഞിരുന്ന കാലം.
എന്നാലിന്ന് എല്ലാം വിരൽത്തുമ്പിലായപ്പോൾ ബന്ധങ്ങൾ യാന്ത്രികമാവുന്നു, അവക്ക് ഔപചാരികതയേറുന്നു. ആരോ അച്ചടിച്ചു വെച്ച സ്റ്റിക്കറുകളിലും, കമന്റുകളിലും,
‘നീല’ ടിക്കുകളിലും, മിസ് കാളുകളിലും ബന്ധങ്ങൾ ‘മിസ്’ ആവുന്നു. ബന്ധുഗൃഹങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കുറയുന്നു. പുതുതലമുറക്ക് ബന്ധങ്ങളെയും ബന്ധുക്കളെയും അവ നിലനിർത്തേണ്ടതിന്റെ ആവശ്യകതയേയും അറിയാതെ പോകുന്നു. അവർ തികച്ചും അവരുടേതായ ഒരു ‘സ്വാർത്ഥവൃത്തത്തിൽ’ മുഴുകുകയും ഒഴുകുകയും ചെയ്യുന്നു. ഇത് ഭാവിയിൽ മാതാപിതാക്കൾക്ക് പോലും തിരിച്ചടിയായേക്കാം.
“നീ നിന്റെ കാര്യം നോക്ക് “–എന്ന് മക്കളോട് പറയുന്ന മാതാപിതാക്കളുടെ മക്കൾ വലുതാകുമ്പോൾ “അവരുടെ കാര്യം നോക്കി ” പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.
സ്വന്തം മക്കൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിലും മാതാപിതാക്കൾക്ക് വലിയൊരു പങ്കുണ്ട്. സ്വത്തും പണവും മാത്രമല്ല, സ്നേഹവിശ്വാസങ്ങളും പരസ്പരം പങ്കുവെക്കപ്പെടേണ്ടതാണ് എന്ന് കുഞ്ഞുനാളിലേ അവർക്ക് മനസ്സിലാക്കികൊടുക്കണം. മാതാപിതാക്കൾ മറ്റുള്ളവരോട് പെരുമാറുന്നത് കണ്ടാണല്ലോ കുട്ടികൾ വളരുന്നത്.
പക്ഷഭേദം കാണിക്കൽ, പരസ്പരം താരതമ്യം ചെയ്യൽ, കുറ്റം പറയൽ എന്നിവ രക്ഷിതാക്കൾ തീർത്തും ഒഴിവാക്കേണ്ടതാണ്.
പഠിക്കാൻ മോശമായ ഒരുകുട്ടിക്ക് മറ്റേതെങ്കിലും മേഖലയിൽ കഴിവുകളുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുവാൻ സാഹചര്യമൊരുക്കാം. ചെറുപ്പത്തിലേ പരസ്പര സ്നേഹവും കരുതലും വിട്ടുവീഴ്ച്ചാ മനോഭാവവും വളർത്തിയെടുക്കാൻ ശ്രമിച്ചാൽ അവർതമ്മിലുള്ള സ്നേഹബന്ധം മാതാപിതാക്കളുടെ കാലശേഷവും നിലനിൽക്കും.
പല വീടുകളിലും മൂത്തമക്കൾക്ക്, അല്ലെങ്കിൽ ആൺ മക്കൾക്ക് /പെൺമക്കൾക്ക് കൂടുതൽ പരിഗണന കൊടുക്കുന്നതായി കാണാം. ഇത് അവരിൽ ഒരു ആധിപത്യ മനോഭാവം (superiority complex)വളർത്തിയെടുക്കും. ഇത്തരക്കാർ ജീവിതത്തിൽ ആരുടെ മുമ്പിലും താഴാനോ, മറ്റൊരാൾ പറയുന്നത് ശരിയാണെന്ന് അംഗീകരിക്കാനോ ഒരിക്കലും തയ്യാറാവില്ല.
‘ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് ‘ — എന്ന പ്രകൃതക്കാരായിരിക്കും,
അതായത് ‘സൂപ്പർ ഈഗോ’യുടെ ആശാന്മാർ. ഇവർ ഒരിക്കലും ആത്മപരിശോധന നടത്തുവാനോ, സ്വയം തിരുത്താനോ, വിട്ടുവീഴ്ച്ച ചെയ്യാനോ തയ്യാറാവുകയില്ല.
അതിനാൽത്തന്നെ ഇത്തരക്കാർക്ക് സുഹൃദ്‌ബന്ധങ്ങളും താരതമ്യേന കുറവായിരിക്കും.
ഇനി അടിച്ചമർത്തപ്പെട്ട കുട്ടികളാകട്ടെ — ആത്മവിശ്വാസം നഷ്ടപ്പെട്ട്, അപകർഷതാ ബോധമുള്ളവരായി (inferiority complex), ജീവിതത്തിൽ ഒരുകാര്യവും സ്വയം ചെയ്യുവാൻ ധൈര്യമില്ലാതെ, കഴിവുകളെല്ലാം ഉള്ളിലൊതുക്കി ഒതുങ്ങിക്കൂടുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ, സ്നേഹിക്കപ്പെടാതെ, അംഗീകരിക്കപ്പെടാതെ ജീവിതം തള്ളിനീക്കുന്നു.
അതിനാൽ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ സ്നേഹം ഊട്ടിവളർത്താം. സ്വാതന്ത്ര്യം നൽകി വളർത്താം. അവരോട് സംസാരിക്കാനും അവരെ കേൾക്കാനും സമയം കണ്ടെത്താം. അവരുടെ കഴിവുകൾ അംഗീകരിക്കാം. പ്രോത്സാഹിപ്പിക്കാം.
നമ്മുടെ ഭവനങ്ങൾ അവർ ഏറ്റവും ഇഷ്ടപ്പെടുന്ന, എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാവുന്ന ഒരു ‘ഇട’മാക്കി മാറ്റാം.
അവർ പരസ്പരം സ്നേഹിക്കാൻ പഠിക്കട്ടെ.
ആത്മപരിശോധനക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാവട്ടെ.
മറ്റുള്ളവരെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും ശീലിക്കട്ടെ.
അശരണരെ ചേർത്തുനിർത്താനും അവരോട് ചേർന്നുനിൽക്കാനും ശീലിക്കട്ടെ.
ലോകത്തെ സ്നേഹിക്കാൻ പഠിക്കട്ടെ.
ജീവിതത്തെ സ്നേഹിക്കാൻ പഠിക്കട്ടെ.
നിസ്വാർത്ഥസ്നേഹത്തിന്റെ വാഹകരാവട്ടെ… !