രചന : ഷബ്‌നഅബൂബക്കർ✍
നിലകണ്ണാടി നോക്കി ചമഞ്ഞു നടക്കുന്ന പെണ്ണേ
നിറയൗവ്വനത്താൽ ജ്വലിക്കും സൗന്ദര്യ ശില്പമേ.
നിലമറന്നിടല്ലേ നിൻ മേനിയഴകിൽ ഭ്രമിച്ചു നീ
നിലക്കുമൊരുനാളിലീ തുടിപ്പും മിടിപ്പതുമെല്ലാം.
നിത്യ വസന്തമല്ലിതു മാറും ഋതുക്കൾ പോൽ
നിനക്കാതെ നിൽക്കുമ്പോൾ നനച്ചിടും മഴയും
നീരറ്റ വേനലും വരൾച്ചയും വരുന്ന പോൽ
നിൻ തിളങ്ങുന്ന മേനിയും മാറ്റങ്ങളറിഞ്ഞിടും.
ചുളിവുകൾ വീണിടും ഗാത്രം ചലിക്കാൻ മടിച്ചിടും
ഒടുവിലൊരു നാൾ മൗനമായ് മൃത്യു പുണർന്നിടും
നിശ്ചലമേനിയെ വിശപ്പോടെ പുഴുക്കൾ രുചിച്ചിടും
ചമയങ്ങളില്ലാതെ നീയന്നു നിസ്സഹായനായിടും..