രചന : ബിനു.ആർ. ✍

പുഴയായഎനിക്കുംപറയാനുണ്ടൊരു-
പാടൊരുപാടുകഥകളും കാര്യങ്ങളും
കണ്ണുപൊട്ടന്മാരും ബാധിരരുമുള്ള നാട്ടിൽ
രാജാക്കന്മാരെന്നു പറയുന്നവരെല്ലാം
പരസ്പരം തിരിഞ്ഞുനിന്നുകൊഞ്ഞനം
കുത്തിത്തുടങ്ങിയ നാട്ടിൽ
തലക്കുമുകളിൽ ജലബോംബുമായ്
പാതിരാവുകൾ പാതിമയക്കത്തിൽ
ജലമർമ്മരങ്ങൾകേട്ടു ഞെട്ടിയുണരുന്ന
നാട്ടിൽ
നീതിനിയമപീഠങ്ങൾ തെളിവുകളും
സാക്ഷികളുംകിട്ടാതെ അമ്പരപ്പുകളിൽ കൺമിഴിഞ്ഞു
അനീതികളിൽ നീതിപറയുന്നനാട്ടിൽ
പണത്തിൻമീതെ പരുന്തും നീതിനിയമങ്ങളും
പറക്കാത്ത,തോന്നിയവർക്കൊക്കെ
തോന്നിയതെന്തും ഭ്രാന്തമായ്
ചെയ്യാവുന്ന നാട്ടിൽ
വിശാലമായ വഴിത്താരകളുണ്ടായിട്ടും
അവയെല്ലാം മണ്ണിട്ടുനികത്തി
റിസോർട്ടുകളും മണിമന്ദിരങ്ങളും
പണിതതിലിരുന്നു വിദേശമല്ലാത്തപട്ടയും
പട്ടങ്ങളും പണിയുന്നവരുടെ നാട്ടിൽ
വീട്ടിലെയും നാട്ടിലെയും അഴുക്കുകളും ജീർണിക്കാത്തയവശിഷ്ടങ്ങളും
വലിച്ചിട്ടുമെഴുകിയെടുക്കുന്നവരുടെ
നാട്ടിൽ
എങ്ങിനെ ആസ്വദിച്ചുംകൊണ്ടൊന്നൊഴുകി
കടലിൽ ചെന്നു ചേരാനാകും!
അതിമഴയിൽ കയറിക്കിടക്കാൻ വയലുകളും
താഴ്‌വാരങ്ങളുമില്ലാതെ ജീവസഞ്ചയങ്ങളുടെയെല്ലാം
നെഞ്ചകത്തുകയറി തുടികൊട്ടി
മുങ്ങിയുംപൊങ്ങിയും താഴുന്ന ജീവനിശ്വാസ ഉശ്വാസങ്ങളെ കാണാതെ
കണ്ടുകൺമിഴിയാതെ എങ്ങിനെയൊഴുകി
പോകുവാനാകും…!

By ivayana