രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍

കാഞ്ചനകാന്തി മറഞ്ഞ കണിക്കൊന്നേ
കാലമടർത്തിയോ പുഷ്പമെല്ലാം
ശേഷിക്കും നാളുകളെത്രയെന്നാലതു
ശീർഷകമാക്കിയ കാവ്യമുണ്ടോ

മോടിയിൽ പൂത്തൊരു സുന്ദരകാലത്തു
മേടമാസപ്പൊൻപ്രഭാതങ്ങളിൽ
ഒത്തിരിപ്പക്ഷികൾ തന്ന തേൻ മാധുര്യം
ഓർത്തു നീയിന്നേതു പാട്ടെഴുതും

എന്നുമാ സൗരഭ്യം നിന്നിൽ നിറഞ്ഞിടും
എന്നോർത്തിരുന്ന വിഷുപ്പക്ഷിയും
ഇന്നുനിൻ ചിത്രമിതിങ്ങനെ കാണുമ്പോൾ
അന്നത്തെപ്പാട്ടു മറന്നതെന്തേ

കാഴ്ചയൊരുക്കുവാനിത്തിരിപ്പൂവിനു
കാത്തുനിൽപ്പില്ലാരുമിന്നു കൊന്നേ
കത്തുന്ന ചൂടിലിറ്റാശ്വാസം തേടുവാൻ
പത്രം കൊഴിഞ്ഞൊരു നിന്നെ വേണ്ടാ

ആതപം ചോർത്തുന്നു മിച്ചമാം പച്ചയും
ആ തരു പോകുന്നു ഓർമ്മക്കൂട്ടിൽ
താഴത്തു പൂഴിയിൽ ശാന്തംമയങ്ങുന്നു
താരുകളൊത്തൊരു സ്വപ്നമെല്ലാം

ചെല്ലക്കണിക്കായിയുള്ളിലൊരുക്കിയ
നല്ല മലർക്കളമാരു കാണാൻ
കർണികാരത്തിന്റെ ചന്തമാം മാനസം
വർണം നിരത്തുന്നതാരു കാണാൻ.

അഭിലാഷ് സുരേന്ദ്രൻ

By ivayana