ആദ്യമല്ലെങ്കിലും മലയാളികൾക്ക് അത്ര കേട്ടു പരിചയമില്ലാത്ത പുതിയ വാക്കായിരിക്കും ‘വൈഫ് സ്വാപ്പിങ്ങ്’. കോട്ടയത്ത് നിന്നും പുറത്തു വന്നത് ആദ്യത്തെ കേസാണെന്ന് കരുതണ്ട. ലോകത്ത് വർഷങ്ങൾക്ക് മുന്നെ ഇത്തരം സംഭവങ്ങൾ നില നിൽക്കുന്നുണ്ട്.
എന്താണ് വൈഫ് സ്വാപ്പിങ്ങ് എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ പറയാം ഇതൊരു വെച്ചു മാറ്റം എന്ന് തന്നെയാണ്. സ്വന്തം പങ്കാളിയെ ലൈംഗീക താത്പര്യങ്ങൾക്കായി മറ്റൊരാൾക്ക് നൽകുകയും പകരമായി അയാളുടെ പങ്കാളിയെ എടുക്കുകയും ചെയ്യുന്നതാണ് ഇത്.
ചങ്ങനാശ്ശേരി സ്വദേശിനിയുടെ വെളിപ്പെടുത്തലാണ് വൈഫ് സ്വാപ്പിങ്ങ് റാക്കറ്റിനെകുറിച്ച് പുറം ലോകം അറിയുന്നത്. യൂടൂബ് ചാനലിലാണ് യുവതി ആദ്യം വെളിപ്പെടുത്തൽ നടത്തിയത്. പരാതിയിൽ കേസെടുത്ത കറുകച്ചാൽ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കേസിൽ ഇനിയും രണ്ട് പേർ കൂടി പിടിയിലാവാനുണ്ട്
ബ്രിട്ടൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ പലതിലും ഇത്തരം കാര്യങ്ങൾ നിയമ വിധേയമാണെങ്കിലും ഇന്ത്യയിൽ ഉഭയ സമ്മത പ്രകാരമല്ലാത്ത ലൈഗീക ബന്ധത്തിൽ തന്നെയാണ് വൈഫ് സ്വാപ്പിങ്ങും പെടുക (പരാതി ലഭിച്ചാൽ).
കേരളത്തിൽ ഇതാദ്യാമായല്ല വൈഫ് സ്വാപ്പിങ്ങ് കേസ് രജിസ്റ്റർ ചെയ്യുന്നത്. 2019-ലാണ് കേരളത്തിൽ വൈഫ് സ്വാപ്പിങ്ങ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. കായംകുളത്ത് റിപ്പോർട്ട് ചെയ്ത കേസിൽ നാലു പേരാണ് അന്ന് പിടിയിലായത്.
ഷെയർ ചാറ്റ് ആപ്പു വഴി പരിചയപ്പെട്ട യുവാക്കളാണ് പരസ്പരം ഭാര്യമാരെ കൈമാറിയത്. പ്രതികളിലൊരാളുടെ ഭാര്യ നൽകിയ പരാതിയിലാണ് അന്നും പോലീസ് കേസെടുത്തത്.013-ൽ കൊച്ചിയിൽ റിപ്പോർട്ട് ചെയ്ത വൈഫ് സ്വാപ്പിങ്ങ് കേസിൽ ദക്ഷിണ നേവൽ കമാൻഡിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും തന്നെ കാഴ്ച വെച്ചതായി ഒരു നേവി ഉദ്യോഗസ്ഥൻറെ ഭാര്യ പരാതി നൽകിയിരുന്നു. സുപ്രീം കോടതി വരെ എത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ടെലഗ്രാം,വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളിലുമുള്ള രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് സ്വാപ്പിങ്ങ് നടത്തുന്നത്. സ്വാപ്പിങ്ങിന് പങ്കാളിയില്ലാത്തവർക്ക് പണം നൽകിയാൽ ആളെ ലഭിക്കുന്നതാണ് രീതി. 10000-14000 വരെയും കോട്ടയത്തെ കേസിൽ പ്രതികൾ വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. 1000-ൽ അധികം പേരുള്ള ഗ്രൂപ്പുകളിൽ പലതും വ്യാജ ഐഡികളാണ് ഉപയോഗിക്കുന്നത്. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ഉന്നതർ ഗ്രൂപ്പുകളിലുണ്ടെന്നാണ് സൂചന