രചന : ജയേഷ് പണിക്കർ✍

അമ്മ തൻ കൈ പിടിച്ചെത്തി ഉണ്ണി
അമ്പലമുറ്റത്തു മേളം തകർത്തിടുന്നു
ഏറെ വലുതാകുമാ ചെവിയാട്ടിയങ്ങേറ്റം തലയെടുപ്പായ് ഗജവീരന്മാരും
ഞെട്ടിത്തരിച്ചു പോയ് പെട്ടെന്നായെത്തുന്നു
പൊട്ടിത്തകരുന്ന കരിമരുന്നിൻമണം
കാഴ്ചകളേറെയോ കാണുവാനെങ്കിലും
കണ്ടു ഞാനെൻ പ്രിയ കളിപ്പാട്ടങ്ങളെ
വാനത്തിലേയ്ക്കുയർന്നങ്ങു പോയീടുന്നു
ഏറെ നിറങ്ങളിലങ്ങു ബലൂണുകൾ
പങ്ക പോലങ്ങു കറങ്ങുന്ന പമ്പരം
പണ്ടു തൊട്ടേ യെനിക്കേറെയിഷ്ടം
അന്നു മുത്തശ്ശി പറഞ്ഞേറെ ഞാൻ
കേട്ടൊരാ ആനവാലൊന്നിനായ് മോഹമായി
പഞ്ചവാദ്യം കേട്ടു നിന്നപ്പോഴുമുള്ളിൽ
പുതു പന്തൊന്നു വാങ്ങണമെന്നു തോന്നി
കണ്ടു സതീർത്ഥ്യരെ ഒട്ടു നേരമങ്ങു
തമ്മിൽച്ചിരികളിയായി പിന്നെ
ആഗ്രഹമേറെയുണ്ണി തന്നുള്ളിലായ്
സാധിച്ചീടുമോ എന്ന ശങ്ക മാത്രം
ചൊല്ലി തന്നമ്മയോടെല്ലാമേ വാങ്ങുവാൻ
പിന്നെയാവാമെന്ന മറുപടിയും
സങ്കടത്തോടെ മടങ്ങിയവന്നുള്ളിലെ
സന്തോഷ യുത്സവക്കൊടിയിറങ്ങി.

By ivayana