രചന : ഹരി ചന്ദ്ര . ✍

“കാല് വലിക്കും ഡീ, സെറുപ്പേയില്ലാ! നി സുമ്മാ നടക്ക വേണാ, വണ്ടിമേലെ ഏറ്.”

“വേണാ അണ്ണേ… പറവാല്ലേ! ഇപ്പടി നടന്തേ പോകലാം.”

“സായന്തനമാകട്ടും, ഉനക്കു നാൻ അഴകാന സെറുപ്പ് വാങ്കിത്തറേ!

ആക്രിസാധനങ്ങൾ ശേഖരിച്ചുവില്ക്കുന്ന മുത്തുമാരി, തള്ളുവണ്ടിയിൽ കയറിയിരിക്കാൻ നാഗലക്ഷ്മിയോടു പറഞ്ഞിട്ടും അവൾ സ്നേഹത്തോടെയതു നിരസിച്ചുകൊണ്ട് നടന്നു.

“പയേ… പാട്ടാ, പ്ലാസ്റ്റിക്ക്, കുപ്പീ, പേപ്പർ!”

അവരുടെ ഒച്ചകൾ അവിടെ അന്തരീക്ഷത്തിലലയുമ്പോൾ, പിന്നിൽനിന്നൊരു വിളി!

“ഒന്നു നിന്നേ! ങ്ങക്കിങ്ങനെ തിരക്കിട്ട് നടക്കാണ്ട്, പതുക്കെപ്പൊക്കൂടെ? കൊറച്ച് പേപ്പറുകളുണ്ട്, ശരിയായ വെല തന്നിട്ട് കൊണ്ടോക്കോ!”

ഗേറ്റ് തുറന്ന്, തട്ടം നേരയാക്കിയിട്ട് സുലേഖ അവരെ വിളിച്ച് മുറ്റത്തേക്കു കയറ്റിനിറുത്തി, അകത്തേക്കു കടന്ന്, സോഫയിലിരുന്നു മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന അഫ്സലിനോട് പതുക്കപ്പറഞ്ഞു;
”ഡാ… ഉമ്മ പഴയ പേപ്പറുകളെടുത്തുക്കൊടുക്കട്ടേ, ജ്ജ് സിറ്റൗട്ടിലോട്ടിരി. വല്ലാത്ത കാലമാണ്.”

ഹെഡ്സെറ്റുവച്ച്, ഓൺലൈനിൽ കളിക്കുന്ന അഫ്സലൽ ഒന്നും കേട്ടില്ല!

സുലേഖ പത്രക്കെട്ടുകൾ ചുമന്ന് സിറ്റൗട്ടിൽകൊണ്ടുവച്ച്, അവരോട് എത്ര രൂപവച്ച് കിട്ടുമെന്ന് ചോദിക്കുമ്പോഴും അഫ്സൽ അതൊന്നും അറിയുന്നുണ്ടായില്ല.

“അമ്മാ… കിലോ പതിനേള് റൂപാവെച്ച് തറേൻ” അങ്ങനെ പറഞ്ഞ് മാരി, കട്ടിയും ത്രാസുമെടുത്തു. നാഗലക്ഷ്മി പേപ്പർ കെട്ടുകളെടുത്ത് ത്രാസിലടക്കി, കട്ടികൾവച്ച് തൂക്കംപറഞ്ഞ്, അരയിലെ പണക്കിഴിയിൽനിന്ന് കാശെണ്ണിക്കൊടുത്തു. രണ്ടുപേരും നന്ദി പറഞ്ഞ്, ഉന്തുവണ്ടിയിൽ പേപ്പറുകളെടുത്തുവച്ചു റോഡിലേക്കുകടന്ന് ഗേറ്റടച്ചു.

അവർ കണ്ണിൽനിന്നു മറഞ്ഞപ്പോൾ സുലേഖ കൈയിലെ കാശ് എണ്ണി “നൂറ്, നൂറ്റിരുപത്, നൂറ്റിമുപ്പത്, നൂറ്റിനാല്പത്!”
വാതിലടയ്ക്കുന്നതിനു മുന്നേ സംശയമനസ്സോടെ മുറ്റത്തും പിന്നെ സിറ്റൗട്ടിലെ ചെരുപ്പുസ്റ്റാൻ്റിലുമൊക്കെയൊന്നു നോക്കിയപ്പോളാണറിഞ്ഞത്… റിയാസിക്ക കഴിഞ്ഞയാഴ്ച ഗൾഫീന്നയച്ചുതന്ന ഒട്ടകത്തിൻ്റെ തോലുകൊണ്ടുണ്ടാക്കിയ, വില കൂടിയ ഒരു ജോഡി ചെരുപ്പ് കാണുന്നില്ല! ബാക്കി ചെരുപ്പുകളൊക്കെ അവിടെത്തന്നെയുണ്ട്!
“ൻ്റ റബ്ബേ!”
സുലേഖയുടെ ഇത്തവണത്തെ ഒച്ചയിൽ അഫ്സൽ ചാടിയെഴുന്നേറ്റ്, ഹെഡ്സെറ്റ് ചെവിയിൽ നിന്നെടുത്തുകൊണ്ട് ചോദിച്ചു “എന്തുപറ്റി ഉമ്മാ?”

“ൻ്റ മോനേ… ആക്രി പെറുക്കാൻവന്ന തമിഴര് ഉമ്മാൻ്റെ പുതിയ ചെരുപ്പും കൊണ്ടുപോയീന്നാ തോന്നണേ… ഇങ്ങട്ട് വരുമ്പോ ആ പെണ്ണിൻ്റെ കാലില് ചെരുപ്പേയുണ്ടായിരുന്നില്ല. നീ വണ്ടിയെടുത്ത് കൈയോടെയവരെപ്പിടിക്ക്, വേഗം. ചെറുപ്പക്കാരയ ഒരാണും ഒരു പെണ്ണുമാണ്… തള്ളണ വണ്ടിയാണ്. ഓരെ മുൻപിവിടെ കണ്ടിട്ടില്ല അധികദൂരം എത്തിയിട്ടുണ്ടാവില്ല! വേം ഇറങ്ങടാ!”

സുലേഖ ഗേറ്റ് തുറന്ന് റോഡിലിറങ്ങിനിന്നു… അഫ്സൽ ബൈക്കെടുത്ത് പാഞ്ഞു!
ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ അവൻ തിരിച്ചെത്തി. പിന്നാലെ അവരും വണ്ടിയുന്തി മുറ്റത്തുവന്നു.

“അവരെടുത്തിട്ടില്ല എന്നാണ് പറയുന്നത്. ആ വണ്ടിയിലും ചാക്കിലുമൊന്നുമില്ല! കാലത്ത് ആ ചെരുപ്പുകൾ ഉമ്മയിവിടെക്കണ്ടിരുന്നോ?”

അഫ്സൽ ചോദിച്ചതിനുത്തരം പറയാതെ സുലേഖ ഒച്ചയിട്ട് കയർത്ത് ഉന്തുവണ്ടിയിലും നാഗലക്ഷ്മിയുടെ അരയിലുമൊക്കെ ചെരുപ്പു തപ്പുകയായിരുന്നു. അരിശം മൂത്ത് അവർ കൈയോങ്ങിക്കൊണ്ട് ചോദിച്ചു; “എവിടെയാടി പോകുന്ന വഴിയിൽ അതൊളിപ്പിച്ചത്?”

“അപ്പടിയൊന്നും സൊല്ലാതുങ്കോ അമ്മാ… അന്തമാതിരി തിരുട്ടുത്തരമാ നാങ്കെ ഒന്നുമേ സെയ്യമാട്ടേ…” അവൾ കരഞ്ഞുതൊഴുതു!

അപ്പൊഴാണ് സുലേഖ രണ്ടുമാസം മുൻപ് ഘടിപ്പിച്ച നിരീക്ഷണക്യാമറയുടെ കാര്യം ഓർത്തത്. “എടാ നീ ആ ക്യാമറകളിലെ വീഡിയോ നോക്ക് അഫ്സലേ.”

“ഉമ്മോ… അതേയ്… . ഇത് നോക്കിയേ, ഇവര് വന്ന് മുറ്റത്തു നില്‌ക്കുന്നത്. അപ്പഴും ആ ചെരുപ്പുകൾ സ്റ്റാൻ്റിലില്ല… പിന്നേ… നോക്ക്നോക്ക് ദേ ഇന്നലെ രാത്രി ഒന്നരയ്ക്ക് ഗേറ്റിനിടയിൽക്കൂടി, ഫെഡറിക്കച്ചായൻ്റെ ചെറിയ പട്ടി നൂണ്ടുകയറുന്നു! കണ്ടാ? അള്ളാ! ഈടെയത് മൂത്രം ഇറ്റിച്ച് മണത്തിട്ട്, ഒരു ചെരുപ്പെടുത്തോണ്ട് ഓടണ്! ഉമ്മാൻ്റെ കൂട്ടുകാരി റോസ്‌ലിയാൻ്റീടെ ഹസ്സല്ലേ ഫെഡറിക്കച്ചായൻ? ദേ പിന്നേം രണ്ടേഅമ്പതിന് അതു വന്ന്, ഹ ഹാ അടുത്ത ചെരുപ്പും കടിച്ചോണ്ട് ഓടണ കണ്ടാ കള്ള നായീ? ൻ്റുമ്മാ… ഇവര് പാവങ്ങളാണ്. നമ്മള് വെറുതേ…”

സുലേഖ നിറഞ്ഞ കണ്ണുകൾ തുടച്ച്, ക്ഷമ പറഞ്ഞ്, നാഗലക്ഷ്മിയെ കെട്ടിപ്പിടിച്ചു. അഫ്സൽ മാരിയെ വിളിച്ച് സിറ്റൗട്ടിലിരുത്തി. “ഉമ്മാ ഇവർക്ക് വയറ് നിറച്ച് കഴിക്കാനെന്തെങ്കിലും കൊടുക്ക്.”

സുലേഖ അകത്തേക്കുപോയിവന്ന് പത്തിരിയും മട്ടൻകറിയും കൊണ്ടുവന്നപ്പോൾ, മാരി പറഞ്ഞു;
“ഒന്നുമേ വേണാമ്മാ… ഒട്ടുമേ പശിക്കലേ, സാപ്പിട്ടു താൻ വന്തേ… നാങ്കളെ പോകാൻവിടുങ്കോ!”

By ivayana