രചന : ബീഗം ✍
ഈ പടിക്കെട്ടിൽ
പതിഞ്ഞ കാല്പാദങ്ങൾ
ഇന്നും മൊഴിയുന്നു
ഇരുണ്ട കാലത്തിൻ
നൊമ്പരച്ചിന്തുകൾ
ഒരു വേളയെങ്കിലും മോഹിച്ചു
ഒരു കാലൊച്ചയെങ്കിലും
കൊതിയോടെ കേൾക്കുവാൻ ഓടിക്കിതച്ചു
ഞാനെത്തിടുമ്പോൾ കരിയിലക്കാറ്റിൻ്റെ
മർമ്മരo മാത്രം
താരാട്ടുപാട്ടിൻ്റെ –
യീണങ്ങളൊഴുകാതെ
താതൻ്റെ നെഞ്ചിലെ
ചൂടറിയാതെ
തമ്മിൽ കലഹിച്ചു
കെട്ടിപ്പുണരുന്ന
കൂടെപിറപ്പിൻ
കരുതലും കാണാതെ
എത്ര നാളീ വഴിത്താരയിൽ
ഏകാന്ത പഥികയായ് നീങ്ങവെ
സന്ധ്യാനാമത്തിൻ ശാന്തതയിൽ
സ്വയമലിഞ്ഞില്ലാതായനാഥത്വം
വസന്തമെത്താത്ത ബാല്യപൂവാടിയിൽ
വാടിത്തളർന്നതെത്ര നേരം
ഇന്നാ പടിക്കെട്ടിലൊപ്പം കയറുവാൻ ഇഷ്ടദേവൻ്റെ കരങ്ങളൊപ്പം.